ജിദ്ദ- രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പുതിയ വിഭാഗം ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹകീം അൽതമീമി പറഞ്ഞു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ തമ്മിലെ ഏകോപന നിലവാരം ഉയർത്തലും അനുയോജ്യമായ സേവനങ്ങൾ യാത്രക്കാർക്ക് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നിയമങ്ങൾക്കും നടപടികൾക്കും രൂപം നൽകലും പുതിയ വിഭാഗത്തിന്റെ ചുമതലയാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദ വിമാനത്താവളത്തിൽ കൺവെയർ ബെൽറ്റുകൾ പ്രവർത്തന രഹിതമാവുകയും വിമാനത്താവളത്തിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് വിമാനത്താവളത്തിൽ സന്ദർശനം നടത്തിയത്.
കൺവെയർ ബെൽറ്റുകൾ കേടായി ലഗേജുകൾ കുമിഞ്ഞുകൂടുന്നതിന് ഇടയാക്കിയ പ്രശ്‌നങ്ങളെ കുറിച്ച് അബ്ദുൽ ഹകീം അൽതമീമി അന്വേഷിച്ചറിഞ്ഞു. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുഗമമായ നീക്കവും വിവിധ വകുപ്പുകൾ തമ്മിലെ പരസ്പര സഹകരണവും ഏകോപനവും ഉറപ്പു വരുത്തൽ അതോറിറ്റിയുടെ ചുമതലയാണ്. ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയിൽ വലിയ പോരായ്മകളുണ്ട്. വിമാനത്താവളത്തിലെ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തതയും വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനത്തിലെ പോരായ്മയുമടക്കം ഇതിന് പല കാരണങ്ങളുണ്ട്. ജിദ്ദ വിമാനത്താവളത്തിൽ 27 സർക്കാർ, സുരക്ഷാ വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിമാന കമ്പനികളും ഗ്രൗണ്ട് സർവീസ് കമ്പനികളും വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു. ഈ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തമ്മിൽ ഏകോപനമുണ്ടാക്കുന്നതിന് അതോറിറ്റി ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധയിൽ പെട്ട കാര്യങ്ങളിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഭിക്കുന്ന സേവനങ്ങളിൽ പോരായ്മകളുള്ളതായി ബോധ്യമായിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് അതോറിറ്റി സമഗ്ര പഠനം നടത്തും. പുതിയ ജിദ്ദ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പായി വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവ് മൂലമുള്ള മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത പുതിയ വിമാനത്താവളം പരിഹരിക്കും. നിലവിലെ വിമാനത്താവളം ദശകങ്ങൾക്കു മുമ്പ് നിർമിച്ചതാണ്. ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത തിരക്കിനനുസരിച്ച ശേഷി ജിദ്ദ വിമാനത്താവളത്തിനില്ല. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യോമയാന വ്യവസായ വളർച്ചയും അതോറിറ്റി ലക്ഷ്യമിടുന്നതായും അബ്ദുൽഹകീം അൽതമീമി പറഞ്ഞു.