ദുബായ് - മൂന്നു വയസുകാരിയായ യു.എ.ഇ ബാലികക്ക് 50 ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ദുബായില്‍ മാതാപിതാക്കളുമായി പുനഃസമാഗമം. ഗാലിയ മുഹമ്മദ് അല്‍അമൂദിയാണ് 50 ദിവസത്തിനു ശേഷം മാതാപിതാക്കളുടെ സുരക്ഷിത കരങ്ങളുടെ തണലിലെത്തിയത്.
മാര്‍ച്ച് തുടക്കത്തില്‍ ഗാലിയ വല്യുമ്മക്കൊപ്പം ദുബായില്‍ നിന്ന് സൗദിയിലെ ദമാമിലേക്ക് പോവുകയായിരുന്നു. കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് രണ്ടു ദിവസത്തിനു ശേഷം ദമാമിലേക്ക് പോകാന്‍ ഗാലിയയുടെ മാതാവ് കരുതിയിരുന്നു. എന്നാല്‍ കൊറോണ പ്രതിസന്ധിക്കിടെയുണ്ടായ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളെ തുടര്‍ന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ മാതാവിന്റെ ദമാം യാത്ര മുടങ്ങുകയും ബാലിക സൗദിയില്‍ കുടുങ്ങുകയുമായിരുന്നു.
മൂന്നു വയസുകാരിയുടെ മടക്കയാത്രക്ക് സൗദി അറേബ്യയിലെ യു.എ.ഇ എംബസിയുമായും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായും യു.എ.ഇ വിദേശ മന്ത്രാലയം ഏകോപനം നടത്തുകയായിരുന്നു. 50 ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ബാലിക ദുബായില്‍ തിരിച്ചെത്തി. സൗദി അധികൃതരുമായി സഹകരിച്ച് ബാലികയുടെ മടക്കയാത്രക്ക് യു.എ.ഇ ഗവണ്‍മെന്റ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്റെ മകളുടെ മടങ്ങിവരവ് ഉറപ്പുവരുത്തുന്നതിനും സൗദിയിലെ താമസകാലത്തുടനീളം അവളുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ശ്രദ്ധയും വിദേശ മന്ത്രാലയം നല്‍കിയതായി ബാലികയുടെ പിതാവ് മുഹമ്മദ് അല്‍അമൂദി പറഞ്ഞു.