Sorry, you need to enable JavaScript to visit this website.

നിയന്ത്രണങ്ങൾ നീങ്ങി; ദുബായിൽ നിന്ന്  കരിപ്പൂരിലെത്തിയത് ഏഴ് പ്രവാസി മൃതദേഹങ്ങൾ

കരിപ്പൂരിലെത്തിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നു.

കൊണ്ടോട്ടി- കാർഗോ വിമാനങ്ങളിൽ പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള വിലക്ക് നീക്കിയതോടെ ദുബായിൽ നിന്ന് കരിപ്പൂരിലെത്തിച്ചത് അഞ്ച് മലയാളികളുടേതടക്കം ഏഴ് പ്രാവസികളുടെ മൃതദേഹങ്ങൾ. ഇന്നലെ ദുബായിൽ നിന്ന് കാർഗോ ഉൽപന്നങ്ങൾ കൊണ്ടുപോകാനെത്തിയ ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഏഴ് മൃതദേഹങ്ങൾ ഒന്നിച്ചെത്തിച്ചത്. 
കണ്ണൂർ പുന്നക്കൽ കിളിയന്തറ പുന്നക്കാട് ഡേവിഡ് ഷാനി, തൃശൂർ അയമുക്ക് ചിറവനല്ലൂർ സത്യൻ, കൊല്ലം പള്ളിച്ചിറ നടവില്ലാക്കര യോഹന്നാൻ, പത്തനംതിട്ട കോട്ടൂർ സിജോ ജോയ്, പത്തനംതിട്ട നാരിയരപുരം കോശി മാത്യു, ഗോവ സ്വദേശി ഹെൻട്രിക് ഡിസൂസ (51), തൃശ്ശിനാപ്പള്ളി ശിവഗംഗ പള്ളാർ ശ്രീനിവാസൻ മുത്തുക്കുറുപ്പൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഒരേ വിമാനത്തിലെത്തിച്ചത്. അസുഖം, അപകടം എന്നീ കാരണങ്ങളാലാണ് ഏഴ് പേരും മരിച്ചത്. 
കണ്ണൂർ സ്വദേശിയായ ഡേവിഡ് ഷാനി പതിനൊന്ന് വയസ്സുള്ള കുട്ടിയാണ്. മാതാപിതാക്കൾക്ക് ദുബായിൽ നിന്ന് വിമാനമില്ലാത്തതിനാൽ നാട്ടിലെത്താനായിട്ടില്ല. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും ആംബുലൻസുകളുമായി ഉച്ചക്ക് 12 മണിയോടെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം 12.30 ഓടെ എത്തിയെങ്കിലും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ കൈമാറിയത്.


അഫ്ഗാനിസ്ഥാനിൽ ടെക്നീഷ്യനായിരുന്ന ദക്ഷിണ ഗോവ സ്വദേശി ഹെൻട്രിക് ഡിസൂസയുടെ (51) മൃതദേഹമാണ് ഇന്നലെ എത്തിച്ചതിൽ ഏറ്റവും പഴക്കമേറിയത്. മാർച്ച് 25ന് ഹൃദായാഘാതം മൂലം മരിച്ച ഡിസൂസയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യവെ രോഗം ബാധിച്ച ഡിസൂസ ദുബായിൽ വിദഗ്ധ ചികിൽസക്കെത്തിയപ്പോഴാണ് മരിച്ചത്. കോവിഡ് മൂലം വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞു. തുടർന്ന് ജോലി ചെയ്ത സ്ഥാപനത്തിലുള്ള മലയാളികൾ പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയെ ബന്ധപ്പെടുകയും അദ്ദേഹം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ വഴിയൊരുക്കുകയുമായിരുന്നു.


മൃതദേഹം റോഡ് മാർഗം ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് കേരള, കർണാടക, ഗോവ ഡി.ജി.പിമാരുടെ അനുമതിയും കുഞ്ഞാലിക്കുട്ടി വാങ്ങി നൽകി. ഗോവയിൽ മൃതദേഹം ഇറക്കാൻ കഴിയാത്തതിനാലാണ് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ കൊണ്ടുവന്നത്.
വിദേശ രാജ്യങ്ങളിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്ക് നീക്കിയതോടെയാണ് ഏഴ് മൃതദേഹങ്ങളും എത്തിക്കാനായത്. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ 50 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇനിയും നാട്ടിലെത്തിക്കാനുണ്ട്. 

 


 

Latest News