പ്രവാസമെന്ന പ്രതിഭാസത്തിന്റെ ചരിത്രത്തിൽ ഒരു നാഴികകല്ലു കൂടി പിറക്കാനൊരുങ്ങുകയാണ്. ലോകത്തെയാകെ ഗ്രസിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീതിക്കിടയിൽ വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് താൽക്കാലികമായൊരു കൂട്ടപ്പലായനത്തിന് സമയമായിരിക്കുന്നു.എല്ലാ രാജ്യങ്ങളിലും കോവിഡ് പടർന്നു പിടിക്കുമ്പോൾ ജന്മനാടിന്റെ കരുതലിലേക്കും ആശ്വാസത്തിലേക്കും വേഗത്തിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരാണ് പ്രവാസികളിൽ ഏറെ പേരും. കുറച്ചു വർഷങ്ങൾ വിദേശത്ത് തൊഴിൽ ചെയ്ത് കുടുംബത്തിനും ജന്മനാടിനും അഭിവൃദ്ധിയുണ്ടാക്കാനായി കടൽ കടന്നവർ ഇപ്പോൾ അപ്രതീക്ഷിതമായൊരു തിരിച്ചുപോക്കിനായി കാത്തിരിക്കുന്നു. പല കോണുകളിൽ നിന്നുള്ള മുറവിളിക്ക് ശേഷം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നു. തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പിന്റെയും നാട്ടിൽ അവർക്ക് താമസമൊരുക്കുന്നതിന്റെയും തിരക്കിലാണ് സംസ്ഥാന സർക്കാരും. തിരിച്ചുപോക്ക് എന്ന് തുടങ്ങുമെന്ന് മാത്രം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
ഗൾഫ് മേഖലയിലെ പ്രവാസികളെയാകും ആദ്യം നാട്ടിലെത്തിക്കുകയെന്നാണ് സർക്കാർ തീരുമാനം. ഗൾഫ് രാജ്യങ്ങളിൽ ഏറെ പേരുള്ള മലബാർ മേഖലയിലേക്കാകും കൂടുതൽ പേർ ആദ്യമെത്തുകയെന്നാണ് കണക്കാക്കുന്നത്. ഇവരെ സ്വീകരിക്കാൻ സർക്കാർ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലകൾ തോറും കോവിഡ് കെയർ സെന്ററുകൾ ഒരുക്കി ഓരോ പ്രവാസിക്കും വ്യക്തിഗതമായ ആരോഗ്യപരിചരണം ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകം തരംതിരിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളുണ്ട്. ഇതിനായി സർക്കാർ ആശുപത്രികൾ, സ്വകാര്യആശുപത്രികൾ,സ്‌കൂളുകൾ,ഹോട്ടലുകൾ,റിസോർട്ടുകൾ,ആയുർവേദ നഴ്‌സിംഗ്‌ഹോമുകൾ,ഓഡിറ്റോറിയങ്ങൾ, സ്‌റ്റേഡിയങ്ങൾ,ഹോസ്റ്റലുകൾ തുടങ്ങി ലഭ്യമായ സൗകര്യങ്ങളെല്ലാം സർക്കാർ ഒരുക്കി കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ രണ്ടര ലക്ഷത്തോളം പേർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള പൊതു സംവിധാനങ്ങളാണ് ഒരുക്കപ്പെട്ടിരിക്കുന്നത്.
തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നോർക്കയുടെ വെബ്‌സൈറ്റിൽ പുരോഗമിക്കുകയാണ്.ആദ്യഘട്ടത്തിൽ ആരെല്ലാമാണ് തിരിച്ചുവരേണ്ടതെന്നത് സംബന്ധിച്ച് സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ,പ്രായമായവർ,ഗർഭിണികൾ,കുട്ടികൾ എന്നിവർക്കാണ് മുൻഗണന. ലേബർ ക്യാമ്പുകളിൽ കഴിയുന്നവരെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുന്നത്.
താമസിക്കുന്ന രാജ്യങ്ങളിൽ നിന്ന് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നവരെയാണ് നാട്ടിലെത്തിക്കുക. ഫലം പോസിറ്റീവ് ആണെങ്കിൽ അതത് രാജ്യങ്ങളിൽ ചികിൽസയിൽ തുടരണം. നാട്ടിലെത്തുന്നവർക്ക് എയർപോർട്ടുകളിൽ തെർമൽ സ്‌ക്രീനിംഗ് ഉണ്ടാകും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ആംബുലൻസുകളിൽ സ്വന്തം വീടുകളിലേക്ക് അയക്കും. ഇതിനായി സംസ്ഥാനത്തൊട്ടാകെ ആംബുലൻസുകളടക്കം 1500 വാഹനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രാമധ്യേ വഴിയിൽ ഇറങ്ങുവാനോ വീട്ടിലെത്തിയാൽ പുറത്തിറങ്ങാനോ പാടില്ല.
പ്രവാസികൾ വീടുകളിൽ എത്തുന്നതിന് മുമ്പ് അവരുടെ വീടുകളിൽ ആരോഗ്യപ്രവർത്തകർ പരിശോധന നടത്തും. വിശ്രമിക്കാൻ ആവശ്യമായ സ്ഥലമുണ്ടെന്നും പ്രായമായവർ ഇല്ലെന്നും ഉറപ്പു വരുത്താനാണ് ഈ പരിശോധന. ആരോഗ്യകരമായ അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയാൽ പ്രവാസികളെ വീടുകൾക്ക് പകരം പൊതുനിരീക്ഷണ കേന്ദ്രങ്ങളിൽ എല്ലാ പ്രാഥമിക സൗകര്യങ്ങളോടെയും താമസിപ്പിക്കും. എയർപോർട്ടുകളിലെ തെർമൽ പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ വീടുകളിലേക്ക് അയക്കുന്നതിന് പകരം പൊതുനിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കും. 28 ദിവസമാണ് നിരീക്ഷണ കാലാവധി. പ്രവാസികൾ നിരക്ഷണത്തിൽ കഴിയുന്നത് വീട്ടിലായാലും നിരീക്ഷണ കേന്ദ്രങ്ങളിലായാലും ആരോഗ്യ പ്രവർത്തകരുടെ നിരന്തര നിരീക്ഷണവും സഹായവും ഉണ്ടാകും.
ജന്മനാട്ടിലേക്കാണെങ്കിലും ഈ യാത്ര പ്രവാസികൾക്ക് സാധാരണത്തേതു പോലെ സന്തോഷം നിറഞ്ഞതാകില്ല.
സാധാരണ നിലയിൽ ഒരു മാസത്തെ അവധിയിൽ നാട്ടിലെത്തുന്നയാൾ കുടുംബവുമൊത്ത് യാത്ര ചെയ്തും ബന്ധുവീടുകൾ സന്ദർശിച്ചും സ്വയം സന്തോഷിച്ചും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ സന്തോഷിപ്പിച്ചുമാകും തിരിച്ചു പോകുന്നത്. എന്നാൽ ഇത്തവണ 28 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഒട്ടേറെ വിലക്കുകൾക്ക് വിധേയനായി കഴിയേണ്ടി വരും. എങ്കിലും സ്വന്തം നാട്ടിൽ നിന്ന് ലഭിക്കുന്ന കരുതലും പരിചരണവും രോഗത്തെ കുറിച്ചുള്ള ആശങ്കകളിൽ നിന്ന് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകും.
പ്രവാസികളെ കോവിഡിൽ നിന്ന് രക്ഷിക്കുന്നതിനും ആശങ്കകളിൽ നിന്ന് മുക്തരാക്കുന്നതിനും വേണ്ടിയാണ് സർക്കാർ അവരെ നാട്ടിലെക്കുന്നത്.
