തിരുവനന്തപുരം-ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നുംഅവരെ ഘട്ടം ഘട്ടമായി നാട്ടിലേക്ക് തിരിച്ചെത്തിക്കും. ഇതിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരിച്ചുകൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍:
1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.
2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.
3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.
4. പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.
5. തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.
6. ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.
7. ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.
8.കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവരുമുണ്ട്. പ്രത്യേകിച്ച് കര്‍ണാടകത്തിലെ കുടകില്‍.
ഇങ്ങനെ പ്രയാസപ്പെടുന്ന മുഴുവന്‍ പേരെയും ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരും. കര്‍ണാടകത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ പെട്ടുപോയവരെയും തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍ കരുതലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം പരിശോധിക്കും. രോഗലക്ഷണമൊന്നും ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യും. അല്ലാത്തവരെ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈന്‍ സെന്‍ററിലേക്കു മാറ്റും.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട്. അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ചും ക്രമീകരണമുണ്ടാക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്കും ക്വാറന്‍റൈനും സജ്ജീകരണം ഒരുക്കും.
പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ www.registernorkaroots.org എന്ന വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ട് ഉപയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കും.