കുവൈത്ത്- അര്‍ബുദബാധിതയായ ആറു വയസ്സുകാരിയെ കുവൈത്തില്‍നിന്ന് നാട്ടിലെത്തിച്ചു.
കുവൈത്തില്‍ വൈദ്യപരിശീലനം നല്‍കാന്‍ പോയ ഇന്ത്യന്‍ മെഡിക്കല്‍ സംഘമാണ് മടക്ക യാത്രയില്‍ പാലക്കാട് സ്വദേശി രതീഷ്‌കുമാറിനേയും മകള്‍ ആറുവയസ്സുകാരി സാധികയേയും ഒപ്പം കൂട്ടിയത്.
സാധികയുടെ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈത്തില്‍ വിമാന സര്‍വീസുകള്‍ നിലച്ചത്. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍, മീനാക്ഷിലേഖി എം.പി., വി.കെ. ശ്രീകണ്ഠന്‍ എം.പി. തുടങ്ങിയവരുടെ സഹായം തേടി. ഈ സമയത്താണ് കുവൈത്തില്‍ കോവിഡ് ചികിത്സാ പരിശീലനത്തിന് ഇന്ത്യന്‍ സംഘമെത്തിയത്. ഇവരെത്തിയ വ്യോമസേനാ വിമാനത്തില്‍ സാധികയെ നാട്ടിലെത്തിക്കാന്‍ തീരുമാനമായി. ശനിയാഴ്ച രാത്രി ദല്‍ഹിയിലെത്തിയ സാധിക തിങ്കളാഴ്ച എയിംസില്‍ ചികിത്സ തേടും.
കുവൈത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുകയാണ് സാധികയുടെ മാതാപിതാക്കള്‍. കുവൈത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദഗ്ധ വൈദ്യസംഘം രണ്ടാഴ്ചമുമ്പ് പരിശീലനത്തിനായി കുവൈത്തിലെത്തിയത്.