Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര സർക്കാറിന്റെ ഭാവി

മധ്യപ്രദേശിലെ രാജകുമാരൻ കോൺഗ്രസിനെ ഉപേക്ഷിച്ചിട്ട് കാലമേറെയായിട്ടില്ല. പതിവു പോലെ എം.എൽ.എമാരുടെ റിസോർട്ട് വാസത്തിന് ശേഷം സംസ്ഥാനത്തെ കോൺഗ്രസ് ഭരണം വീണു. കമൽനാഥിന്റെ സ്ഥാനത്ത് ബി.ജെ.പിയുടെ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തി. രാജ്യം കൊറോണ ഭീഷണി നേരിടുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ മധ്യപ്രദേശ് ഓപറേഷന്റെ തിരക്കിലായിരുന്നുവെന്ന് വിമർശിക്കുന്നവരുണ്ട്. തുടർച്ചയായി ബി.ജെ.പി ഭരിച്ച ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനമാണ് എതിരാളികൾ കൊണ്ടുപോയത്. താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു ഇത്. ഏത് വിധേനയും തിരിച്ചു പിടിക്കാൻ കേന്ദ്രം ചരടു വലിക്കാൻ തുടങ്ങിയപ്പോഴതാ ഗ്വാളിയോറിലെ കുമാരൻ തന്നെ യഥാർഥ അഭയ കേന്ദ്രം കണ്ടെത്തി തിരിച്ചെത്തിയിരിക്കുന്നു. വടക്കേ ഇന്ത്യയിൽ സംഘ പരിവാറിന്റെ ശക്തിദുർഗം തിരിച്ചു പിടിച്ചപ്പോൾ കേന്ദ്രം ഭരിക്കുന്നവർക്ക് ഇരട്ടി മധുരം. 


കേന്ദ്രത്തിൽ രണ്ടാമതും ഭരണം ലഭിച്ച മോഡി സർക്കാറിനേറ്റ വലിയ ആഘാതം മധ്യപ്രദേശല്ല, അത് മഹാരാഷ്ട്രയാണ്. ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് രണ്ടാമൂഴം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയത് ശിവസേനയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് ചില പാതിരാ നാടകങ്ങൾ മുംബൈയിൽ അരങ്ങേറി.  ഇന്ത്യക്കാരെല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഭൂരിപക്ഷമില്ലാതെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റ് നാണക്കേടിലായി. തുടർന്ന് കോൺഗ്രസും എൻ.സി.പിയും പിന്തുണച്ചപ്പോൾ നവംബർ 28 ന് ശിവസേനയുടെ ഉദ്ധവ് താക്കറെ അധികാരമേറ്റു. എം.എൽ.എ പോലുമല്ലാതെയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ആറ് മാസത്തിനിടക്ക് നിയമസഭയിലെ അംഗമായാൽ മതി. ഈ കാലവധി മെയ് 24 ന് അവസാനിക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. 
സംസ്ഥാന ഗവർണർക്ക് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അംഗത്തെ ശുപാർശ  ചെയ്യാൻ പ്രത്യേക അധികാരമുണ്ട്. ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനത്തിന് പുറത്താണ് ഉദ്ധവ് താക്കറെ സർക്കാറിന്റെ ഭാവി. ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണ്. 


മഹാരാഷ്ട്രയിലെ ശിവസേനാ സർക്കാറിന് ആറ് മാസത്തെ ആയുസ്സേ ആയുള്ളൂവെങ്കിലും മതേതരത്വ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നു. ഇന്ത്യയിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ശക്തമായ വേദിയായിരുന്നു മുംബൈ. മഹാരാഷ്ട്രയിൽ നിന്ന് ഇന്ത്യക്കാരായ ആർക്കും പുറത്തു പോകേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പ്രക്ഷോഭ വേളയിൽ പ്രഖ്യാപിച്ചു. മുസ്‌ലിം ജീവനക്കാരനിൽ നിന്ന് ഡെലിവറി സ്വീകരിക്കാൻ വിസമ്മതിച്ച ആൾക്കെതിരെ കേസെടുത്തു. സന്ന്യാസിമാരെ ആൾക്കൂട്ടം തല്ലിക്കൊന്നപ്പോൾ ദേശീയ തലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വ്യാപക പ്രചാരണമാണ് അരങ്ങേറിയത്. നൂറ്റമ്പത് പ്രതികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി അതിൽ ഒരു മുസ്‌ലിം വിഭാഗക്കാരനുമില്ലെന്ന് വ്യക്തമാക്കിയത് മഹാരാഷ്ട്രാ സർക്കാറാണ്. മോഡി സർക്കാറിന്റെ ഉച്ചഭാഷിണിയായ മാധ്യമ പ്രവർത്തകനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതും മഹാരാഷ്ട്രാ പോലീസാണ്. 
ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദ്ധവ് താക്കറെയെ രക്ഷിക്കാൻ ശിവസേനക്കൊപ്പം കോൺഗ്രസും എൻ.സി.പിയും കൈ കോർത്തിരിക്കുകയാണ്. ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്.  ഉദ്ധവ് താക്കറേക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. സർക്കാർ വീഴാതിരിക്കാൻ ഏതറ്റം വരെയും പോകാൻ കച്ച കെട്ടിയിരിക്കുകയാണ് മഹാവികാസ് അഘാഡി. 


മുഖ്യമന്ത്രി പദവി തുലാസിൽ തൂങ്ങുമ്പോഴും ഉദ്ധവ് താക്കറെ ഇതുവരെ  പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി എൻ.സി.പി നേതാവ് ശരത് പവാർ, കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറട്ട്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവരുമായി ഉദ്ധവ് താക്കറെ ചർച്ച നടത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതുമായി ബന്ധപ്പെട്ടായിരുന്നു നേതാക്കൾ തമ്മിൽ നിർണായക ചർച്ച നടത്തിയത്. അജിത് പവാറിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം രാജ്ഭവനിൽ എത്തിയാണ്  ഗവർണറെ കണ്ടത്.  എൻ.സി.പിയിൽ നിന്നും ജയന്ത് പാട്ടീൽ, ശിവസേനയിൽ നിന്നും എകനാഥ് ഷിൻഡേ, അനിൽ പരഭ്, കോൺഗ്രസിൽ നിന്നും ബാലാസാഹേബ് തോറട്ട്, അസ്‌ലം ഷെയ്ഖ് എന്നിവരാണ് ഗവർണറെ കണ്ടത്. താക്കറെയെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാനുളള പുതുക്കിയ ശുപാർശ മന്ത്രിമാർ ഗവർണർക്ക് കൈമാറുകയും ചെയ്തു.  എത്രയും വേഗത്തിൽ തീരുമാനം എടുക്കണമെന്നു ഗവർണറോട് മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ ഒരുറപ്പും മന്ത്രിമാർക്കു നൽകിയിട്ടില്ല. ഏപ്രിൽ 9 ന് മഹാരാഷ്ട്ര സർക്കാർ ഗവർണർക്ക് ആദ്യ ശുപാർശ സമർപ്പിച്ചിരുന്നു. എന്നാൽ ഈ ശുപാർശയിൽ ഗവർണർ ഒരു നടപടിയുമെടുത്തില്ല. സാങ്കേതിക കാരണങ്ങളാണ് നടപടി വൈകുന്നതിന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. സർക്കാറിന്റെ ആദ്യത്തെ ശുപാർശ നിയമ വിരുദ്ധമാണ് എന്നാണ് ആരോപണം. അജിത് പവാർ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം ഗവർണറെ അറിയിച്ചിരുന്നുമില്ല എന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ ഗവർണർ വിദഗ്ധ നിയമോപദേശം തേടിയിരുന്നു.


ഉദ്ധവ് താക്കറെയുടെ വിഷയം മന്ത്രിസഭയുടെ ഔദ്യോഗിക അജണ്ടയിലും ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ ശുപാർശയിൽ നടപടിയെടുക്കാതിരുന്നത്. അതിനിടെ ഉദ്ധവിനെ ലെജിസ്ലേറ്റീവ് കൗൺസിലിൽ എത്തിക്കാനുളള സർക്കാറിന്റെ ശുപാർശ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തീരുമാനമെടുക്കാനുളള അധികാരം ഗവർണർക്കാണെന്നാണ് കോടതി ഉത്തരവിട്ടത്. ലെജിസ്ലേറ്റീവ് കൗൺസിലിലെ രണ്ട് സീറ്റുകളിലാണ് ഒഴിവുളളത്. ജൂൺ 10 നാണ് ഈ സീറ്റുകളുടെ കാലാവധി അവസാനിക്കുന്നത്. 
ഈ കുറഞ്ഞ സമയത്തിനുളളിൽ ഉദ്ധവിനെ നാമനിർദേശം ചെയ്യുന്നത് ശരിയാണോ എന്നും നേരത്തേ സർക്കാർ നിർദേശിച്ച രണ്ട് പേരുകൾ ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഉദ്ധവിന്റെ പേര് ശുപാർശ ചെയ്യേണ്ടതുണ്ടോ എന്നുമാണ് ഗവർണർ കോഷിയാരി നിയമ വിദഗ്ധർക്ക് മുന്നിൽ ഉന്നയിച്ച ചോദ്യം. 


