Sorry, you need to enable JavaScript to visit this website.

കോവിഡാനന്തരം നമുക്ക് ചെയ്യാനുള്ളത്...... 

കോവിഡിനു ശേഷമുള്ള കാലം എന്തായിരിക്കും എന്ന ചർച്ചകളും ആഗോള തലത്തിൽ തന്നെ വ്യാപകമായി നടക്കുന്നുണ്ട്. ഒരു കാര്യത്തിൽ ആർക്കും സംശയമില്ല. കോവിഡിനു മുമ്പും ശേഷവും ഒരുപോലെയാകില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ കോവിഡിനു മുമ്പത്തേക്കാൾ മോശമായിരിക്കും കോവിഡാനന്തര കാലം. അതിരൂക്ഷമായ തൊഴിലില്ലായ്മയും ഭക്ഷ്യ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ലോകമനുഭവിക്കുമെന്നുറപ്പ്. വിമാനം കയറി വന്ന ഈ രോഗത്തിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കാൻ പോകുന്നത് സ്വന്തമായി സൈക്കിൾ പോലുമില്ലാത്തവരുമായിരിക്കും. ഏറ്റവും പ്രസക്തമായ വിഷയം ഈ മഹാദുരന്തത്തിൽ നിന്നെങ്കിലും മനുഷ്യർ പാഠം പഠിക്കാൻ തയാറാകുമോ എന്നതാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം അതിർത്തികൾക്കൊന്നും ഒരർത്ഥവുമില്ല എന്ന് മനസ്സിലാക്കാനും യുദ്ധത്തിനും യുദ്ധഭീഷണിക്കുമായി കോടികൾ ചെലവഴിക്കുന്നത് അവസാനിപ്പിക്കാനും പ്രകൃതിക്കും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കുമെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ നിയന്ത്രിക്കാനും വംശീയതയുടെയും വർഗീയതയുടെയും മറ്റും പേരിലുള്ള യുദ്ധങ്ങൾക്കറുതി വരുത്താനെങ്കിലും തയാറാകുമോ? അതിന്റെ ഉത്തരങ്ങളിലായിരിക്കും കോവിഡിനെ അതിജീവിച്ചാൽ തന്നെ മനുഷ്യ സമൂഹത്തിന്റെ ഭാവി.


കോവിഡാനന്തര കേരളത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഈ കുറിപ്പിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. ലോകത്തെയാകെ മാറ്റിമറിച്ച ആഗോളീകരണത്തിന്റെ (അതിന്റെ ചൂഷണ വശങ്ങൾ തൽക്കാലം മാറ്റിവെക്കുന്നു) എതിർ ദിശയിൽ ലോകം സഞ്ചരിച്ചാൽ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന ഒരു ജനതയായിരിക്കും കേരളീയർ. ഇപ്പോഴും പലരും കൊട്ടിഘോഷിക്കുന്ന കേരള മോഡൽ ഉപഭോഗ - ആശ്രിത വ്യവസ്ഥയാണല്ലോ. അയൽ സംസ്ഥാനങ്ങൾ അതിർത്തിയിൽ മണ്ണിട്ടാലോ ലോകത്തെവിടെയെങ്കിലും ഒരു ദുരന്തമോ യുദ്ധമോ സാമ്പത്തിക പ്രതിസന്ധിയോ തൊഴിൽ നഷ്ടമോ ഉണ്ടായാൽ പട്ടിണി കിടക്കുന്ന ജനത. വിദ്യാഭ്യാസത്തെ കുറിച്ച് ഏറെ അഹങ്കരിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിനു നാം എവിടെയൊക്കെയാണ ് പോകുന്നതെന്നതിന്റെ വിവരങ്ങളും കൊറോണക്കാലത്തു പുറത്തു വന്നല്ലോ. ഈ സാഹചര്യത്തിൽ ഓരോരുത്തർക്കും അവരവരിലേക്കു ചുരുങ്ങേണ്ട ഒരവസ്ഥ വന്നാൽ അതേറ്റവുമധികം ബാധിക്കുന്നവരിൽ ഒരു കൂട്ടർ നമ്മളായിരിക്കും.


