ദൽഹിയുടെ ആകാശത്തിനിപ്പോൾ നീലനിറമാണ്. വിഷമയമായ ആ ഇരുൾച്ച ഇപ്പോൾ കാണാനില്ല. തെളിഞ്ഞ ആകാശം. വിദൂരക്കാഴ്ചകൾ പോലും സുവ്യക്തം. സന്ധ്യ മയങ്ങുമ്പോഴും നിലാവ് പരക്കുമ്പോഴും ദൽഹി ആ പഴയ സുന്ദരിയാകും. കോവിഡിന് നന്ദി.
ലോകം മാറ്റത്തിന്റെ പടിവാതിൽക്കലാണെന്ന് ഗ്രെറ്റ തുൻബെർഗ് പറയുന്നു. പരിസ്ഥിതി പ്രവർത്തന രംഗത്തെ കൗമാര സാന്നിധ്യമായ ഗ്രെറ്റ ലോക ഭൗമദിനത്തിൽ ലോകത്തോട് സംസാരിച്ചത് ആ മാറ്റത്തെക്കുറിച്ചാണ്. മരണം വിതക്കുന്ന വൈറസ് മനുഷ്യനെ പുതുചിന്തകൾക്ക് പ്രേരിപ്പിക്കുമെന്ന് അവൾ പ്രത്യാശിക്കുന്നു. നാം പടുത്തുയർത്തിയ സാമ്പത്തിക പുരോഗതിയുടെയും വികസനത്തിന്റെയും വില, നമ്മുടെ ഭൂമി തന്നെയാണെന്ന് തെളിയിക്കാൻ വൈറസ് ഭീകരൻ വരേണ്ടി വന്നു. ലോകം സ്തംഭിച്ചുനിൽക്കുമ്പോൾ, ഭൂമി പ്രസന്നവതിയാകുന്നത് മറ്റെന്തിന്റെ തെളിവാണ്?
മനുഷ്യന്റെ അതിവേഗവും അതിമോഹവും ഭൂമിയെ കരിഞ്ഞ ഗ്രഹമായി മാറ്റുകയായിരുന്നു. അനിയന്ത്രിതമായ കാർബൺ വാതകങ്ങളുടെ നിർഗമനം ലോകത്തിന്റെ പ്രകാശത്തെ കെടുത്തുകയും ഇരുട്ടിനെ ക്ഷണിച്ചുവരുത്തുകയും ചെയ്തു. നഗരാകാശങ്ങൾ തെളിവെയിലിലും കാളിമയാർന്നു നിന്നു. തണുത്ത പ്രഭാതങ്ങളിൽ മനുഷ്യർ ശ്വാസം കിട്ടാതെ വലഞ്ഞു. നാസാരന്ധ്രങ്ങളിൽ കൂടി അരിച്ചുകയറുന്ന വായു, അസഹനീയമായ നീറ്റലുണ്ടാക്കി. ഓക്‌സിജനുപകരം കാർബൺഡയോക്‌സൈഡും കാർബൺ മോണോക്‌സൈഡും മനുഷ്യന്റെ ശ്വാസകോശങ്ങളിൽ പിടിമുറുക്കി അവനെ ഇഞ്ചിഞ്ചായി കൊന്നു.
ഒരു മാസത്തോളമെത്തുന്ന ലോക്ഡൗണിന് ശേഷം പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു, അന്തരീക്ഷത്തിൽ കാർബൺ വാതകങ്ങളുടെ സാന്നിധ്യം തുലോം കുറഞ്ഞെന്ന്. കനത്ത ചൂടിൽ, ഉരുകിയൊലിക്കേണ്ട പല സ്ഥലങ്ങളിലും ആശ്വാസകരമായ കാലാവസ്ഥയാണത്രേ. നിരത്തുകളിൽനിന്ന് വാഹനങ്ങൾ അകന്നു നിൽക്കുമ്പോൾ, ഫാക്ടറികളുടെ പുകക്കുഴലുകളിൽനിന്ന് വിഷവാതകം പുറത്തേക്ക് വരാതിരിക്കുമ്പോൾ ഭൂമി ആശ്വസിക്കുന്നു. അതിന്റെ മുഖം തെളിയുന്നു. മനുഷ്യന് കൂടുതൽ സുഖപ്രദമായ ജീവിതം അത് വാഗ്ദാനം ചെയ്യുന്നു. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ പകരുന്നു.
അന്തരീക്ഷ മലിനീകരണം കൊണ്ട് ജീവിതം അസഹ്യമായപ്പോൾ ദൽഹിയിൽ പല പരീക്ഷണങ്ങളും നാം നടത്തി. നിരത്തുകളിൽനിന്ന് വാഹനങ്ങൾ മാറ്റിനിർത്തുകയായിരുന്നു അതിലൊന്ന്. വാഹനങ്ങളിലുള്ള മനുഷ്യരുടെ യാത്ര പരമാവധി ഒഴിവാക്കാൻ, ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളെ മാത്രം അനുവദിച്ചു. വളരെ പ്രയാസത്തോടെയാണ് ദൽഹി വാസികൾ ഈ നിർദേശങ്ങൾ സ്വീകരിച്ചത്. ഇപ്പോൾ, കൊറോണ വൈറസിന്റെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആശ്വസിക്കുന്ന ഇന്ത്യൻ നഗരം ഒരുപക്ഷേ ദൽഹി തന്നെയായിരിക്കും. അപരിഹാര്യമായി തുടർന്ന അന്തരീക്ഷ മലിനീകരണത്തിന് താൽക്കാലികമായെങ്കിലും അന്ത്യമായിരിക്കുന്നു. ഇവിടെനിന്ന് ഒരു പുതിയ തുടക്കത്തിന് നമുക്ക് സാധിച്ചാൽ, ദൽഹിയെ പഴയ മനോഹര നഗരമായി മാറ്റിയെടുക്കാൻ കഴിഞ്ഞേക്കും.
ദൽഹി മാത്രമല്ല, അനേകം ലോക നഗരങ്ങൾ, അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതിനാൽ ആശ്വസിക്കുകയാണ്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കോപർനിക്കസ് ഉപഗ്രഹ ഇമേജ് പ്രകാരം ബീജിംഗ് അടക്കമുള്ള പല ചൈനീസ് നഗരങ്ങളിലും ഫെബ്രുവരി മുതൽ അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്‌സൈഡിന്റെ അളവിൽ കാര്യമായ കുറവ് കാണിക്കുന്നു. ഫാക്ടറികൾ അടച്ചിട്ടതും തെരുവുകൾ വാഹന ശൂന്യമായതുമാണ് കാരണമെന്ന് അവർ പറയുന്നു. ഇറ്റലിയിലെ വെനീസ് കനാലുകളിലെ ജലം ഇപ്പോൾ സ്ഫടിക തുല്യമായ തെളിമയോടെയാണ് ഒഴുകുന്നത്. നീന്തിത്തുടിക്കുന്ന ചെറുമത്സ്യങ്ങൾ അതിൽ ദൃശ്യമാകുന്നു. ടൂറിസ്റ്റുകളെ കയറ്റിയ മോട്ടോർ ബോട്ടുകൾ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന കനാലുകൾ ഇപ്പോൾ ശാന്തമാണ്. ടൂറിസ്റ്റുകളെ വിലക്കുകയും നാട്ടുകാരോട് വീട്ടിലിരിക്കാൻ പറയുകയും ചെയ്ത ഇറ്റാലിയൻ സർക്കാറാണ് ഈ മാറ്റത്തിന് കാരണം, അവരെ പ്രേരിപ്പിച്ചതാകട്ടെ. കൊറോണ വൈറസും. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മിലാൻ നഗരത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തിലും കാര്യമായ മാറ്റം വന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ദോഷകരമായ വാതക നിർഗമനം തടയാൻ ജനുവരിയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയ നഗരങ്ങളിലൊന്നാണ് മിലാൻ എന്നോർക്കണം.
കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണിലേക്ക് പോയ ഫ്രാൻസിൽനിന്നും സമാനമായ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാരീസ് അടക്കം മൂന്ന് യൂറോപ്യൻ നഗരങ്ങളിൽ ലോക്ഡൗണിന് ശേഷം നൈട്രജൻ ഡയോക്‌സൈഡിന്റെ അളവിൽ നാൽപത് ശതമാനം കുറവാണ് വന്നിരിക്കുന്നതത്രേ. മാർച്ച് 14 നും 25 നുമിടക്ക് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കോപർനിക്കസ് സെന്റിനൽ-5പി ഉപഗ്രഹം ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ ആകാശത്ത് നടത്തിയ പഠനത്തിൽ നൈട്രജൻ ഡയോക്‌സൈഡിന്റെ സാന്നിധ്യം വളരെ കുറഞ്ഞതായി കണ്ടെത്തി. ഒരു മാസം കൂടി കഴിയുമ്പോൾ അത് തീർച്ചയായും വീണ്ടും കുറഞ്ഞേക്കാം. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പാരീസ് ഇപ്പോൾ വിജനമാണ്. ഗതാഗതമേയില്ല. ഈഫൽ ടവർ പോലെയുള്ള നഗരത്തിന്റെ ആകർഷണങ്ങൾ ഇപ്പോൾ ഏറെ ദൂരെനിന്നും തെളിമയോടെ കാണാമെന്നത് അന്തരീക്ഷം എത്രമാത്രം മാറിയിരിക്കുന്നു എന്നതിന് തെളിവാണ്.
