റിയാദ് - ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കും വധശിക്ഷ നടപ്പാക്കില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കുട്ടിക്കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരടക്കം കുറ്റകൃത്യം ചെയ്യുമ്പോള്‍ പതിനെട്ടു വയസ് പൂര്‍ത്തിയാകാത്ത എല്ലാവര്‍ക്കും ഇത് ബാധകമാണ്. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം നടത്തുകയാണെങ്കില്‍ അവരെ പത്തു വര്‍ഷത്തില്‍ കവിയാത്ത കാലം ജുവനൈല്‍ ഹോമുകളില്‍ അടക്കുകയാണ് പുതിയ തീരുമാന പ്രകാരം ചെയ്യുക.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കേസുകള്‍ക്ക് ഏറെ ശ്രദ്ധയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് 2018 ല്‍ കൗമാര നിയമം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള പുതിയ രാജകല്‍പനയുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.