Sorry, you need to enable JavaScript to visit this website.

ഋഷി കപൂർ: ജീവിതം ഉൽസവമാക്കിയ സൂപ്പർ ഹീറോ

ഇർഫാൻ ഖാന് പിന്നാലെ ഋഷി കപൂറും. ബോളിവുഡ് അനാഥമാവുന്നുവോ? 
ഒരു കാലഘട്ടത്തിന്റെ റൊമാന്റിക് സൂപ്പർ ഹീറോയാണ് ഋഷിയുടെ വിയോഗത്തോടെ കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്. 
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ജോലിയോടുള്ള ആത്മാർത്ഥതയുമാണ് ഋഷികപൂർ എന്ന നടന് അഭിനയ ലോകത്ത് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. സിനിമയെക്കുറിച്ചുള്ള അനുഭവ സമ്പത്തിലും അറിവിലും ഉന്നതങ്ങളിൽ വിരാജിച്ചിട്ടും എല്ലാവർക്കും മുന്നിൽ എളിമയോടെ നിലകൊള്ളാൻ കഴിഞ്ഞതാണ് ഋഷി കപൂറിനെ മറ്റു നടന്മാരിൽനിന്നും വ്യത്യസ്തനാക്കിയത്.
ബോളിവുഡിൽ യുവത്വത്തിന്റെ ആഘോഷങ്ങൾക്ക് തിരികൊളുത്തിയ ഋഷിയുടെ വേർപാട് സിനിമാലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. 


നടനും സംവിധായകനുമായ രാജ്കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച് ബോബിയിലൂടെ നായകനായി മാറിയ ഈ അഭിനേതാവ് പിന്നീട് ബോളിവുഡിൽ യുവത്വത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ബോബിയിലെ അഭിനയത്തിലൂടെ ഹിന്ദി സിനിമാ ലോകത്തിന്റെ മുടിചൂടാമന്നനായി വളർന്നു. ബോളിവുഡിലെ പ്രണയ നായകനായി നൂറോളം ചിത്രങ്ങളിൽ വേഷമിട്ട ഋഷി കപൂർ അവയിൽ നാൽപതോളം ചിത്രങ്ങൾ ബോക്‌സോഫീസ് ഹിറ്റുകളുമാക്കി. ബോബിക്കു ശേഷം ലൈലാ മജ്‌നു, സർഗം, കർസ്, പ്രേംരോഗ്, നാഗിന, ഹണിമൂൺ, ഹീന, ബോൽ രാധാ ബോൽ, യേ വാദാ രഹാ തൂ തുടങ്ങിയവയായിരുന്നു പ്രധാന ഹിറ്റുകൾ. എൺപതുകളിൽ ഋഷി കപൂർ ചിത്രങ്ങളിലെ ഗാനങ്ങൾ യുവാക്കൾ ഏറ്റുപാടി നടന്നു. അദ്ദേഹത്തിന്റെ നൃത്തവും വസ്ത്രധാരണ രീതികളും അന്നത്തെ കോളേജ് കുമാരന്മാരിൽ തരംഗമായിരുന്നു.


സ്റ്റുഡിയോകൾ മൈതാനങ്ങളാക്കിയും പാഠപുസ്തകങ്ങൾക്കു പകരം ക്യാമറാ ട്രിക്കുകൾ ചെയ്തുമുള്ള ബാല്യകാലം. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലംതൊട്ടേ നീതു സിംഗിനെ ഋഷിക്ക് പരിചയമുണ്ടായിരുന്നു. പിന്നീട് ബാലതാരമായി സിനിമയിലെത്തിയപ്പോൾ അവർ തമ്മിൽ കൂടുതൽ അടുത്തു. കൗമാരം മുതൽ തുടങ്ങിയ ആ ബന്ധം മരണം വരെ അവർ തുടർന്നു. വെള്ളിത്തിരയിൽ മാത്രമല്ല, ജീവിതത്തിലും ഭാഗ്യ ജോഡികളായിരുന്നു ഋഷിയും ഭാര്യ നീതുവും.
1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ നായകനായി വേഷമിട്ട പിതാവിന്റെ ബാല്യകാലം അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം കൈപ്പിടിയിലാക്കി. ബോബിയിൽ ഡിംപിൾ കപാഡിയക്കൊപ്പമുള്ള റൊമാന്റിക് രംഗങ്ങൾ ഏറെ ശ്രദ്ധേയമായി. ബോബിയിലെ ''ഹം തും എക് കമ്‌റേ മേം ബന്ദ് ഹോ...'' എന്ന ഗാനം എക്കാലത്തെയും ഹിറ്റായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ഈ ചിത്രത്തിലൂടെ ഋഷിയെ തേടിയെത്തിയിരുന്നു.


