ദുബായ്- ന്യൂദല്‍ഹിയില്‍നിന്ന് മടക്കി അയച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച വീണ്ടും നാട്ടിലേക്ക് അയച്ചു. പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചതോടെയാണ് ഇത് സാധ്യമായത്.
മരിച്ചവരുടെ ബന്ധുക്കള്‍ ന്യൂദല്‍ഹി വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ദിവസങ്ങളായി ഉറ്റവരുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാന്‍ ഓടിനടന്ന അവര്‍ക്ക് ഇത് ആശ്വാസത്തിന്റെ നിമിഷങ്ങള്‍.
അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ജഗ്സിര്‍ സിംഗ്, സഞ്ജീവ് കുമാര്‍ എന്നിവരുടെ ഭൗതിക ദേഹങ്ങള്‍ പഞ്ചാബിലേക്കും കമലേഷ് ഭട്ടിന്റേത് ഉത്തരാഖണ്ഡിലേക്കും കൊണ്ടുപോകും.
അതേസമയം, ഹൈദരാബാദില്‍ കോവിഡ് ബാധയുണ്ടായിരുന്ന ഒരു മൃതദേഹം വേണ്ടത്ര മുന്‍കരുതലില്ലാതെ കൈകാര്യം ചെയ്തതിലുള്ള പ്രശ്‌നം മുന്‍നിര്‍ത്തി ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് വാക്കാലുണ്ടായ നിര്‍ദ്ദേശമാണ് കഴിഞ്ഞദിവസങ്ങളില്‍ പ്രവാസികള്‍ക്കും പ്രശ്‌നമായതെന്ന് സൂചനയുണ്ട്. പിഴവ് കണ്ടതോടെ ഒരു മൃതദേഹവും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ കൊണ്ടുപോകേണ്ട എന്ന് എമിഗ്രേഷന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ വിദേശങ്ങളില്‍ നിന്നുള്ള മൃതദേഹങ്ങളും കൊണ്ടുപോകാന്‍ കഴിയാതെയായി.
കൃത്യമായ നിര്‍ദേശങ്ങളുടെ അഭാവത്തില്‍ എത്തിയ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ തടസ്സവാദംവന്നതോടെ യുഎഇയില്‍ നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയക്കാന്‍ കഴിയാതെയിരുന്നത്. അതില്‍ത്തന്നെ മൂന്നെണ്ണമാകട്ടെ ന്യൂദല്‍ഹിയില്‍ ഇറക്കാന്‍ സമ്മതിക്കാതെ മടക്കി അബുദാബിയിലേക്ക് അയക്കുകയായിരുന്നു. ഒരെണ്ണം ദുബായ് വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് അയ്ക്കാന്‍ സാധിക്കാതെയും വന്നു. പുറമേ കുവൈത്തില്‍ രണ്ടും ഖത്തറില്‍ ഒന്നും മൃതദേഹം അയക്കാനായില്ല.