ഗവർണർ ഉദ്ധവിനെ നോമിനേറ്റ് ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ മറ്റു വഴികൾ മഹാവികാസ് അഘാഡി ആലോചിക്കുന്നുണ്ട്. ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. അതല്ലെങ്കിൽ ഉദ്ധവ് മുഖ്യമന്ത്രി പദവി രാജി വെച്ചതിന് ശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മെയ് 28 നാണ് ഉദ്ധവ് മുഖ്യമന്ത്രിക്കസേരയിൽ ആറ് മാസം തികയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിനെ കുറിച്ചും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുളള തെരഞ്ഞെടുപ്പ് നേരത്തേ നടത്തണം എന്നാണ് സർക്കാർ ആവശ്യപ്പെടുക. ഏപ്രിൽ 24 നായിരുന്നു 9 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടി വെച്ചിരിക്കുകയാണ്. 
നാമനിർദേശം ചെയ്യുന്നതിൽ നിയമപരമായ പ്രശ്‌നവും നിലനിൽക്കുന്നുണ്ട്. ഒഴിവായ അംഗത്തിന്റെ കാലാവധി ഒരു വർഷത്തിൽ കുറവാണെങ്കിൽ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പും നാമനിർദേശവും നടത്താൻ കഴിയില്ല. കൗൺസിലിലെ രണ്ട് ഒഴിവുകളുടെയും കാലാവധി ജൂൺ ആറു വരെയേയുള്ളൂ.  ആർട്ടിക്കിൾ 171 പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ളവർക്കായി നീക്കിവെച്ചിട്ടുള്ളതാണ് ഈ ഒഴിവുകൾ.


എല്ലാവരും ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ വാക്കിനായാണ് കാത്തിരിക്കുന്നത്. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ടത് ഗവർണറാണ്. മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഭാഗത്തു നിന്നും തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തീരുമാനം വൈകുന്നത് ബി.ജെ.പിയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു ശിവസേനയുടെ ഭാഗത്തു നിന്നും വിമർശനമുയർന്നിട്ടുണ്ട്. 
കേന്ദ്ര സർക്കാർ നിലപാടും ഇക്കാര്യത്തിൽ  നിർണായകമാകും. വൈറസ് കാലത്തും ബി.ജെ.പി രാഷ്ട്രീയ പക വീട്ടിയാൽ ഉദ്ധവിന് പകരം മകൻ ആദിത്യ താക്കറെ ആയിരിക്കും മുഖ്യമന്ത്രിയാവുക. ആദിത്യയുടെ നേതൃത്വം കോൺഗ്രസും എൻ.സി.പിയും അംഗീകരിച്ചില്ലെങ്കിൽ സർക്കാർ തന്നെ വീഴാനും സാധ്യതയുണ്ട്. ആദിത്യയെ സഖ്യകക്ഷികൾ അംഗീകരിക്കാതിരുന്നതിനാലാണ് ഉദ്ധവിന് നറുക്ക് വീണിരുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം ഉൾപ്പെട്ട സംസ്ഥാനമായതിനാൽ കേന്ദ്രത്തിന് പ്രത്യേക താൽപര്യവും ഈ സംസ്ഥാനത്തോടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 
വൈറസ് പടരുമ്പോഴും ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് മഹാരാഷ്ട്രയിൽ  നടക്കുന്നത്. ഉദ്ധവ് ഇല്ലാത്ത സർക്കാറിന് അൽപായുസ്സേ ഉണ്ടാകൂ എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 

Latest News