അബുദാബി- രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ച മലയാളിയായ മാനേക്കുടി മാത്യു വര്‍ക്കി എന്നയാളെ ഇതുവരെ കണ്ടെത്തനായില്ല. ഇദ്ദേഹം നല്‍കിയിരുന്ന നമ്പറില്‍ അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാള്‍ കണ്ടുകിട്ടാത്ത സംഭവം. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണം എന്നതാണ് നിയമം.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചത്. 500 ദിര്‍ഹം വിലയുള്ള ബിഗ് ടിക്കറ്റ് വാങ്ങുമ്പോള്‍ പേരും ഫോണ്‍ നമ്പറും പോസ്റ്റ് ബോക്‌സ് നമ്പറും മാത്രമേ നല്‍കാറുള്ളൂ. അല്‍ഐനിലെ പോസ്റ്റ് ബോക്‌സ് നമ്പറാണ് മാത്യു വര്‍ക്കി നല്‍കിയിട്ടുള്ളത്. എന്നാല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹം ഓഗസ്റ്റ് 24 ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. കൃത്യസമയത്ത് ജേതാവ് ടിക്കറ്റ് സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അത് അയോഗ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇതുവരെ 178 കോടിപതികളുണ്ടായിട്ടുണ്ട്. ഒട്ടേറെ ഇന്ത്യക്കാര്‍ കോടിപതികളായി. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാന്‍. അതിന് മുന്‍പ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളക്ക് 18 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു.