Sorry, you need to enable JavaScript to visit this website.

സേവനരംഗത്ത് തീരാനഷ്ടം; പി.കെ. അബ്ദുല്‍ കരീം ഹാജിക്ക് വിട

അബുദാബി- കഴിഞ്ഞ ദിവസം നിര്യാതനായ തിരുവത്ര പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ ചാവക്കാട് തിരുവത്ര സ്വദേശിയായ പാലപ്പെട്ടി അബ്ദുല്‍ കരീം ഹാജി നാലുപതിറ്റാണ്ടിലേറെയായി അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗ ത്ത് നിറസാന്നിധ്യമായിരുന്നു.അബുദാബി കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എംഐസി എന്നീ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
സംസ്ഥാന കെഎംസിസി പ്രസിഡണ്ട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട്,ട്രഷറര്‍, എംഐസി പ്രസിഡണ്ട്, അബുദാ ബി തിരുവത്ര മഹല്ല് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. പാണക്കാട് കുടുംബവുമായും സമസ്ത നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാലിക്ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ പ്രവര്‍ത്തന പാതയില്‍ പ്രധാന പങ്കു വഹിച്ചു.  നേരത്തെ യുഎഇ മിലിറ്ററിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് വാണിജ്യരംഗത്ത് സജീവമാവുകയായിരുന്നു. അബുദാബിയില്‍ ഈസി വേ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമയാണ്. സുബൈദയാണ് ഭാര്യ. അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മക്കളും മൊയ്തീന്‍കുഞ്ഞിഹാജി, അബ്ദുല്‍ റസാഖ് എന്നിവര്‍ സഹോദരങ്ങളുമാണ്.  
അബ്ദുല്‍കരീം ഹാജിയുടെ വിയോഗം മതസാമൂഹിക സാംസ്‌കാരിക രംഗത്തെ തീരാ നഷ്ടമാണെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
45 വര്‍ഷത്തിലധികമായി പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന കരീംഹാജിയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്ന് അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം പിഎം റഷീദ്, എന്നിവര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഇ പി ഖമറുദ്ധീന്‍,തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡണ്ട് കോയ തിരുവത്ര, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് വിഎം മുനീര്‍, ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. കരീംഹാജിയുടെ വിയോഗത്തിലൂടെ പഴയ കാല തലമുറയിലെ പ്രധാന കണ്ണിയാണ് നഷ്ടമായതെന്ന് കെഎംസിസി മുന്‍സംസ്ഥാന സെക്രട്ടറി റസാഖ് ഒരുമനയൂര്‍ പറഞ്ഞു. കെഎംസിസി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്, വയനാട്, പാലക്കാട്, തെക്കന്‍ മേഖല കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി
സേവന രംഗത്ത് മാതൃകാ ജീവിതം നയിച്ച നേതാവായിരുന്നു പി കെ അബ്ദുല്‍ കരീം ഹാജിയെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മതസാമൂഹിക സാംസ്‌കാരിക രംഗത്ത് അരനൂറ്റാണ്ടു കാലത്തോളം നിറഞ്ഞുനിന്ന പികെ അബ്ദുല്‍കരീം ഹാജിയുടെ വിയോഗം ഏറെ ദു:ഖത്തോടെയാണ് ശ്രവിച്ചത്. നിരവധി വര്‍ഷങ്ങളായി അടുത്തിടപഴകാനും ഏറെ ബഹുമാനം കാത്തുസൂക്ഷിക്കാനും കഴിഞ്ഞിട്ടുള്ള കരീംഹാജി ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ഹുബ്ബുറസൂല്‍ സദസ്സുകളില്‍ നബിതിരുമേനിയുടെ മാഹാത്മ്യത്തില്‍ മുഴുകി കണ്ണുനീര്‍ വാര്‍ക്കുന്ന കരീം ഹാജിയാണ് തന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് അദ്ദേഹം സ്മരിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ ദേശവ്യത്യാസമില്ലാതെ നാടിന് മറക്കാനാവാത്തതാണ്. തന്റെ വ്യ്ക്തിസ്പര്‍ശം കൊണ്ട് വിവിധ മേഖലകളെ അദ്ദേഹം സമ്പന്നമാക്കി. വിസ്മരിക്കാനാവാത്ത സേവനങ്ങള്‍ കാഴ്ച വെച്ചാണ് അദ്ദേഹം അന്ത്യയാത്ര പോയത്. ജീവിതത്തില്‍ മാതൃക നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനരഗത്ത് കര്‍മ്മനിരതനായത്. നിസ്വാര്‍ത്ഥ ശൈലിയിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ ഇടം നേടിയതെന്ന് സമദാനി അനുസ്മരിച്ചു.

 

 

Latest News