കോട്ടയം - കോവിഡ് ലോക്ഡൗണിൽ കുടുങ്ങി മണ്ഡലത്തിലേക്ക് പോകാനാവാതെ കോൺഗ്രസ് എം.എൽ.എ. യാത്രാനുമതി നിഷേധിച്ച ഡി.ജി.പിയുടെ നടപടിക്കെതിരെ ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ മന്ത്രി കെ.സി ജോസഫ് പ്രതിഷേധിച്ചു. കോട്ടയം ജന്മദേശമായ കെ.സി ജോസഫ് കണ്ണൂരിലേക്ക് പോകാൻ യാത്രാനുമതി തേടിയപ്പോൾ ഡി.ജി.പി നിഷേധിക്കുകയായിരുന്നു. ഡി.ജി.പിയുടെ നടപടി നിയമസഭാംഗത്വത്തിന്റെ അവകാശ ലംഘനമാണെന്ന് കെ.സി ജോസഫ് ആരോപിച്ചു.
ഡി.ജി.പിയുടെ നടപടി വിവേചനപരവും നിയമസഭാ അംഗത്തിന്റെ അവകാശത്തിൻമേലുള്ള ലംഘനവുമാണ്. റെഡ് സോണിലേക്ക് പോകാൻ ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പ്രകാരം അനുമതി നൽകാൻ കഴിയില്ലെന്നാണ് ഡി.ജി.പി പറയുന്നത്. അങ്ങനെയെങ്കിൽ റെഡ് സോണായ കണ്ണൂരിൽ നിന്നും ഓറഞ്ച് സോണായ തിരുവനന്തപുരത്തേക്ക് മന്ത്രിമാർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ഏത് നിയമ പ്രകാരമാണെന്ന് ഡി.ജി.പി വ്യക്തമാക്കണം. കോവിഡിന്റെ പേരിൽ പലയിടത്തും അനാവശ്യ നിയന്ത്രണങ്ങളാണ് പോലീസ് അടിച്ചേൽപിക്കുന്നതെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.
കോവിഡ് വൈറസ് സംശയിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് തന്നെയും സന്ദർശിച്ചുവെന്ന് ഫേസ്ബുക്കിൽ കുറിച്ച ശേഷം കെ.സി ജോസഫ് മാർച്ച് 17 മുതൽ സ്വയം സമ്പർക്ക വിലക്കിലായിരുന്നു. മാർച്ച് 11 നാണ് ഇടുക്കിയിലെ നേതാവ് കെ.സി ജോസഫിനെ കണ്ടത്. തന്റെ ക്വാറന്റൈൻ നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടും ഇങ്ങനെ യാത്രാനുമതി നിഷേധിച്ചത് വിവേചനപരമാണെന്നാണ് എം.എൽ.എയുടെ നിലപാട്. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവാണ് കെ.സി.ജോസഫ്. കോട്ടയം ഡി.സി.സി മുൻ പ്രസിഡന്റായ അദ്ദേഹം നഗരത്തിലെ കഞ്ഞിക്കുഴിയിലാണ് താമസിക്കുന്നത്.