ലണ്ടൻ- ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ലിവർപൂളിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് സിറ്റി തകർത്തു. ആഴ്‌സണലിനെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് വൻ വിജയം നേടിയതിന്റെ ആവേശത്തിൽ സിറ്റിയെ നേരിടാനെത്തിയ ലിവർ പൂളിന് അടിതെറ്റുകയായിരുന്നു. സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്‌സണിന്റെ മുഖത്തിന് നേരെ അപകടകരമായ രീതിയിൽ കാലുയർത്തി ഗോളിയെ പരിക്കേൽപിച്ചതിന് സാഡിയോ മാനേ ചുവപ്പുകാർഡ് കണ്ട് പുറത്തു പോയതോടെ പത്തുപേരായി ലിവർ പൂൾ ചുരുങ്ങിയ ലിവർ പൂളിനെ സിറ്റി കുരുക്കിട്ട് മുറുക്കി. ഗുരുതരമായി പരിക്ക് പറ്റിയ ഗോളി എഡേഴ്‌സണിന് പകരം സിറ്റിക്ക് ബ്രോവോയെ ഇറക്കേണ്ടി വന്നു. ഇതിന് മുമ്പ് തന്നെ ഇരുപത്തിയഞ്ചാമത്തെ മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെ സിറ്റി ലീഡ് സ്വന്തമാക്കിയിരുന്നു. ഗബ്രിയേൽ ജീസസ്, ലെറോയ് സാനെ എന്നിവർ ഇരട്ട ഗോളുകൾ കൂടിയായതോടെ സിറ്റിക്ക് നേടാനായത് വൻ വിജയം. 1937 ന് ശേഷം ലിവർ പൂളിന് മേലുള്ള സിറ്റിയുടെ ഏറ്റവും വലിയ വിജയമാണിത്.
സാഡിയോ മാനെ ചുവപ്പ് കാർഡ് കണ്ടതോടെയാണ് ലിവർപൂളിനെതിരെ സിറ്റി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ നിരയിൽ നിരവധി തവണ വിള്ളലുണ്ടാക്കാൻ ലിവർപൂളിന് സാധിച്ചിരുന്നു. എന്നാൽ ഫിനിഷിംഗിലെ പിഴവ് ലിവർപൂളിനെ ചതിച്ചു.
മൈതാന മധ്യത്തിൽനിന്ന് ഡു ബ്രൂയ്‌നയുടെ പാസ് അസാമാന്യ ഫിനിഷിംഗോടെ സെർജിയോ അഗ്യൂറോ വലയിലാക്കി. മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അഗ്യൂറോയുടെ മികവാണ് സിറ്റിക്ക് കരുത്തായത്.
ആദ്യപകുതിയിലെ എക്‌സ്ട്രാ ടൈമിലായിരുന്നു ഗബ്രിയേൽ ജീസസ് സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്. ആദ്യ ഗോളിനെ പോലെ തന്നെ ഇതിനും കെവിൻ തന്നെയായിരുന്നു പാസ് നൽകിയത്.
രണ്ടാം പകുതിയിൽ സലാഹിനെ പിൻവലിച്ച ചേമ്പർലൈനിനെ ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ഇറക്കിയെങ്കിലും 10 പേരായി ചുരുങ്ങിയ ലിവർപൂളിന്റെ അടിതെറ്റിയിരുന്നു.
53-ാം മിനിറ്റിൽ സിറ്റിയുടെ മൂന്നാമത്തെ ഗോളും ജീസസ് നേടിയതോടെ ലിവർപൂൾ ആടിയുലഞ്ഞു. സെർജിയോ അഗ്യൂറോയുടെ പാസിൽനിന്നായിരുന്നു ഈ ഗോൾ.
പകരക്കാരനായി വന്ന സാനെ എഴുപത്തിയേഴാം മിനിറ്റിൽ നാലാമത്തെ ഗോൾ അടിച്ചു. ബെഞ്ചമിൻ മെൻഡിയായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്. എക്‌സ്ട്രാ ടൈമിൽ ഒരു ഗോൾ കൂടി സാനെ നേടിയതോടെ ലിവർപൂളിന് എൺപത് വർഷത്തെ ഏറ്റവും വലിയ പരാജയം സിറ്റിയിൽനിന്ന് ഏൽക്കേണ്ടി വന്നു. ജെയിംസ് മിൽനർ, സോളങ്കി എന്നിവർ ലിവർപൂളിനായി പകരക്കാരായി ഇറങ്ങിയെങ്കിലും ഒന്നും ഗുണം ചെയ്തില്ല.
നാലു കളികളിൽനിന്ന് പത്തു പോയന്റുള്ള സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ഒൻപത് പോയന്റുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് രണ്ടും ചെൽസി മൂന്നും സ്ഥാനത്തുമാണ്. ലിവർ പൂൾ ഏഴാം സ്ഥാനത്തും.
ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ശ്രമിച്ച ഫിലിപ്പെ കൗടിഞ്ഞോ ലിവർപൂളിൽ ഉണ്ടായിരുന്നില്ല. സിറ്റി നായകൻ വിൻസന്റ് കോമ്പനിയും കളിച്ചില്ല. ലിവർപൂർ താരം മുഹമ്മദ് സാലിഹിനെ ഫൗൾ ചെയ്തതിന് ആറാമത്തെ മിനിറ്റിൽ സിറ്റിയുടെ നിക്കോളാസ് ഒടാമെൻഡിക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.
ചെൽസിക്ക് ജയം
ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ചെൽസിക്ക് ജയം. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. നാൽപത്തിയൊന്നാമത്തെ മിനിറ്റിൽ അൽവാരോ മൊറാട്ട, അൻപതാം മിനിറ്റിൽ ഗോലോ കാൻഡേ എന്നിവരാണ് ചെൽസിയുടെ ഗോൾ നേടിയത്. അറുപത്തിരണ്ടാമത്തെ മിനിറ്റിൽ ജമി വാർഡി പെനാൽറ്റിയിലൂടെയാണ് ലെസ്റ്ററിന്റെ ഗോൾ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തിൽ സൗത്താംപ്ടണിനെ വാറ്റ്‌ഫോഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. വെസ്റ്റ് ബ്രോംവിച്ചിനെ ബ്രൈറ്റൻ ആന്റ് ഹോവ് ആൽബിൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും തോൽപ്പിച്ചു.