തിരുവനന്തപുരം- ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിന് കത്തുനല്‍കി. തിങ്കളാഴ്ചയാണ് ധനവകുപ്പിന് രജിസ്ട്രാര്‍ കത്ത് നല്‍കിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണ് കത്ത് പുറത്തുവരുന്നത്.
ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരായതിനാല്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇത് ഭരണഘടനാപരമായി തെറ്റാണെന്ന് കത്തില്‍ പറയുന്നത്.
ശമ്പളം പിടിച്ചുവയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നിയമ തടസ്സം മറികടക്കാന്‍ സര്‍ക്കാര്‍ ഇന്ന് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമാണ് അനുമതി നല്‍കിയത്. ഇതുപ്രകാരം 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഓര്‍ഡിനന്സ് പ്രാഭല്യത്തില്‍ വരികയുള്ളൂ. അതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം ഇത്തവണത്തെ ശമ്പള വിതരണത്തേയും ബാധിച്ചേക്കും.