അബുദാബി - യു.എ.ഇയില്‍ മരണപ്പെട്ട മൂന്നു ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ദല്‍ഹിയില്‍നിന്ന് അബുദാബിയിലേക്കു തന്നെ തിരിച്ചയച്ചത് തന്നെ ഞെട്ടിച്ചതായി യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. മൂന്നു ഇന്ത്യക്കാരും കൊറോണ ബാധിച്ചല്ല മരണപ്പെട്ടത്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് ദല്‍ഹിയിലേക്ക് അയച്ചത്. എന്നാല്‍ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ ഇറക്കാന്‍ അനുവദിക്കാതെ അധികൃതര്‍ അബുദാബിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു.
സംഭവിച്ചത് തന്നെ ഞെട്ടിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. കൊറോണ അനുബന്ധ നിയന്ത്രണങ്ങളുടെ ഭാഗമായാണോ മൃതദേഹങ്ങള്‍ തിരിച്ചയച്ചത് എന്ന് അറിയില്ല. എന്നാല്‍ കൊറോണ ബാധിച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്നില്ല എന്ന കാര്യം തീര്‍ച്ചയാണ്. എയര്‍പോര്‍ട്ടില്‍ നടപ്പാക്കിയ പുതിയ പ്രോട്ടോകോള്‍ കാരണമായാണ് മൃതദേഹങ്ങള്‍ തിരിച്ചയച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മൃതദേഹങ്ങള്‍ വിമാനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല. മണിക്കൂറുകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ അബുദാബിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നെന്ന് പവന്‍ കപൂര്‍ പറഞ്ഞു.
ഏപ്രില്‍ 17 ന് മരണപ്പെട്ട കംലേഷ് ഭട്ട്, ഏപ്രില്‍ 13 ന് മരണപ്പെട്ട സഞ്ജീവ് കുമാര്‍, ജഗ്‌സീര്‍ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് ദല്‍ഹിയില്‍ ഇറക്കാന്‍ അനുവദിക്കാതെ അബുദാബിയിലേക്കു തന്നെ തിരിച്ചയച്ചത്. ഇരുപത്തിമൂന്നുകാരനായ കംലേഷ് ഭട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തിലാണ് മൂന്നു മൃതദേഹങ്ങളും ദല്‍ഹിയിലേക്ക് അയച്ചത്. മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതിന് ബന്ധുക്കള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ ഭൗതിക ശരീരങ്ങള്‍ ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറക്കാന്‍ അനുവദിക്കാതെ അധികൃതര്‍ അതേ വിമാനത്തില്‍ അബുദാബിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു.