നെടുമ്പാശേരി-വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അവര്‍ അന്യരല്ല, നമ്മുടെ സ്വന്തം എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നില്‍ ധര്‍ണ നടത്തും.
നാളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് 4 മണി വരെ തുടരുന്ന പ്രതിഷേധ ധര്‍ണയില്‍ എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്,വി.പി. സജീന്ദ്രന്‍, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതെന്ന് യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ ചാലകശക്തിയായ പ്രവാസി മലയാളികളുടെ ആശങ്കയകറ്റണമെന്നും അവരെ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ. മറ്റെല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ തിരികെ എത്തിച്ചെങ്കിലും ഇന്ത്യ ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. മിക്ക രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ അവരുടെ പൗരന്മാരെ തിരികെ കൊണ്ട് പോയി. എന്നിട്ടും നമ്മുടെ രാജ്യക്കാരെ തിരികെ എത്തിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരത്തെ അഭിവാദ്യം ചെയ്യും. ലോക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും സമരം. അതിനാല്‍, പ്രവര്‍ത്തകര്‍ സമര വേദിയിലേക്ക് എത്തരുതെന്നും ബെന്നി ബെഹനാന്‍ അഭ്യര്‍ഥിച്ചു.