Sorry, you need to enable JavaScript to visit this website.

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളും വരുന്നു, അതീവ ജാഗ്രത അനിവാര്യം

തൃശൂര്‍ - കോവിഡ് പടര്‍ന്ന മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മലയാളികളും ലോക്ഡൗണ്‍ അവസാനിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി. എന്നാല്‍ ഇവരുടെ തിരിച്ചുവരവ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്കില്ല. ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാല്‍ മഹാരാഷ്ട്രയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് മലയാളികള്‍ കേരളത്തിലേക്കെത്തുമെന്നാണ് സൂചന.
ലോക്ഡൗണ്‍ കഴിയുകയാണെങ്കില്‍ അതിര്‍ത്തികളില്‍ എത്രമാത്രം പരിശോധന ഉണ്ടാകുമെന്നതും വ്യക്തമല്ല. രോഗബാധിത സംസ്ഥാനങ്ങളില്‍നിന്ന് യാതൊരു മുന്‍കരുതലുകളുമില്ലാതെ കേരളത്തിലെത്തുന്നവര്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസി മലയാളികളുടെ കണക്കെടുപ്പും അവര്‍ക്കായി ചികിത്സാ-നിരീക്ഷണ മുന്‍കരുതല്‍ നടപടികളും കൈക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തി നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
തങ്ങള്‍ മടങ്ങിവരുന്ന സമയത്ത് ആരെയാണ് ബന്ധപ്പെടേണ്ടതെന്നും മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതുണ്ടോയെന്നും ചോദിച്ച് അന്യസംസ്ഥാനത്തുള്ള മലയാളികള്‍ നാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഇതുവരെയും വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല.

 

Latest News