സർക്കാർ ജീവനക്കാരും അധ്യാപകരും അഞ്ചു മാസം കൊണ്ട് ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന സർക്കാർ ഉത്തരവ് കോൺഗ്രസ് നേതൃത്വത്തിലുള്ള അധ്യാപക സംഘടനാ പ്രവർത്തകർ കത്തിച്ചതാണല്ലോ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ വലിയ വിവാദം. ഒരു സംശയവുമില്ല, അവർ ചെയ്തത് ധാർമികമായോ രാഷ്ട്രീയമായോ ശരിയല്ല.
ധനമന്ത്രി ചൂണ്ടിക്കാട്ടിയ പോലെ കേരളത്തിലെ ജനങ്ങളിൽ 80 ശതമാനവും ഒരു വരുമാനവുമില്ലാതിരിക്കുന്ന സമയത്ത്, സർക്കാറിനും കാര്യമായ ഒരു വരുമാനവുമില്ലാത്ത സമയത്ത്, ഒരു ഓർഡർ പോലും ഇല്ലാതെ ഒരു മാസത്തെ വേതനം കൊടുക്കാൻ സർക്കാർ ജീവനക്കാരും അധ്യാപകരും തയാറാകേണ്ടതാണ്. അതാകട്ടെ, സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും അധ്യാപകരിൽ എല്ലാവരും ഈ സമയത്ത് ജോലി ചെയ്യാതെ വീടുകളിലിരിക്കുകയായിരുന്നുതാനും.
സ്വാഭാവികമായും അതിരൂക്ഷമായ വിമർശനമാണ് ഓർഡർ കത്തിക്കുന്ന ചിത്രം ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്ത അധ്യാപകർ നേരിട്ടത്. മുഖ്യമന്ത്രി പോലും അവരെ വിമർശിച്ച് രംഗത്തെത്തി. അവരതർഹിക്കുന്നു എന്നത് ശരി. എന്നാൽ നമ്മുടെ മറവി കുറെ കൂടുന്നുണ്ടോ? പ്രളയ സമയത്തും സമാന വിവാദം നടന്നപ്പോൾ താൽപര്യമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായിരുന്നു സർക്കാർ നിർദേശം. അന്ന് യു.ജി.സി വേതനം വാങ്ങുന്ന 83% എയ്ഡഡ് കോളേജ് അധ്യാപകരും സാലറി ചലഞ്ചിൽ പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു എന്നത് എല്ലാവരും മറന്നു. അവരിൽ ഭൂരിഭാഗവും സ്വാഭാവികമായും ഇടതു സംഘടനകളിൽ പെട്ടവർ തന്നെ.
മാത്രമല്ല, ഈ എയ്ഡഡ് അധ്യാപകരിൽ വലിയൊരു ഭാഗം അവരേക്കാൾ അർഹതയുള്ളവരുണ്ടായിട്ടും പണവും ശുപാർശയും മൂലം ജോലി വാങ്ങി സർക്കാർ വേതനം കൈപ്പറ്റുന്നവരുമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് 1957 ലെ വിദ്യാഭ്യാസ ബില്ലിനെ പലരും ഉയർത്തിപ്പിടിക്കുന്നുണ്ട്.
എന്നാൽ മാനേജ്‌മെന്റുകൾ നിയമനം നടത്തി (പലതും അനർഹം, പലതും അനാവശ്യം) സർക്കാർ വേതനം കൊടുക്കുക, സർക്കാർ വേതനം കൊടുക്കുമ്പോൾ ഭരണഘടനാവകാശമായ സംവരണം നിഷേധിക്കുക തുടങ്ങിയ അനീതികളും ആ ബില്ലിന്റെ തുടർച്ച തന്നെയാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗവും സർക്കാർ ജീവനക്കാർക്ക് വേതനമായും പെൻഷനായും നൽകുന്ന സംസ്ഥാനമാണ് കേരളം.
ജനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്ന് കനത്ത വേതനം വാങ്ങുന്ന ഇവർ ജനങ്ങൾക്ക് തിരികെ നൽകുന്നത് എന്താണെന്നതിനു, വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ ഓരോരോ ദൈനംദിന കാര്യങ്ങൾക്ക് പോകുന്നവർക്കറിയാം. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ആദ്യ പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാലിന്നും കാര്യമായ മാറ്റമൊന്നുമില്ല. അധ്യാപകരുടെ അവസ്ഥയാകട്ടെ, നമ്മുടെ പൊതുവിദ്യാലയങ്ങൾ പറയും. എട്ടും പത്തും കുട്ടികളുള്ള പൊതുവിദ്യാലയങ്ങൾ കോടികൾ ചെലവഴിച്ച് നിലനിർത്തേണ്ട അവസ്ഥയിലെത്തിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം ആർക്കാണ്? വേതനം കൊടുക്കുന്നവർക്ക് ജീവനക്കാരുടെ ഔട്ട്പുട്ട് നോക്കാനവകാശം എന്നത് സ്വാഭാവിക നീതിയാണ്. സ്വകാര്യ മേഖലയിലൊക്കെ അതു നിലവിലുണ്ട്. വേതന വർധനയും പ്രൊമോഷനുമൊക്കെ അതിന്റെ കൂടി അടിസ്ഥാനത്തിലാകണം. എന്നാലതൊന്നും ബാധകമാകാത്തവരാണ് സർക്കാർ വേതനം വാങ്ങുന്നവർ. അത്തരമൊരു നീക്കമുണ്ടായാൽ തന്നെ സംഘടിത ശക്തി കൊണ്ടവർ പരാജയപ്പെടുത്തും.
അവകാശങ്ങളെ കുറിച്ചല്ലാതെ ചുമതലകളെ കുറിച്ച് ഒരു യൂനിയനും പറയാറില്ല. തുഛ വേതനം വാങ്ങി അൺ എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചെയ്യുന്നതിന്റെ പകുതി ജോലി പോലും സർക്കാർ അധ്യാപകർ ചെയ്യുന്നുണ്ടോ? എന്നാലവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ഒരു സംഘടനയുമില്ല. ഡോക്ടറുടെ ഔട്ട് പുട്ട് രോഗികളുും അധ്യാപകരുടേത് വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരുടേത് പൊതുജനങ്ങളും വിലയിരുത്തുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്.
ഈ സാഹചര്യത്തിൽ 2002 ഫെബ്രുവരി ആറു മുതൽ മാർച്ച് ഒമ്പതു വരെയുള്ള 32 ദിവസങ്ങൾ നീണ്ട സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തെ ഓർക്കുന്നത് നന്നായിരിക്കും. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നു പോയിരുന്ന കാലമായിരുന്നു അത്. 2001 ജൂൺ 16 ന് സർക്കാർ പുറപ്പെടുവിച്ച ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധി മുറിച്ചു കടക്കുന്നതിന് ചില നിർദേശങ്ങളിൽ മുന്നോട്ടുവെച്ചു.
എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന നിർദേശങ്ങളായിരുന്നു അവ. അവയിൽ പലതും വേതന - പെൻഷൻ രൂപത്തിൽ പൊതുഖജനാവിലെ പണം ഏറ്റവുമധികം ലഭിക്കുന്ന സർക്കാർ ജീവനക്കാരെയും ബാധിക്കുന്നവയായിരുന്നു. ജീവനക്കാരുടെ ശമ്പളം 10 ശതമാനം എമ്പൗണ്ട് ചെയ്യുന്നതിനും ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്യൂട്ടേഷനും താൽക്കാലികമായി തടഞ്ഞുവെക്കുന്നതിനും പ്രോവിഡന്റ് ഫണ്ട് വായ്പക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും അധ്യാപകരുടെ പ്രൊട്ടക്ഷൻ അവസാനിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളാണ് അവരെ ചൊടിപ്പിച്ചത്. സർക്കാർ സർവീസിൽ 60,000 തസ്തിക അധികപ്പറ്റാണെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തു.
