റിയാദ്- മക്കയിലും 24 മണിക്കൂര്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടത്തിയ പ്രദേശങ്ങളിലുമൊഴികെ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും കര്‍ഫ്യൂ ഇളവ് തുടങ്ങി. ഇന്ന് മുതല്‍ മെയ് 13 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. മാളുകള്‍, ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, നിര്‍മാണ, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക് ബുധനാഴ്ച മുതലാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
എന്നാല്‍ കര്‍ശന നിബന്ധനകളോടെയാണ് കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ സ്ഥാപനം പൂട്ടാന്‍ അതത് ബലദിയകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഇളവ് വ്യവസ്ഥകള്‍.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കൈ കഴുകണം. ഹസ്താഭിവാദ്യം പാടില്ല. ആളുകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം വേണം. പ്രായമായവരും വിവിധ രോഗങ്ങളുള്ളവരും ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകരുത് എന്നിവയാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശം.
വ്യാപാര സ്ഥാപനങ്ങളില്‍ പണമിടപാട് പരമാവധി ഇ പെയ്‌മെന്റ് വഴിയാക്കുക, വസ്ത്രങ്ങളുടെ അളവ് നോക്കുന്ന സ്ഥലങ്ങളും നിസ്‌കാര ഹാളുകളും അടച്ചിടുക, ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യുക, ഇലക്ട്രോണിക് വാതിലുകള്‍ സ്ഥാപിക്കുക, വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കാതിരിക്കുക, 10 ചതുരശ്രമീറ്ററില്‍ ഒരു കസ്റ്റമര്‍ മാത്രം, കാഷ് കൗണ്ടറുകള്‍ക്ക് സമീപം ആളുകള്‍ക്ക് നില്‍ക്കാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിക്കുക, വാഹനങ്ങളില്‍ ചരക്കുകള്‍ പൊതിഞ്ഞുകൊണ്ടുപോവുക, ജീവനക്കാര്‍ കൈ കഴുകുക, ഗ്ലൗസ്, മാസ്‌ക് ധരിക്കുക. നേരിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ജീവനക്കാരനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുക, ഈ സമയം അവര്‍ക്ക് മെഡിക്കല്‍ ലീവ് നല്‍കുക, രോഗ ലക്ഷണം കണ്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുക എന്നിവ എല്ലാ സ്ഥാപനങ്ങളും പാലിക്കണം.