കൊച്ചി- വീടിനു നേരെയുണ്ടായ കരി ഓയില്‍ പ്രയോഗത്തെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. പെയിന്റ് പണിക്കാര്‍ ആരെങ്കിലുമാവാം കരി ഓയില്‍ ഒഴിച്ചതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സംഭവത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നും പോലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനിവാസന്റെ മകന്‍ വിനീതിന്റെ പേരില്‍ കണ്ണൂര്‍ കൂത്തുപറമ്പിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെയോ ശനിയാഴ്ച രാത്രിയോ ആക്രമണമുണ്ടായെന്നാണു കരുതുന്നത്. വീട്ടില്‍ ആള്‍ത്താമസമില്ലാത്തതിനാല്‍ സംഭവം ഞായറാഴ്ച രാവിലെയാണു പുറത്തറിയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ശ്രീനിവാസന്റെ വീട് ആക്രമിക്കപ്പെട്ടത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.