Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ റിസ നിർമ്മാണം എട്ട് മാസത്തിനകം; വിമാനകമ്പനികളുടെ യോഗം ചേർന്നു

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ(റിസ)നീളം  വർധിപ്പിക്കാൻ തീരുമാനിച്ചു. വിമാനകമ്പനികളുടെ യോഗത്തിലാണ് തീരുമാനം. എയർപോർട്ട് അതോറിറ്റി കേന്ദ്രകാര്യാലയത്തിൽ നിന്നെത്തിയ ഓപ്പറേഷൻസ് ജനറൽ മാനേജർ അനിൽ ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ വിമാനകമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്.
കോഡ് ഇയിലുളള വിമാനങ്ങളുടെ സർവീസ് ആരംഭിക്കണമെങ്കിൽ റിസയുടെ നീളം 240 മീറ്ററായി വർധിപ്പിക്കണം. കരിപ്പൂരിൽ നിലവിൽ 90 മീറ്റർ മാത്രമാണുളളത്. എട്ട് മാസത്തിനകം റിസയുടെ നീളം വർധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. 2,860 മീറ്ററാണ് കരിപ്പൂരിലെ നിലവിലെ റൺവേ. ഇതിൽ നിന്ന് 150 മീറ്റർ റിസയായി പരിഗണിക്കാനാണ് തീരുമാനം. ഇതോടെ റൺവേ നീളം 2,700 മീറ്ററായി ചുരുങ്ങും. ഭാവിയിൽ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള സ്ഥലം റിസക്കായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. റിസയുടെ നീളം കൂട്ടുന്നതിന് മുന്നോടിയായി റൺവേയിലെ ലൈറ്റുകൾ മാറ്റി ക്രമീകരിക്കേണ്ടതുണ്ട്. ക്രമീകരണങ്ങൾക്കായി കുറച്ച് സമയത്തേക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. പകൽ സമയത്തായിരിക്കും സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക.
കരിപ്പൂർ വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ, സൗദി എയർലൈൻസ്, എയർഇന്ത്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും കരിപ്പൂരിലെ എയർ ട്രാഫിക് കൺട്രോൾ, ടെലി കമ്മ്യൂണിക്കേഷൻ, സിവിൽ എൻജീനിയറിങ്ങ് വിഭാഗം മേധാവികളും യോഗത്തിൽ സംബന്ധിച്ചു.
 

Latest News