ഓരോ പ്രവാസിയും ഇക്കാര്യം മനസിലാക്കണം. നാട്ടിലേക്ക് വരാനുള്ള അവസരമായി ഇതിനെ കാണരുത്. പെരുന്നാളാണല്ലോ വരുന്നത്, ഗൾഫിൽ ഇപ്പോൾ അവധിയാണല്ലോ എന്നെല്ലാമുള്ള ചിന്തയിൽ യാത്രക്കൊരുങ്ങരുത്. സുരക്ഷിതമായ തൊഴിലിൽ കഴിയുന്നവർ ആവശ്യമില്ലെങ്കിലും നാട്ടിലേക്ക് വരാൻ തുനിയുന്നത് മറ്റു പല രീതികളിലുമുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും. മാത്രമല്ല,. നാട്ടിലെത്തിയാൽ പ്രതീക്ഷിച്ച സമയത്തോ, ആവശ്യമുള്ള സമയത്തോ മടങ്ങിപോകാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. നിരീക്ഷണ കാലം കഴിയുമ്പോൾ ലോകത്താകമാനം കോവിഡ് വ്യാപനത്തിന്റെ അവസ്ഥയെന്താണെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല. രോഗ വ്യാപനം വർധിച്ചാൽ വിദേശ രാജ്യങ്ങളുടെ അതിർത്തികളും വിമാനത്താവളങ്ങളും അടഞ്ഞു തന്നെ കിടക്കാം.
വിദേശികളെ കൊണ്ടു പോകാനുള്ള അനുമതിയാണ് ഗൾഫ് രാജ്യങ്ങൾ നൽകിയിട്ടുള്ളത്. വിദേശികൾക്ക് അങ്ങോട്ട് ചെല്ലാനുള്ള അനുമതി എപ്പോൾ ലഭിക്കുമെന്ന് പറയാനാകില്ല.നാട്ടിലേക്ക് അടിയന്തിരമായി വരേണ്ടവർ ആരെല്ലാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദേശം പാലിക്കുന്നതാണ് നല്ലത്. തൊഴിൽ വിസയിലല്ലാതെ കഴിയുന്നവർക്കും തൊഴിൽ നഷ്ടപ്പെട്ട് നിൽക്കുന്നവർക്കും കൂടുതൽ ആലോചിക്കാതെ തന്നെ നാട്ടിലേക്ക് തിരിക്കാം. സുരക്ഷിതമായ തൊഴിലും താമസസൗകര്യങ്ങളുമുള്ളവർ ഈ തിരക്കിൽ നിന്ന് വിട്ടു നിൽക്കുന്നതായിരിക്കും ഉചിതം. അവർ ആരോഗ്യപരമായ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് ഗൾഫിൽ തന്നെ തുടരണം.അപകടകരമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ കഴിയുന്നവർ തൊഴിൽ സുരക്ഷക്ക് കൂടി പ്രാധാന്യം നൽകിയായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നാട്ടിലെ വീട് പൂട്ടിയിട്ട് ഗൾഫിൽ കുടുംബവുമൊത്ത് കഴിയുന്നവർ കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നതിനെ കുറിച്ച് ആലോചിക്കണം. രോഗവ്യാപനത്തെ തുടർന്ന് സാമ്പത്തിക, തൊഴിൽമേഖല നിശ്ചലമായ ഈ സമയത്തുള്ള യാത്ര ഏറെ സാമ്പത്തിക ബാധ്യതയും വരുത്തി വക്കുമെന്നും ചിന്തിക്കണം. സ്വന്തം ചെലവിൽ യാത്ര ചെയ്യണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗൺ കാലാവധി പൂർത്തിയാകുന്ന മെയ് മൂന്നിന് ശേഷം മാത്രമേ പ്രവാസികളുടെ തിരിച്ചുവരവ് ആരംഭിക്കു എന്നാണ് സർക്കാർ നൽകുന്ന സൂചനകൾ. ഇതിനകം ഏത്രപേർ നോർക്കയിൽ രജിസ്റ്റർ ചെയ്യുമെന്നും അവരിൽ തന്നെ എത്രപേർക്ക് നാട്ടിലേക്ക് പോകാനാകുമെന്നുമൊക്കെ വ്യക്തമാകേണ്ടതുണ്ട്. ഈ തിരിച്ചുപോക്ക് കോവിഡ് കാലത്തെ ആശങ്കകളിൽ നിന്നുള്ള വിമോചനത്തിലേക്കാകുമെന്ന് തീർച്ച. ഭയപ്പാടോടെ അന്യനാട്ടിൽ ജീവിക്കുന്നവർക്ക് ജന്മനാട് നൽകുന്ന ആശ്വാസ യാത്രയായി അത് മാറും.