ഇത്തരമൊരു സാഹചര്യത്തെ നേരിടാൻ പ്രസ്വകാലാധിഷ്ഠിതവും ദീർഘകാലാധിഷ്ഠിതവുമായ പദ്ധതികൾക്കാണ് നാം രൂപം നൽകേണ്ടത്. അതിന്റെ സൂചനകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. കാർഷിക മേഖലയുടെ വിപുലീകരണമാണത്. തരിശു ഭൂമികളിലടക്കും സ്വന്തം വീട്ടിലടക്കം കഴിയുന്നത്ര സ്ഥലങ്ങളിൽ നെല്ലും പച്ചക്കറികളും കൃഷി ചെയ്യാൻ തയാറാകുക എന്നാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. തീർച്ചയായും സ്വാഗതാർഹമായ നിർദേശമാണത്. സ്വന്തം വീട്ടിലേക്കുള്ള പച്ചക്കറിയെങ്കിലും വീട്ടുവളപ്പിൽ നിന്നു കിട്ടുന്ന അവസ്ഥ സംജാതമാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ അത് ഹ്രസ്വകാല നടപടി മാത്രമേ ആകുന്നുള്ളൂ. ദീർഘകാലാടിസ്ഥാനത്തിൽ അതുപോരാ. തകർന്നു തരിപ്പണമായ കൃഷി തിരിച്ചുപിടിക്കണമെങ്കിൽ ഭൂപരിഷ്‌കരണത്തിൽ തന്നെ കൈവെക്കണം. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം കൃഷി തകരുകയാണുണ്ടായത് എന്ന് എല്ലാവർക്കുമറിയാം. അതിന്റെ കാരണം വ്യക്തം. മണ്ണിൽ കൃഷി ചെയ്തിരുന്നവർക്കല്ല ഭൂമി ലഭിച്ചത് എന്നതു തന്നെയായിരുന്നു. കിട്ടിയവരിൽ ഭൂരിഭാഗവും കൃഷിക്കാരായിരുന്നില്ല. പിന്നീട് നമ്മുടെ നെൽവയലുകൾക്കെല്ലാം എന്തു പറ്റി എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും തൊട്ടം തൊഴിലാളികളുമൊക്കെ ഭംഗിയായി വഞ്ചിക്കപ്പെടുകയായിരുന്നു. ടാറ്റയേയും ഹാരിസണേയുമൊക്കെ ഭൂപരിഷ്‌കരണം സ്പർശിച്ചതു പോലുമില്ല. അവർ ലക്ഷക്കണക്കിനു ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നത് അനധികൃതമായാണെന്ന് സർക്കാർ തന്നെ നിയമിച്ച എത്ര അന്വേഷണ കമ്മീഷനുകൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ പഴംപുരാണം പറഞ്ഞ് കാലം കളയാതെ ഒരു രണ്ടാം ഭൂപരിഷ്‌കരണമാണ് കേരളത്തിൽ വേണ്ടത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ - സാമൂഹ്യ മാറ്റത്തിലൂടെയേ ഭാവിയിൽ ഭക്ഷണത്തിന്റെ വിഷയത്തിലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ കേരളത്തിനാകൂ. അതിനുള്ള തുടക്കമെങ്കിലും ആകണം കോവിഡാനന്തര കാലം. ഒപ്പം മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ തയാറാവണം. ചിക്കന്റെ വിഷയത്തിൽ സർക്കാർ എടുത്തിട്ടുള്ള തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കണം.


