ഭരണാധികാരികളെയും പരമ്പരാഗത ഗോള ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തി ആകാശ ഗംഗയിൽ ഗവേഷണ സപര്യയുമായി കഴിഞ്ഞുകൂടി കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങൾ അവതരിപ്പിച്ച മധ്യകാലത്തെ ജ്യോതിശാസ്ത്രജ്ഞനാണ് മുഹമ്മദ് ബിൻ ജാബിർ ബിൻ സിനാൻ അൽബത്താനി. ഇന്നത്തെ തുർക്കിയിൽ ഉർഫയിലെ ഹറാനിലെ ബത്താൻ എന്ന പ്രദേശത്ത് 854ൽ ജനിച്ച അദ്ദേഹം അറബ് ലോകത്തെ ടോളമിയെന്നാണ് അറിയപ്പെടുന്നത്. ബത്താനിലായതിനാലാണ് അൽബത്താനി എന്ന നാമകരണമുണ്ടായത്.
929ൽ സമാറയിൽ ജീവിതാന്ത്യം സംഭവിക്കുന്നത് വരെ ആകാശ ഗോളങ്ങളെ നിരീക്ഷിച്ചും അവയുടെ പ്രത്യേകതകൾ കണ്ടെത്തിയും കഴിഞ്ഞു കൂടിയ അദ്ദേഹം ടോളമിയടക്കമുള്ള പല പ്രമുഖരുടെയും കണ്ടെത്തലുകളിൽ തിരുത്തലുകൾ കുറിച്ചുവെച്ചു. സിറിയയിലെ റാഖ, അന്ത്യോക്കിയ എന്നിവിടങ്ങളിലേക്ക് കുടിയേറിയ അദ്ദേഹം അവിടെ വെച്ചായിരുന്നു പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിരുന്നത്. അവിടെ മർസദുൽ ബത്താനി എന്ന വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.
ടോളമിയുടെ അസ്ട്രോണമിക്കൽ ടേബിളിലെ അപാകതകൾ പരിഹരിച്ച അദ്ദേഹം പുതിയ ടേബിൾ തന്നെ പ്രസിദ്ധീകരിച്ചു. സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനങ്ങൾ ഏത് സമയത്തും മനസ്സിലാക്കാനുപയോഗിച്ചിരുന്ന അനലോഗ് കമ്പ്യൂട്ടറായ ആസ്ട്രോലാബ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ നിരവധി നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ അദ്ദേഹം കൃത്യമായി രേഖപ്പെടുത്തി. അതുവരെ ആധികാരികമായി കണക്കാക്കിയിരുന്ന ടോളമിയുടെ നിരീക്ഷണങ്ങളിൽ പല പിഴവുകളും കണ്ടെത്തി തിരുത്തിയ അദ്ദേഹം സമകാലികർക്കും പിൽക്കാലത്തുവന്ന പണ്ഡിതർക്കും വിസ്മയമായി തുടർന്നു. ടോളമിയുടെ കാലത്തെ നിരീക്ഷണവിവരങ്ങളും 880ൽ താൻ നടത്തിയ നിരീക്ഷണ വിവരങ്ങളും താരതമ്യം ചെയ്ത് വർഷത്തിന്റെ നീളം 365 ദിവസം, 5 മണിക്കൂർ, 46 മിനുട്ട്, 24 സെകന്റ് എന്ന് അൽബതാനി കണക്കാക്കി. ടോളമി വിഷുവസ്ഥാനം നിർണയിച്ചതിൽ വരുത്തിയ ഒരു ദിവസത്തിന്റെ പിഴവ് കാരണം 1 മിനുട്ട് 58 സെകന്റിന്റെ കുറവ് വന്നുപെട്ടിരുന്നു. ക്രാന്തിവൃത്തത്തിന്റെ ഉൽകേന്ദ്രത 0.0346 എന്നു കൃത്യമായി കണക്കാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യൻ ഗോളശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ട അവതരിപ്പിച്ച ത്രികോണമിതിയുടെയും ടാൻജന്റുകളുടെയും ഉപയോഗം വിശദീകരിച്ച അദ്ദേഹം ഗണിത ശാസ്ത്രത്തിൽ അഗ്രഗണ്യൻ കൂടിയായിരുന്നു.
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം കൃത്യതയോടെ അദ്ദേഹം അളന്നു. ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ് പുരസ്സരണം എന്നറിയപ്പെടുന്നത്.
അൽബത്താനി, ഇബ്നു റുശ്ദ്, നാസിർ അദ്ദീൻ അൽതുസി, മുഅയ്യിദുദ്ദീൻ, ഇബ്നുൽ ശാത്വിർ എന്നീ അറബ് ഗോളശാസ്ത്രജ്ഞർ ഭൂകേന്ദ്രവ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ പിന്നീട് കോപ്പർനിക്കസിന്റെ സൗരകേന്ദ്രവ്യവസ്ഥയിൽ സംയോജിപ്പിക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഉഷ്ണകാല, ശൈത്യകാല അളവുകോലുകൾ, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം തുടങ്ങിയവയെ കുറിച്ച് കൃത്യമായ നിരീക്ഷണവും അദ്ദേഹം അവതരിപ്പിച്ചു. പിൽക്കാലത്ത് ചന്ദ്രന്റെ ഭ്രമണ ദൈർഘ്യം പാശ്ചാത്യ ഗോളശാസ്ത്രജ്ഞർ കണക്കാക്കിയത് അൽബത്താനിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.
ഗോള ശാസ്ത്രജ്ഞരും ഗണിത ശാസ്ത്രജ്ഞരുമായ ഹെഡ്മണ്ട് ഹാലി, ഫ്ളോറിയൻ കാജോറി, ജോർജ് സാർട്ടൻ, ജോസഫ് ശഖ്ത് തുടങ്ങിയവർ അൽബത്താനിയെ അറബ് മുസ്ലിം ലോകത്തെ എക്കാലത്തെയും പ്രമുഖ ഗോളശാസ്ത്രജ്ഞനെന്നാണ് വിശേഷിപ്പിക്കുന്നത്.
മഅ്രിഫതു മതാലിഉൽ ബുറൂജ്, രിസാലതു തഹ്ഖീഖി അഖ്ദാറിൽ ഇത്തിസാലാത്ത്, ശറഹുൽ മഖാലാത്തിൽ അർബഅ് ലിബത്ലീമൂസ്, കിതാബുസ്സിജ്ജു സാബി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങളാണ്.