ദിവസങ്ങൾ നീണ്ടപ്പോൾ സമരത്തിനെതിരായ വികാരം നാടെങ്ങും പടർന്നു. അധ്യാപകർക്കെതിരെയായിരുന്നു പ്രധാന രോഷം. പ്രൊട്ടക്ഷൻ നിർത്തലാക്കുന്നതിനെതിരേയും കുട്ടികളില്ലാത്ത സ്‌കൂളുകൾ നിർത്തലാക്കാമെന്ന നിർദേശത്തിനെതിരേയും സമരം ചെയ്യുന്ന ഭൂരിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മക്കൾ പോലും അൺ എയ്ഡഡ് വിദ്യാലയങ്ങളിലാണ് പഠിക്കുന്നതെന്ന കണക്കുകൾ പുറത്തു വന്നു.
അത്തരം കണക്കുകളുമായുള്ള ബോർഡുകൾ സ്‌കൂളുകൾക്ക് മുന്നിൽ നിറഞ്ഞു. നാടെങ്ങും സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും കൊണ്ട് മുഖരിതമായി.
പലയിടത്തും നാട്ടുകാർ സ്‌കൂളുകളിൽ കയറി ക്ലാസെടുക്കാനാരംഭിച്ചത് സമരത്തിന് കനത്ത പ്രഹരമായി. ജനങ്ങളുടെ പിന്തുണയില്ലാതെ സംഘടിത ശക്തി കൊണ്ടു മാത്രം നടത്തുന്ന സമരങ്ങൾ തള്ളിക്കളയപ്പെടുമെന്ന പാഠമാണ് ഈ സംഭവം നൽകിയത്.
ഒരു വശത്ത് സർക്കാർ ജീവനക്കാർക്ക് വേതനമായും പെൻഷനായും പൊതുഖജനാവിലെ ഭൂരിഭാഗം തുകയും നൽകുമ്പോൾ മറുവശത്തെ അവസ്ഥ എന്താണ്? മാസം 10,000 രൂപ പോലും വരുമാനമില്ലാത്ത ലക്ഷക്കണക്കിനു പേർ കേരളത്തിലുണ്ട്. ഈയവസ്ഥക്ക് മാറ്റം വരണം.
ജനങ്ങളുടെ വേതനത്തിൽ (സ്വകാര്യമായാലും സർക്കാറായാലും മറ്റെന്തായാലും) നിലവിലുള്ള വലിയ അന്തരം ഇല്ലാതാകണം. കുറഞ്ഞ വേതനം 25,000, കൂടിയ വേതനം 50,000 എന്ന നിലയിലാക്കണം. ബിസിനസ് ചെയ്യുന്നവരുടെ വ്യക്തിപരമായ വരുമാനവും ഈ റെയ്ഞ്ചിൽ വരണം.
ബിസിനസിലെ ലാഭം തൊഴിലവസരങ്ങൾ നൽകുന്ന മറ്റ് സംരംഭങ്ങളിൽ ഇറക്കാൻ നിർബന്ധിതമാക്കണം. വ്യക്തികളുടെ എത്രയോ കാര്യങ്ങൾ സർക്കാർ നിയന്ത്രിക്കുന്നു. അതുപോലെ ഇതുമാകാം. പെൻഷൻ മേഖലയും അടിമുടി പൊളിച്ചെഴുതണം.
സർക്കാർ ജീവനക്കാർ മാത്രമല്ല, എ ല്ലാവരും നല്ല കാലത്ത് സമൂഹത്തെ സേവിച്ചവരാണ്. അതിനാൽ തന്നെ ഇന്നു കുറെ പേർക്ക് പതിനായിരങ്ങൾ പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണം. അതിന് പരിധി ഏർപ്പെടുത്തണം. മറുവശത്ത് സാർവത്രിക പെൻഷൻ മാന്യമായ ഒരു തുകയാക്കണം. ഇത്രയും ഗുരുതരമായ സമയത്തു പോലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാഗാക്കാൻ തയാറല്ലാത്ത അധ്യാപകർ കേരളത്തിലുണ്ട് എന്ന തിരിച്ചറിവ് ഇത്തരം പുനരാലോചനകൾക്കു കൂടി സർക്കാറിനെയും ജനങ്ങളെയും സജ്ജരാക്കേണ്ടതാണ്.