കാസർകോട് - ജില്ലയിലെ കോവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നതായി ആരോപണം. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെ തുടർ ചികിത്സ വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ ബന്ധപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. ബംഗളൂരുവിലെ കൊറോണ സെല്ലിൽനിന്നെന്ന് പറഞ്ഞാണ് ചില വിളികൾ എത്തിയത്. ചില ഡോക്ടർമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രോഗികളെ നേരിട്ട് വിളിച്ചത്. രോഗം ഭേദമായവർക്ക് പ്രതിരോധ ശേഷിയുടെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ, മരുന്ന് കഴിച്ചതിന്റെ ഇൻസ്പെക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ബംഗളൂരുവിലെ ആശുപത്രി അധികൃതർ തിരക്കിയത്. ആശുപത്രിയിൽ എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ വീട്ടിലേക്ക് പോകാൻ പാടുള്ളൂവെന്നും രോഗം ഭേദമായവരോട് സ്വകാര്യ ആശുപത്രിക്കാർ നിർദേശിച്ചതായും കാസർകോട് ജനറൽ ആശുപത്രി വിട്ടവർ പറഞ്ഞു.
കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം സ്വകാര്യ ആശുപത്രികളിൽ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞു. ജില്ലയിലെ കോവിഡ് ബാധിതരുടെ കൃത്യമായ ഫോൺ നമ്പറുകൾ എങ്ങിനെ ഇവർക്ക് കിട്ടിയെന്നത് ഇപ്പോഴും ദുരൂഹമാണ്. എന്താണ് ഇവരുടെ ഉദ്ദേശമെന്നും അറിവായിട്ടില്ല. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ആരോഗ്യ വകുപ്പും വിവരങ്ങൾ ചോർന്നതിൽ അന്വേഷണം നടത്തും. രോഗത്തിന്റെ വിശദാംശങ്ങളാണ് ഇവർ തേടാൻ ശ്രമിച്ചത്. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളിൽ നിന്നാണ് വിളികളേറെയും. ഇവരിൽ ചിലർ ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് ഫോൺ കോളുകൾ ലഭിച്ചവർ പറയുന്നത്. രോഗികളെ വിളിക്കാൻ തങ്ങൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരും ചതിക്കുഴിയിൽ വീഴരുതെന്നും വിവരങ്ങൾ ഒന്നും കൈമാറരുതെന്നും കാസർകോട് ഡി.എം.ഒ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് സർക്കാർ ആശുപത്രിയിൽ നിന്നാണെന്നും തട്ടിപ്പിൽ അകപ്പെട്ടുപോകരുതെന്നും ഡി.എം.ഒ മുന്നറിയിപ്പ് നൽകി.
കാസർകോട് ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ വിവരങ്ങൾ ചേർന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിലെ ആശങ്കകൾ അകറ്റാൻ ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും തയ്യാറാകണമെന്നും മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി. കബീറും ആവശ്യപ്പെട്ടു. ഇക്കാര്യം ഗൗരവത്തിലെടുത്ത് സത്യാവസ്ഥ തുറന്ന് പറയാൻ സർക്കാർ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.