സൗമ്യമായ മുഖഭാവവും വശ്യമായ പുഞ്ചിരിയുമായി ബോളിവുഡിൽ തിളങ്ങിയ റൊമാന്റിക് യുഗത്തിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. പന്ത്രണ്ടോളം സിനിമകളിൽ ഋഷിയും നീതുവും നായികാനായകന്മാരായി വേഷമിട്ടിരുന്നു. രാജ്കുമാറിന്റെ മകൻ എന്ന മേൽവിലാസത്തിൽ വിരാജിച്ചിരുന്നെങ്കിലും എല്ലാവരുമായും അടുത്തിടപഴകുന്ന സ്വഭാവമായിരുന്നു ഋഷിയുടേതെന്ന് നീതു പറഞ്ഞിട്ടുണ്ട്. ആ സ്വഭാവമായിരുന്നു ഋഷിയെയും നീതുവിനെയും അടുപ്പിച്ചത്. സിനിമയിൽ ഒട്ടേറെ പ്രണയങ്ങളും പ്രണയ ഭംഗങ്ങളുമുണ്ടാകുമ്പോൾ ആശ്വാസമായത് നീതുവായിരുന്നു. ഒടുവിൽ ബരൂദ് എന്ന ചിത്രത്തിനിടയിൽ വെച്ചാണ് പ്രണയം തിരിച്ചറിയുന്നത്. വൈകാതെ അവർ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നും നിഷ്‌ക്രമിച്ച നീതു നല്ലൊരു വീട്ടമ്മയായി മരണം വരെ അദ്ദേഹത്തെ അനുഗമിച്ചു. നീതുവിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്ന് ഋഷി പറഞ്ഞിട്ടുണ്ട്.


നടനും നിർമാതാവും സംവിധായകനുമെല്ലാമായി ബോളിവുഡിൽ അനിഷേധ്യ സ്ഥാനമാണ് ഋഷി കപൂർ അലങ്കരിച്ചിരുന്നത്. രാജേഷ് ഖന്ന, ഐശ്വര്യ റായ്, അക്ഷയ് ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ അബ് ലോട്ട് ചലൻ എന്ന ചിത്രം സംവിധാനം ചെയ്തു. 2000 ൽ വേഷമിട്ട കരോബാർ ദി ബിസിനസ് ഓഫ് ലവ് ആയിരുന്നു നായകനായി വേഷമിട്ട അവസാന ചിത്രം. അതിനു ശേഷം സഹനടന്റെ റോളുകളിലേക്ക് മടങ്ങി. 2010 ൽ ദോ ദൂനി ചാർ എന്ന ചിത്രത്തിലൂടെ ഭാര്യയായ നീതുവിനോടൊപ്പം അദ്ദേഹം വീണ്ടും സ്‌ക്രീനിലെത്തി. പോയ വർഷം മലയാള സംവിധായകൻ ജിത്തു ജോസഫിന്റെ ദ ബോഡി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിൽ വേഷമിട്ടത്.
അഭിനയ ജീവിതത്തിൽ ഒട്ടേറെ അംഗീകാരങ്ങളും ഋഷിയെ തേടിയെത്തി. മികച്ച നടനും ഫിലിം ഫെയർ അവാർഡുകൾക്കും പുറമെ 2016 ൽ സ്‌ക്രീൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വലിയൊരു ആഗ്രഹം നിറവേറാതെയാണ് ഋഷി യാത്രയായിരിക്കുന്നത്. ഇന്ത്യാ പാക് വിഭജനത്തിൽ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും കുടിയേറിയ ലക്ഷോപലക്ഷം കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു ഋഷി. പാക്കിസ്ഥാനെ ശത്രുതാ മനോഭാവത്തിൽ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. 
ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരം മറന്നു കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പാക്കിസ്ഥാനിലെ പെഷാവറിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജീവിത സായന്തനത്തിലെത്തിയ തനിക്ക് മരിക്കുന്നതിനു മുൻപ് പാക്കിസ്ഥാൻ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ഋഷി പറഞ്ഞിരുന്നു. തന്റെ കുടുംബ വേരുകൾ കാണണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് അദ്ദേഹം മണ്ണിലേക്കു മടങ്ങിയിരിക്കുന്നത്.
 

Latest News