Sorry, you need to enable JavaScript to visit this website.

തടവുകാരെ സഹായിക്കാൻ 'തട്ടിപ്പ് ആപ്'; മുന്നറിയിപ്പുമായി സൗദി ജയിൽ വകുപ്പ്‌

റിയാദ് - ഉദാരമതികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിന് വിദേശത്തു നിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പിനെതിരെ ജയിൽ വകുപ്പ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്ന സ്വദേശി, വിദേശി തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർത്ത് ജയിൽ മോചനം സാധ്യമാക്കുന്നതിന് ഉദാരമതികൾക്ക് സംഭാവനകൾ നൽകുന്നതിന് സൗകര്യമൊരുക്കി 'ഫുരിജത്' എന്ന പേരിൽ ജയിൽ വകുപ്പ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. 


ഓരോ തടവുകാരുടെയും പേരിലുള്ള സാമ്പത്തിക ബാധ്യതകൾ അറിയുന്നതിനും തങ്ങൾ ആഗ്രഹിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പൂർണമായും വീട്ടി മോചനം സാധ്യമാക്കുന്നതിനും തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിന് തങ്ങളാലാകുന്ന സംഭാവനകൾ നൽകുന്നതിനും ഉദാരമതികളെ സഹായിക്കുന്ന പദ്ധതിയാണ് ഫുരിജത്. ഇതേ പേരിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ വിദേശത്തുള്ളവർ വ്യാജ ആപ് ആരംഭിച്ചിരിക്കുന്നത്.


ഈ ആപ്പിന് യാതൊരുവിധ ഔദ്യോഗിക പരിവേഷവുമില്ല. ലൈസൻസില്ലാത്ത, വിദേശങ്ങളിലുള്ള വകുപ്പുകളാണ് ഈ ആപ്പിന് മേൽനോട്ടം വഹിക്കുന്നത്. 'ഫുരിജത്' സേവനവുമായി ബന്ധപ്പെട്ട് ഓൺലൈൻ സ്റ്റോറുകളിലെ ഒരു ആപ്പിനും ഇതുവരെ ലൈസൻസ് നൽകിയിട്ടില്ല. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ് ഡിലീറ്റ് ചെയ്യുന്നതിനും വീണ്ടും ഈ ആപ് ആരംഭിക്കാതെ സ്ഥാപകരെ തടയുന്നതിനും മുഴുവൻ നിയമാനുസൃത നടപടികളും ജയിൽ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജയിൽ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന 'ഫുരിജത്' പദ്ധതി ഗുണഭോക്താക്കൾക്കു വേണ്ടി സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി സംഭാവനകൾ നൽകാവുന്നതാണെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി. 

Latest News