താൽപര്യമില്ലെങ്കിലും തൊഴിലിനായി മാത്രം പുറത്തു പോകേണ്ട അവസ്ഥ ഒഴിവാക്കേണ്ടതും വരുംകാലത്തിൽ അനിവാര്യമാകും. അതിനായി കേരളത്തിന്റെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ, നമ്മുടെ വിഭവങ്ങളും മനുഷ്യാധ്വാനവും ഉപയോഗിച്ച്, പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായ ശാലകൾ തുടങ്ങണം. നമ്മുടെ കാർഷിക വിഭവങ്ങളായ നാളികേരവും റബറും മറ്റും ഉപയോഗിച്ചുള്ള മൂല്യവർധിത വ്യവസായങ്ങൾ വളരണം.  സോപ്പ് മുതൽ ബലൂൺ വരെ പുറത്തു നിന്നു വരുന്ന അവസ്ഥക്കറുതി വരുത്തണം. ഒരു വശത്ത് പരമ്പരാഗത വ്യവസായങ്ങൾക്ക് ജീവൻ കൊടുക്കുകയും മറുവശത്ത് ഐ.ടി മേഖലയിൽ ഊന്നുകയും വേണം. ടൂറിസം, ലോട്ടറി, മദ്യം, സ്ഥല - വാഹന കച്ചവടം തുടങ്ങിയവ ആശ്രയിച്ചുള്ള സമ്പദ്ഘടനക്കു മാറ്റം വരണം. അൽപം ദീർഘവീക്ഷണവും ജാഗ്രതയുമുണ്ടെങ്കിൽ ഇതെല്ലാം സാധ്യമാണ്. തീർച്ചയായും തൊഴിലിനോടുള്ള നമ്മുടെ സമീപനവും തൊഴിൽ സംസ്‌കാരവും പൊളിച്ചെഴുതണം. പരിസ്ഥിതി സംരക്ഷണം ഇതിന്റെയെല്ലാം മുന്നുപാധിയുമാകണം. കോവിഡ് കാലത്തു കടന്നുവന്ന ഭൗമ ദിനത്തിന്റെ സന്ദേശവും അതു തന്നെയാണ്.  ഇതല്ലാതെ മറ്റൊരു മാർഗവും നമ്മുടെ മുന്നിലില്ല എന്നതാണ് വസ്തുത.
കാർഷിക - വ്യാവസായിക - സാമ്പത്തിക വിഷയങ്ങൾ മാത്രമല്ല, നമ്മുടെ ജീവിത സംസ്‌കാരത്തിൽ തന്നെ നിരവധി മാറ്റങ്ങളാണ് കോവിഡ് കൊണ്ടുവരാൻ പോകുന്നത്. കൂട്ടായ്മകളും പൊതുയിടങ്ങളും കുറഞ്ഞു വരുമെന്നുറപ്പ്. മനുഷ്യർ കൂടുതലായി കുടുംബത്തിലേക്കും തന്നിലേക്കും എന്തിനേറെ, ചിലപ്പോൾ അവയവങ്ങളിലേക്കും ചുരുങ്ങും. അയൽപക്കക്കാരും എന്തിന്, സ്വന്തം വീട്ടുകാർ പോലും ശത്രുക്കളായി മാറും. തീർച്ചയായും ജനാധിപത്യ സംവിധാനത്തെയും സാമൂഹ്യ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കും. പൊതുവാഹനങ്ങളും സിനിമാശാലകളും നാടക തിയേറ്ററുകളും ഉത്സവങ്ങളും പൊതുസമ്മേളനങ്ങളും പ്രതിഷേധ റാലികളും യാത്രകളും ചർച്ചകളും മറ്റും കുറയുന്ന അവസ്ഥ ഒന്നാലോചിക്കുക. തീർച്ചയായും ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും വഴി കുറെ കാര്യങ്ങൾ നടക്കുമായിരിക്കും. തൊഴിൽ, ഉന്നത വിദ്യാഭ്യാസ  മേഖലകളിൽ അതാവുകയുമാകാം. എന്നാൽ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും മറ്റും അത്തരം മാറ്റം വന്നാൽ നഷ്ടപ്പടുന്നത് ഭാവിതലമുറയുടെ സാമൂഹ്യ ബോധമായിരിക്കും. അതുപോലെ രാഷ്ട്രീയ - സർഗാത്മക - ആത്മീയ വിഷയങ്ങളിലൊക്കെ ഓൺലൈൻ ജീവിതത്തിനു പരിമിതികളുണ്ട്. യാതൊരുവിധ സ്വകാര്യതയും സ്വപ്‌നങ്ങളുമില്ലാത്ത ജീവികളായി മനുഷ്യൻ മാറാം.  ഒരുപക്ഷേ ജനാധിപത്യ മൂല്യങ്ങൾ നശിക്കാനും ഭരണകൂടം ഫാസിസവൽക്കരിക്കാനുമുള്ള  സാധ്യതകളും ചിന്തകർ തള്ളിക്കളയുന്നില്ല. അതേസമയം ജീവിതം കുറെയേറെ ലളിതമായാലും ഒന്നും സംഭവിക്കില്ല എന്ന പാഠവും കോവിഡ് കാലം നൽകുന്നുണ്ട്. നാലും അഞ്ചും പേർ പങ്കെടുക്കുന്ന വിവാഹങ്ങൾ തന്നെ ഉദാഹരണം. വിവാഹവും വിദ്യാഭ്യാസവും ചികിത്സയും വീടും വാഹനവുമൊക്കെ അന്തസ്സിന്റെ പ്രതീകമായി മാറുന്ന അവസ്ഥ മാറണം. കോവിഡ് കാലത്ത് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലുള്ള ഭീമമായ കുറവ് വിദഗ്ധ ഡോക്ടർമാർ വരെ ചൂണ്ടിക്കാട്ടിയത് ഒരു സൂചനയാണ്. അമിതമായ മദ്യാസക്തിക്കും കോവിഡ് പൂട്ടിടാനിടയുണ്ട്. 


തീർച്ചയായും ഈ ചിന്തകളിൽ അതിശയോക്തിയുണ്ടാകാം. ഒരു കോവിഡ് കാലം കൊണ്ടു മാത്രം ഇത്രയും മാറ്റങ്ങൾ ഉണ്ടാകാനിടയില്ല, എല്ലാം പഴയ പോലെയാകും, എന്തിനെയും അതിജീവിക്കാൻ മനുഷ്യൻ ശക്തനാണെന്നു വാദിക്കുന്നവരുണ്ട്.  എന്നാൽ ഇന്നത്തെ നിലയിലാണ് മനഷ്യ ജീവിതം മുന്നോട്ടു പോകുന്നതെങ്കിൽ പുതിയ രൂപത്തിലും ഭാവത്തിലും കോവിഡ് കാലം ആവർത്തിക്കുമെന്നുറപ്പ്. അപ്പോൾ ലോകം ഒരിക്കലും അതിജീവിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കും. അതിനാൽ തന്നെ വലിയ തിരുത്തലുകൾക്ക് മനുഷ്യരാശി തയാറാകേണ്ട സമയമാണിത്. അവിടെയാണ് മനുഷ്യൻ തന്റെ ശക്തി കാണിക്കേണ്ടത്. ആ തിരുത്തൽ പ്രക്രിയയിൽ പങ്കാളികളാകാൻ മലയാളികൾക്കും ആകണം. അല്ലെങ്കിൽ വരുംതലമുറയുടെ ചോദ്യങ്ങൾക്ക് നമുക്ക് മറുപടിയുണ്ടാകില്ല.

Latest News