തിരുവനന്തപുരം- ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമേ പുതിയ തസ്തികകളിലുള്ള പരീക്ഷകളുണ്ടാകൂവെന്ന് കേരള പി.എസ്.സി.
ലോക്ഡൗണിനെ തുടർന്ന് അടുത്തമാസം 30 വരെയായി 62 പരീക്ഷകളാണ് പി.എസ്.സി മാറ്റിവെച്ചത്. ലോക്ഡൗൺ നീങ്ങുന്നതോടെ ഇവ പൂർത്തിയാക്കിയ ശേഷം സ്‌കൂളുകൾ തുറക്കുന്നതുകൂടി കണക്കിലെടുത്ത് മാത്രമേ പുതിയ പരീക്ഷാ തിയതി നിശ്ചയിക്കൂ.
അടുത്ത മാസം 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി തയാറാക്കിയിരുന്നത്. ജൂൺ മുതലുള്ള കലണ്ടറാണ് പ്രസിദ്ധീകരിക്കാനുള്ളത്.
അതേസമയം പ്രാഥമിക പരീക്ഷ പൂർത്തിയാക്കിയ കെ.എ.എസിന്റെ മുഖ്യപരീക്ഷ ജൂലൈ മാസത്തിൽ രണ്ടു ദിവസമായി നടത്തുമെന്ന് പി.എസ്.സി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. പ്രാഥമിക പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുന്നവർക്കാണ് രണ്ടാം ഘട്ട പരീക്ഷക്ക് അർഹതയുണ്ടാവുക. പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതിനാൽ മുഖ്യ പരീക്ഷ ജൂലൈയിൽ നടത്താനാകുമോ എന്നും ആശങ്കയുണ്ട്. ജൂലൈയിൽ അന്തിമ പരീക്ഷ നടത്തി നവംബർ ഒന്നിന് ഫല പ്രഖ്യാപനം നടത്താനാണ് പി.എസ്.സി ആലോചിച്ചിരുന്നത്.