മക്ക - കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങളും മുന്‍കരുതലുകളും അവഗണിച്ച് വിശുദ്ധ ഹറമിനു സമീപം റോഡില്‍ വിദേശികള്‍ കൂട്ടത്തോടെ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചു. റോഡില്‍ നമസ്‌കാര പടങ്ങള്‍ വിരിച്ച് വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. ഹറമിലെ ജുമുഅ നമസ്‌കാരം പിന്തുടര്‍ന്നാണ് ഇവര്‍ റോഡില്‍ നമസ്‌കാരം നിര്‍വഹിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ഫ്യൂവും നിയന്ത്രണങ്ങളും ലംഘിച്ച് മക്കയില്‍ വിദേശികള്‍ ജുമുഅയില്‍ പങ്കെടുക്കുന്ന ആദ്യ സംഭവമാണിത്. ഇതുവരെ ഇത്തരമൊരു സംഭവം മക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിശുദ്ധ റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് ഇവര്‍ പ്രത്യേക താല്‍പര്യം കാണിക്കുകയായിരുന്നു. സുരക്ഷാ സൈനികരുടെ കണ്ണില്‍ പെടാതെയാണ് ഹറമിനു സമീപത്തെ ഇടുങ്ങിയ റോഡില്‍ വിദേശികള്‍ കൂട്ടമായി ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തത്.