Sorry, you need to enable JavaScript to visit this website.

പതിവു കാഴ്ചകളില്ല; വിശ്വാസികള്‍ക്ക് നൊമ്പരമായി  പുണ്യമാസം

വിശുദ്ധ റമദാന്റെ ആദ്യ ദിനത്തില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ മൂലം ശൂന്യമായ മസ്ജിദുൽ ഹറം 

റിയാദ്  - ആരാധനാ കർമങ്ങളുടെയും സാഹോദര്യവും സഹാനുഭൂതിയും വിഴിഞ്ഞൊഴുകുന്ന ദാനധർമങ്ങളുടെയും പതിവു കാഴ്ചകൾ അപ്രത്യക്ഷമായ ഇത്തവണത്തെ വേറിട്ട റമദാൻ വിശ്വാസികൾക്ക് നൊമ്പരമാകുന്നു. ലോകത്തെങ്ങുമുള്ള മുസ്‌ലിം ജനകോടികൾ തീക്ഷ്ണമായ അഭിനിവേശത്തോടെയാണ് പുണ്യമാസത്തെ എല്ലാ വർഷവും പ്രതീക്ഷിച്ചിരിക്കാറ്. 


എന്നാൽ ഇത്തവണ മഹാമാരിയായ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപ്പാക്കിയ നിയന്ത്രണങ്ങളും മുൻകരുതലുകളും മൂലം പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിലെ പതിവു കാഴ്ചകൾ അന്യമാവുകയാണ്. തറാവീഹ് നമസ്‌കാരവും ഇഅ്തികാഫും ഖുർആൻ പാരായണവും ദാനധർമങ്ങളും മറ്റു പുണ്യകർമങ്ങളും മറ്റു മാസങ്ങളിൽ നിന്ന് വിശുദ്ധ റമദാനെ വേറിട്ടതാക്കുന്ന പതിവുകളും ആത്മീയതകളുമാണ്. 


പതിവിനു വിപരീതമായി മസ്ജിദുകൾ അടഞ്ഞുകിടക്കുന്നതിനിടെയാണ് ഇത്തവണത്തെ റമദാൻ. കൊറോണ വ്യാപനം തടയുന്നതിന് എല്ലാവിധ കൂട്ടംചേരലുകളും വിലക്കിയിട്ടുമുണ്ട്. മഹാമാരി വ്യാപനം തടയുന്നതിന് മുസ്‌ലിം രാജ്യങ്ങൾ കടുത്ത മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മസ്ജിദുകളിൽ തറാവീഹും ജമാഅത്ത് നമസ്‌കാരങ്ങളും നിർവഹിക്കാൻ അവസരമില്ലാതെ പുണ്യമാസം കടന്നുവന്നതിൽ തനിക്കുള്ള അതിയായ വേദന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തന്നെ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. 
സമൂഹ ഇഫ്താറുകളാണ് ഇത്തവണത്തെ റമദാനിൽ അന്യമാകുന്ന പ്രധാന കാഴ്ചകളിൽ ഒന്ന്. ദിവസേന ലക്ഷക്കണക്കിന് തീർഥാടകരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ ഹറമിലെയും മസ്ജിദുന്നബവിയിലെയും ഇഫ്താറുകൾക്കു പുറമെ, രാജ്യത്തെ മസ്ജിദുകളോട് ചേർന്നും സമൂഹ ഇഫ്താറുകൾ നടക്കാറുണ്ട്. ഇതിനു പുറമെ, വ്യവസായികളും ധനാഢ്യരും വൻകിട കമ്പനികളും തങ്ങളുടെ വകയായും റമദാൻ മാസക്കാലം മുഴുവൻ പാവങ്ങൾക്കു വേണ്ടി സമൂഹ ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്കു വേണ്ടിയും റമദാനിൽ പ്രത്യേക ഇഫ്താർ, അത്താഴ വിരുന്ന് പാർട്ടികൾ നടത്താറുണ്ട്. 


സമൂഹ ഇഫ്താറുകൾ ഇല്ലാതായെങ്കിലും സ്വദേശികളും വിദേശികളുമായ പാവങ്ങൾക്കിടയിൽ ലക്ഷണക്കിന് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതികൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മറ്റു സർക്കാർ ഏജൻസികളും പ്രവിശ്യാ ഗവർണറേറ്റുകളുടെ മേൽനോട്ടത്തിൽ സന്നദ്ധ സംഘടനകളും നടപ്പാക്കുന്നുണ്ട്. 
കൂട്ടുകുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നുള്ള ഇഫ്താറും അത്താഴ വിരുന്നുകളും അപ്രത്യക്ഷമായതും ഇത്തവണത്തെ റമദാനെ വേറിട്ടതാക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും കോഫി ഷോപ്പുകളിൽ കൂട്ടംചേർന്ന് രാത്രി ചെലവഴിക്കുന്ന പതിവു രീതിയും ഇത്തവണ അന്യമായി. 


ചൂടുള്ള സമ്മൂസയും മറ്റു റമദാൻ വിഭവങ്ങളും പലഹാരങ്ങളും വിൽക്കുന്ന സ്റ്റാളുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലെ കടുത്ത തിരക്ക് റമദാനിലെ പതിവു കാഴ്ചയാണ്. ഇത്തവണ ഇത്തരമൊരു ദൃശ്യവും കാണാനാകില്ല. ജമാഅത്ത് നമസ്‌കാരങ്ങൾ നിർവഹിക്കാൻ മാത്രമല്ല, മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കാനും ഇത്തവണ വിശ്വാസികൾക്ക് സാധിക്കില്ല. റമദാൻ രാവുകളെ സജീവമാക്കി ഒരേ പ്രദേശവാസികളായ യുവാക്കൾ ഒത്തുചേർന്ന് നടത്തുന്ന ഫുട്‌ബോൾ മത്സരങ്ങളും ഇത്തവണത്തെ റമദാനിൽ നഷ്ടക്കാഴ്ചകളുടെ കോളത്തിൽ ഇടംപിടിച്ചിരിക്കുന്നു.

 

 

Latest News