കൊച്ചി- സംസ്ഥാനത്തിന്റെ വികസനത്തിനായി കേരള സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന്് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനായി ഉപയോഗപ്പെടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനത്തിന് ബി.ജെ.പി നേതാക്കള്‍ ഊഷ്മള വരവേല്‍പ് നല്‍കി. രാവിലെ 9.30ന് നെടുമ്പാശേരിയിലെത്തിയ കണ്ണന്താനത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു.
മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ബിജെപി സംസ്ഥാന ഓഫിസില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്തതില്‍ നിരാശയില്ലെന്നും അന്ന് ഓഫിസിന് ഓണാവധി ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനം ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ റോഡ് ഷോയടക്കമുളള സ്വീകരണ പരിപാടികളാണ് പാര്‍ട്ടി ഒരുക്കിയത്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വീകരണത്തിനുശേഷം ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും. ഉച്ചയ്ക്ക് 1.30നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ഒന്‍പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയില്‍ സമാപിക്കും. 12നു തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 15നു കാഞ്ഞിരപ്പള്ളി പൗരാവലി സ്വീകരണം നല്‍കും.
16നാണ് തലസ്ഥാനത്തു സ്വീകരണം.