കോട്ടയം- റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് നടപടി. അതേസമയം, കോട്ടയത്ത് നിലവിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് പുറമെ മേലുകാവ് പഞ്ചായത്തും തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു.ഗ്രീന്‍സോണിലായിരുന്ന കോട്ടയത്തും ഇടുക്കിയിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവുണ്ടായത്. ഇതോടെ രോഗം കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നുമുള്ള ആവശ്യവും ശക്തമായി. റെഡ് സോണിലായ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തികള്‍ സമീപ ജില്ലകള്‍ അടച്ചു.ഏഴ് ദിവസം മുന്‍പ് വരെ ഇരുജില്ലകളിലും ഒരു കൊവിഡ് രോഗി പേലും ഉണ്ടായിരുന്നില്ല. നിരീക്ഷണത്തില്‍ അല്ലാതിരുന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളി ഉള്‍പ്പെടെ നാല് പേര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് കണ്ടെത്താനുള്ള പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും സ്രവപരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നും ആവശ്യം ഉയരുന്നത്.