തിരുവനന്തപുരം- സംസ്ഥാന സർക്കാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻ വർധനവ്. മടങ്ങാൻ താൽപര്യമുള്ളവർക്ക് സൗകര്യമേർപ്പെടുത്തിയുള്ള നോർക്കയുടെ വെബ്‌സൈറ്റിൽ ഇതോടകം ഒന്നരലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകിട്ട് മുതലാണ് സൈറ്റിൽ ഇതിനുള്ള പ്രത്യേക സംവിധാനം നിലവിൽ വന്നത്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് ദുബായിൽനിന്നാണ്. അരലക്ഷത്തിലേറെ പേർ ഇവിടെ നിന്ന് രജിസ്റ്റർ ചെയ്തു. ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റ് ലോക രാജ്യങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി പേർ രജിസ്റ്റർ ചെയ്തു. അതേസമയം, രജിസ്റ്റർ ചെയ്തവരിൽ മിക്കവാറും ആളുകൾ തിരികെ പോകാൻ തയ്യാറാകില്ല എന്ന സൂചനയുമുണ്ട്. ജോലി നഷ്ടമായവരും മറ്റ് രോഗങ്ങളിൽ വലയുന്നവരും വിസിറ്റ് വിസയിൽ എത്തിയവരുമായിരിക്കും മടങ്ങുക. ബാക്കിയുള്ളവർ അതാത് രാജ്യങ്ങളിൽ തന്നെ തുടരാനാണ് സാധ്യത.