Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംസം വെള്ളം വീടുകളിൽ  എത്തിക്കുന്ന പദ്ധതിക്ക് തുടക്കം

  • തുടക്കം മക്ക പ്രവിശ്യയിൽ, പത്ത് ദിവസത്തിനകം എല്ലാ പ്രവിശ്യകളിലും


മക്ക - പുണ്യതീർഥ ജലമായ സംസം വീടുകളിൽ എത്തിച്ചു നൽകുന്ന പുതിയ സേവനം ഹറംകാര്യ വകുപ്പ് മേധാവിയും കിംഗ് അബ്ദുല്ല സംസം പ്രോജക്ട് സൂപ്പർവൈസിംഗ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജല കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

 

തുടക്കത്തിൽ മക്കയിലാണ് സംസം ബോട്ടിലുകൾ വീടുകളിൽ എത്തിച്ചു നൽകുക. പടിപടിയായി സൗദിയിലെ എല്ലാ പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിശ്വാസികൾ നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കാനും ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിന് മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്താനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സാഹചര്യത്തിൽ വിശ്വാസികൾക്ക് താൽക്കാലികമായി സംസം വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ ജല കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽമോകലി പറഞ്ഞു. അഞ്ചു ലിറ്ററിന്റെ സംസം ബോട്ടിലുകളാണ് ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുക. സൗദിയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനിക്കു കീഴിലെ മുഴുവൻ ശാഖകളും വഴി ആവശ്യക്കാർക്ക് സംസം വിതരണം ചെയ്യുന്നതിന് കമ്പനിയുമായും കരാർ ഒപ്പുവെച്ചിട്ടുണ്ട്. മറ്റു വൻകിട റീട്ടെയിൽ കമ്പനികളുമായും സമാന ധാരണകളുണ്ടാക്കുന്നതിന് കിംഗ് അബ്ദുല്ല സംസം പ്രോജക്ട് ശ്രമിച്ചുവരികയാണ്. 


സംസം ബോട്ടിലുകൾ മക്ക പരിധിയിലെ വീടുകളിൽ എത്തിച്ചു നൽകുന്ന ഹനാക് പോർട്ടൽ (Hnak.com) തിങ്കളാഴ്ച മുതൽ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങും. പടിപടിയായി മറ്റു നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും സേവനം വ്യാപിപ്പിക്കും. എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകളിലും പടിപടിയായി സംസം ബോട്ടിലുകൾ ലഭ്യമാകും. പത്തു ദിവസത്തിനുള്ളിൽ എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകൾ വഴി ആവശ്യക്കാർക്ക് സംസം ബോട്ടിലുകൾ ലഭിക്കും. മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചാണ് സംസം ബോട്ടിലുകൾ വിതരണം ചെയ്യുക. 
അഞ്ചു ലിറ്ററിന്റെ സംസം ബോട്ടിൽ മക്കയിലെ വീടുകളിൽ എത്തിച്ചുനൽകുന്നതിന് ഏഴര റിയാലാണ് ഹനാക് പോർട്ടൽ വഴി ഉപയോക്താക്കൾ അടയ്‌ക്കേണ്ടത്. ഒരാൾക്ക് പരമാവധി നാലു സംസം ബോട്ടിലുകൾ വീതമാണ് നൽകുക. തിരിച്ചറിയൽ കാർഡ് നമ്പറുകൾ നൽകി സംസം ബോട്ടിലുകൾ ഓർഡർ ചെയ്ത് ഓൺലൈൻ വഴി പണമടയ്ക്കുകയാണ് വേണ്ടത്. കാഷ് ആയി പണമടയ്ക്കാൻ സൗകര്യമുണ്ടാകില്ല. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ സംസം ബോട്ടിലുകൾ ആവശ്യമുള്ളവർ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളും നൽകേണ്ടിവരും. മക്ക നഗരത്തിനു പുറമെ മക്ക പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും ആദ്യ ഘട്ടത്തിൽ തന്നെ സംസം ബോട്ടിൽ വിതരണമുണ്ടാകുമെന്ന് വിവരമുണ്ട്. പിന്നീട് മറ്റു പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും പടിപടിയായി സേവനം വ്യാപിപ്പിക്കുകയാണ് ചെയ്യുക. 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക പോംവഴിയെന്നോണമാണ് സംസം വിതരണത്തിന് പുതിയ ക്രമീകരണങ്ങളേർപ്പെടുത്തുന്നത്. കൊറോണ വ്യാപനം ഇല്ലാതാകുന്നതോടെ ഈ ക്രമീകരണങ്ങൾ നിർത്തിവെക്കുകയും സംസം വിതരണം പഴയ രീതിയിലാക്കുകയും ചെയ്യുമെന്ന് എൻജിനീയർ മുഹമ്മദ് അൽമോകലി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസം വിതരണ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടിയതായി കിംഗ് അബദുല്ല സംസം പ്രോജക്ട് നേരത്തെ അറിയിച്ചിരുന്നു. 

 

Latest News