Sorry, you need to enable JavaScript to visit this website.

ഇതര സംസ്ഥാന തൊഴിലാളികളെ  ബസിൽ തിരിച്ചയക്കാനാവില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം- അതിഥി തൊഴിലാളികളെ ബസുകളിൽ സ്വദേശത്തേക്ക് തിരിച്ചയ ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുള്ള തൊഴിലാളികളുടെ കാര്യത്തിൽ അതു പ്രായോഗികമല്ല. അതുകൊണ്ടു തന്നെ നോൺസ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. 
കേരളത്തിൽ 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. അവർ 20,826 ക്യാംപുകളിലായാണ് കഴിയുന്നത്. ഇവരിൽ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുണ്ട്. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, യു.പി സ്വദേശികളാണ് ഭൂരിഭാഗവും. സ്‌പെഷ്യൽ ട്രെയിനിന്റെ കാര്യം പ്രധാനമന്ത്രിയോട് നേരത്തെ അഭ്യർഥിച്ചിരുന്നു. ഇത്രയധികം പേരെ ഇത്രയും ദൂരം ബസ് മാർഗം കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇതു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കത്തയച്ചു. ശാരീരിക അകലം പാലിച്ചു വേണം ഇവരെ കൊണ്ടുപോകാൻ. 


ട്രെയിനിലാണെങ്കിൽ റെയിൽവേയുടെ ആരോഗ്യ സംവിധാനത്തിന് പരിശോധിക്കാം. ഭക്ഷണവും വെള്ളവും ട്രെയിനിൽ തന്നെ നൽകാം. ഇതും കേരളം ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. 
അതിഥി തൊഴിലാളികളുടെ നാട്ടിലേക്ക് പോകാനുള്ള ആവശ്യം കേന്ദ്ര സർക്കാർ തത്വ ത്തിൽ അംഗീകരിച്ചിട്ടുണ്ട്. അവർക്ക് യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങുന്നുവെന്നു വേണം കരുതാൻ. പോകാൻ താൽപര്യമുള്ളവർ കാണിക്കാൻ സാധ്യതയുള്ള ധൃതി, ഇതുമൂലം ഉള്ള സംഘർഷം എന്നിവ തടയണം. അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ തിരിച്ചു നാട്ടിലെത്തിക്കാൻ നമ്മൾ ഒരുക്കവുമാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമങ്ങളുണ്ടായി. അതു നിർഭാഗ്യകരമാണ്. തിരക്കു കൂട്ടാനും ലോക്ഡൗൺ ലംഘിക്കാനും അതിഥി തൊഴിലാളികളെ അനുവദിക്കരുത്. അതിനു പോലീസിന് കർശന നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങളായിട്ടുണ്ട്. മുൻഗണനാ ക്രമം അനുസരിച്ചാണ് പ്രവാസികളെ നാട്ടിലെത്തി ക്കുന്നത്. അതിനിടെ വിദേശത്ത് വീടും സ്ഥിരതാമസവുമാക്കിയവർ നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. നാട്ടിലെ ബന്ധുക്കളെ സന്ദർശിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ ഇങ്ങോട്ട് വരണമെന്ന് പറയുന്നത്. ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്. 
ബന്ധുക്കളെ സന്ദർശിക്കൽ പിന്നൊരിക്കലാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം മൂന്നര ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് തിരിച്ചെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തത്. കൂടുതൽ പേർ ഗൾഫിൽ നിന്നാണ് രജിസ്റ്റർ ചെയ് തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 

Latest News