ഏപ്രിൽ ആറിന് പുറത്തുവിട്ട ഒരു ചിത്രത്തിൽ, ദൽഹിയിലെ രാഷ്ട്രപതി ഭവനും ഇന്ത്യാഗേറ്റും അടക്കമുള്ള ലാൻഡ്മാർക്കുകൾ ഏറെ ദൂരെനിന്നും സുവ്യക്തമായി കാണാമായിരുന്നു. ഇത് മാധ്യമങ്ങൾ പ്രാധാന്യപൂർവം പ്രസിദ്ധീകരിക്കുകയുണ്ടായി. മഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന ഹിമാലയത്തിന്റെ തെളിമയുള്ള ദൃശ്യം ഇപ്പോൾ നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും കാണാം. എത്രയോ വർഷമായി അത് സാധ്യമായിരുന്നില്ല. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 50 നഗരങ്ങളിൽ പകുതിയും ഇന്ത്യയിലാണെന്നാണ് കഴിഞ്ഞ വർഷം സ്വിസ് സ്ഥാപനമായ ഐക്യു എയർ നടത്തിയ പഠനത്തിൽ കണ്ടത്. വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ, കൽക്കരി പ്ലാന്റുകൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന വിഷവാതകങ്ങളായിരുന്നു കാരണം. ഈയവസ്ഥക്ക് ലോക്ഡൗണിൽ തീർച്ചയായും മാറ്റം വന്നിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തെ കാർബൺഡയോക്‌സൈഡ് നിർഗമനത്തിൽ ഏറ്റവും കുറവ് വന്നിരിക്കുന്നത് കൊറോണയുടെ വരവോടെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കാർബൺ വാതകങ്ങൾ പുറത്തേക്ക് പ്രവഹിക്കുന്നത് നിലക്കുമ്പോൾ, നമ്മുടെ സാമ്പത്തികരംഗവും നിലച്ചുപോകുന്നുവെന്ന നടുക്കുന്ന യാഥാർഥ്യം മനുഷ്യന്റെ തെറ്റായ വികസനരീതികളെക്കുറിച്ച ജ്ഞാനമാണ് പകരുന്നത്. ഇത് അറിയാതിരുന്ന യാഥാർഥ്യമല്ല. അറിഞ്ഞുകൊണ്ടു തന്നെ നാം ചെയ്ത വലിയ തെറ്റായിരുന്നു. ഫാക്ടറികൾ അടച്ചും വിമാനങ്ങൾ നിലത്തിറക്കിയും ദശലക്ഷങ്ങളെ വീടുകളിൽ പൂട്ടിയും നമുക്ക് കാർബൺ മലിനീകരണം ഇല്ലാതാക്കാനാവില്ല. സ്ഥിതിഗതികൾ നേരെയാകുമ്പോൾ കൊറോണയെ നാം പിടിച്ചുകെട്ടിക്കഴിയുമ്പോൾ പഴയ കാലം വീണ്ടും വരും. അതിനാൽ ഭൂമിയുടെ മുഖപ്രസാദം അധികകാലം നിലനിൽക്കില്ല. തകർന്ന സമ്പദ്ഘടനയെ തിരിച്ചുപിടിക്കാൻ വർധിത വീര്യത്തോടെ നാം പഴയ തെറ്റുകൾ ആവർത്തിക്കും.
ഘടനാപരമായ ഒരു മാറ്റം സാധ്യമാക്കാതെ, പരിസ്ഥിതിയെ രക്ഷിക്കാൻ നമുക്കാവില്ല. അന്തരീക്ഷത്തെ വിഷമുക്തമാക്കാൻ കഴിയില്ല. അതിനുള്ള ചെറിയ പാഠം പകരാൻ നാശകാരിയായി ചെറുവൈറസിന്റെ സാന്നിധ്യം നമുക്ക് പ്രചോദനമാകുമോ എന്നത് മാത്രമാണ് ചോദ്യം. ഗ്രെറ്റ പറയുന്നതുപോലെ, നമുക്ക് ഒരേ സമയം രണ്ടു വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ഒന്ന്, കൊറോണ വൈറസ് ആണെങ്കിൽ രണ്ടാമത്തേത് കാലാവസ്ഥാ വ്യതിയാനമാണ്. നാം തയാറാകുമോ...?