റിയാദ്- പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിയതോടെ സൗദിയിലെ വിവിധ മോര്‍ച്ചറികളില്‍ കിടക്കുന്ന ഇന്ത്യക്കാരുട മൃതദേഹങ്ങള്‍ക്ക് ഇനി നാട്ടിലേക്ക് വഴി തുറക്കും. ഇന്ത്യന്‍ എംബസിയുടെ പരിധിയില്‍ ഏകദേശം എഴുപതോളം മൃതദേഹങ്ങള്‍ നാട്ടിലേക്കുള്ള വഴി തേടി മോര്‍ച്ചറികളില്‍ കിടക്കുന്നുണ്ടെന്നാണ് വിവരം.
റിയാദ്, ബുറൈദ, അല്‍റാസ്, കിഴക്കന്‍ പ്രവിശ്യ, നോര്‍തേണ്‍ പ്രവിശ്യ എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ ആശുപത്രി മോര്‍ച്ചറികളിലാണ് ഇത്രയധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെയാണ് ഇത്രയധികം മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നത്. ഏതാനും മൃതദേഹങ്ങള്‍ ഇവിടെ തന്നെ ഖബറടക്കുകയും ചെയ്തു. അതിനിടെ ദുബൈ വഴി കാര്‍ഗോ സര്‍വീസ് ഉപയോഗപ്പെടുത്തി ചില മൃതദേഹങ്ങള്‍ കൊണ്ടുപോയിരുന്നു. പിന്നീട് അതിനും നിയന്ത്രണം വന്നതോടെ നാട്ടിലേക്കുള്ള എല്ലാ വഴികളും അടയുകയായിരുന്നു. എല്ലാ മാസവും അറുപതോളം മൃതദേഹങ്ങള്‍ ഇവിടെ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്.