Sorry, you need to enable JavaScript to visit this website.

ആളും ആരവവുമില്ലാതെ പൂരം കൊടിയേറി

തൃശൂർ പൂരം കൊടിയേറ്റങ്ങൾ ചടങ്ങ് മാത്രം ആക്കിയപ്പോൾ ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ലാത്തതുമൂലം ക്ഷേത്ര കവാടത്തിന് പുറത്തുനിന്നും ചിത്രങ്ങൾ പകർത്തുന്ന മാധ്യമ പ്രവർത്തകർ.

തൃശൂർ- ആൾക്കൂട്ടങ്ങളും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിൽ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ കൊടിയേറ്റ് നടന്നത്. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിബന്ധനകളും സർക്കാർ നിർദേശങ്ങളും പാലിച്ചായിരുന്നു പൂരം കൊടിയേറ്റ്.
രണ്ടു ക്ഷേത്രങ്ങളിലും അഞ്ചുപേർ മാത്രമാണ് കൊടിയേറ്റ് നടക്കുന്നിടത്ത് ഉണ്ടായിരുന്നത്. ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ക്ഷേത്രത്തിനകത്തുള്ള ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സാധാരണ നടത്താറുള്ള കൊടിയുയർത്തൽ ചടങ്ങും ഉണ്ടായിരുന്നില്ല. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ ആറാട്ടും നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി നാലുപേർ മാത്രം പങ്കെടുത്ത ചടങ്ങായി നടത്തി. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിയിലും തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലും ആറാട്ട് നടത്തി. 


ആനപ്പുറത്തെഴുന്നള്ളിപ്പിന് പകരം തിടമ്പ് കൈകളിലെടുത്ത് പൂജാരിമാർ നടന്നാണ് വടക്കുന്നാഥനിലും ബ്രഹ്മസ്വം മഠത്തിലുമെത്തിയത്. പോലീസിന്റെ കാവലും നിരീക്ഷണവും ഉണ്ടായിരുന്നു. 
ഇനി പൂരം വരെ ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമാണുണ്ടാവുക.
പൂരമില്ലെങ്കിലും പൂരം കൊടിയേറ്റ് കാണാൻ പൂരപ്രേമികളെത്തുമെന്ന സൂചനകളെ തുടർന്ന് തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലേക്കുള്ള വഴി നിറയെ ഇന്നലെ രാവിലെ കനത്ത പോലീസ് സന്നാഹമൊരുക്കി. പാട്ടുരായ്ക്കൽ, തിരുവമ്പാടി ക്ഷേത്ര പരിസരം, കൗസ്തുഭം ഓഡിറ്റോറിയത്തിന് മുൻവശം, സ്വരാജ് റൗണ്ട് തുടങ്ങി നഗരത്തിലും പരിസരത്തും രണ്ടു ക്ഷേത്രങ്ങളിലേക്കും ആളുകൾക്ക് വരാനുള്ള വഴിയിൽ പല ഭാഗത്തായി പോലീസ് നിലയുറപ്പിച്ചു. അത്യാവശ്യം കടന്നുപോകേണ്ട വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. രണ്ടു ക്ഷേത്രങ്ങളും മുന്നിലും പോലീസിനെ വിന്യസിച്ചിരുന്നു.
 

Latest News