Sorry, you need to enable JavaScript to visit this website.

സ്പ്രിംഗഌ കേസ്: ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം -രമേശ് ചെന്നിത്തല


തിരുവനന്തപുരം- സ്പ്രിംഗ്ളർ കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം അതീവ ഗൗരമാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച സുപ്രധാനമായ അഞ്ചു കാര്യങ്ങളിൽ കോടതി തീർപ്പുണ്ടാക്കിയിരിക്കുന്നു. സർക്കാറിന് അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ, അന്തസ്സുണ്ടെങ്കിൽ സ്പ്രിംഗളറുമായുള്ള കരാർ റദ്ദാക്കണം. കോടതിയുടെ പരാമർശങ്ങളും വാക്കാലുള്ള നിർദേശങ്ങളും കണക്കിലെടുത്താൽ കരാറുമായി മുന്നോട്ടു പോകാൻ സർക്കാറിന് ധാർമികമായ അവകാശമില്ല.


ഡാറ്റായുടെ സുരക്ഷിതത്വം. ആദ്യം മുതലേ ഞങ്ങൾ പറഞ്ഞിരുന്നത് അതാണ്. ഡാറ്റായുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ അവരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാവൂ.  കോടതി അതും അംഗീകരിച്ചു. കേരള സർക്കാറിന്റെ എംബ്ലവും ചിഹ്നവും സ്പ്രിംഗ്ളർ കമ്പനി അവരുടെ പ്രചാരണത്തിന് ഉപയോഗിക്കരുത്. കോടതി അത് അംഗീകരിക്കുകയും  സ്പ്രിംഗ്ളറെ അതിൽനിന്ന് തടയുകയും ചെയ്തു.
ഡാറ്റയുടെ വ്യക്തിഗത രഹസ്യാത്മകത നിലനിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. കോടതി അതിനും ഉത്തരവ് നൽകി. അമേരിക്കൻ കമ്പനി ശേഖരിച്ച ഡാറ്റ മറ്റാർക്കും കൈമാറരുത് എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. കോടതി അതിനും ഉത്തരവ് നൽകി. ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങൾക്കും പരിഹാരമുണ്ടായിരിക്കുകയാണ്. ഇനി വിശദമായ വാദം കേട്ടിട്ടാവും നടപടിക്രമങ്ങളിലെ വീഴ്ചയുടെ കാര്യത്തിൽ തീർപ്പുണ്ടാവുക. 


സ്പ്രിംഗ്ളർ ഇല്ലെങ്കിൽ കോവിഡിനെ നേരിടാൻ സാധ്യമല്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. ഡാറ്റാ അനാലിസിസിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും അത് അംഗീകരിച്ചില്ല. സ്പ്രിംഗ്ളർ എന്ന അമേരിക്കൻ കമ്പനിയോട് സർക്കാറിന് ഇത്രമാത്രം പ്രതിബദ്ധത എന്താണുള്ളത്? ബോംബെയിൽനിന്ന് സർക്കാർ പ്രത്യേക അഭിഭാഷകയെ തന്നെ കൊണ്ടുവന്നു. അവർക്ക് എത്ര ഫീസ് കൊടുക്കണമെന്ന് പിന്നീട് അറിയാം. ജനങ്ങളോട് ഇല്ലാത്ത ജാഗ്രത എന്തിനാണ് സർക്കാർ ഈ അമേരിക്കൻ കമ്പനിയോട് കാട്ടുന്നത്? കോടതിയുടെ വാക്കാലുള്ള പരാമർശനങ്ങളിൽ ഈ കരാറിനോടുള്ള കോടതിയുടെ അസന്തുഷ്ടി നിറഞ്ഞുനിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. കോവിഡിന്റെ മറവിൽ നടന്ന കള്ളക്കളിയും കച്ചവടവും അഴിമതിയും നേരിടാനുള്ള യു.ഡി.എഫിന്റെ മുന്നേറ്റം തുടരും. പല കാര്യങ്ങളിലും ഇനിയും അവ്യക്തത ഉണ്ട്. ധാരാളം ഡാറ്റ സ്പ്രിംഗ്ളറിന്റെ പക്കലെത്തി. അത് എന്തു ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഞാൻ പരാതിക്കാരനാണ്. എന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി ഉണ്ടാകും. ഇടക്കാല വിധിയിൽ തന്നെ ഇത്രയധികം ഉത്തരവും ഉണ്ടാവുന്നത് അസാധാരണമെന്നാണ് ഞങ്ങളുടെ അഭിഭാഷകർ അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ്  കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Latest News