എല്ലാ അർഥത്തിലും ഒരു ദുരന്ത മുഖത്താണ് ലോകം. അങ്ങിങ്ങായി പ്രത്യാശയുടെ കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നു പറയാമെങ്കിലും ആശങ്കകൾക്ക് അറുതിയായിട്ടില്ല പല രാജ്യങ്ങളിലും. മാത്രമല്ല കൂടുതൽ ഭീകരതയുടെ ഇരുട്ടിലേക്കാണോ ലോകം നീങ്ങുന്നതെന്ന് ഭയപ്പെടുകയാണ് മനുഷ്യരെല്ലാം.
ഈ മഹാമാരിയുടെ രൂക്ഷതയിൽ നിന്ന് രക്ഷപ്പെട്ടാൽ തന്നെ, സാമൂഹ്യ ഘടനയിൽ ഇതിന്റെ പ്രത്യാഘാതമായി സംഭവിക്കാനിരിക്കുന്ന അസന്തുലിതാവസ്ഥ മറ്റൊരു ദുരന്തത്തിലേക്കാകുമോ എന്ന ഭയവും അസ്ഥാനത്തല്ല. പൊതുജീവിതത്തിനു പൂട്ടിട്ടു നിയന്ത്രിച്ച ഈ ഇടവേളയിലും വർഗീയതയുടെയും കക്ഷിമാത്സര്യങ്ങളുടെയും വൈറസുകൾ ചത്തുപോയിട്ടില്ലെന്നും ഇടം ലഭിച്ചാൽ ഇരട്ടി ശക്തിയോടെ തിരിച്ചു വരാനിടയുണ്ടെന്നും വിചാരിക്കുന്നത് അസ്ഥാനത്തല്ല. ചുരുക്കത്തിൽ മനുഷ്യന് പാഠം പഠിഞ്ഞിട്ടില്ലെന്ന് സാരം.
ഭൗതിക ശേഷിപ്പുകൾക്കപ്പുറത്ത് എല്ലാം നിർണയിച്ച് നിയന്ത്രിക്കുന്ന റബ്ബിനെപ്പറ്റിയുള്ള ചിന്ത മനുഷ്യ മനസ്സുകളിൽ ഇടം നേടിയിട്ടുണ്ടോ എന്നത് നാം ആത്മപരിശോധന നടത്തേണ്ട വിഷയമാണ്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആത്മശുദ്ധീകരണത്തിന് മുന്തിയ സ്ഥാനം നൽകുന്ന ഒരു മാസമാണിത്. പഴയ കാലത്ത് 'നനച്ചുകുളി' എന്നൊരു നാട്ടുസമ്പ്രദായമുണ്ടായിരുന്നു ഗ്രാമങ്ങളിൽ. റമദാന്റെ തലേന്ന് വീട്ടിലെ പായകളും വിരിപ്പുകളും കട്ടിലും കസേരകളുമെല്ലാം കഴുകി പുത്തനാക്കിയിരിക്കും. അതിനു മുമ്പുള്ള ദിവസങ്ങളിൽ വീടിന്റെ നിലവും ചുമരും മുറ്റവും വാതിൽ, ജനൽ കട്ടിലകളും തേച്ചു തുടച്ചു മിനുക്കിയിരിക്കും. ഇക്കാലത്ത് പൊതുവെ അതിനാവശ്യമില്ലെങ്കിലും നോമ്പിനെ വരവേൽക്കാൻ ഒരു തയാറെടുപ്പ് മുസ്‌ലിം വീടുകളിലുണ്ട്. മസ്ജിദുകൾ റമദാനെ വരവേൽക്കാൻ സജ്ജമാക്കുക, സമൂഹ ഇഫ്താർ, കൂട്ടുകുടുംബ ഇഫ്താർ, നിറഞ്ഞു നിൽക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾ, തറാവീഹ്, സാധുക്കൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ദാനധർമങ്ങൾ, പള്ളികളിലും പുറത്തുമുള്ള നസ്വീഹത്തുകൾ, തുടങ്ങി റമദാൻ ഒരു ആത്മീയ ആഘോഷമായിത്തന്നെയാണ് എല്ലാ മുസ്‌ലിംകളും പരിഗണിച്ചു പോരുന്നത്.
ഏതൊരു വിശ്വാസിക്കും ആത്മനിർവൃതിയുണ്ടാക്കുന്ന ഈ റമദാൻ കാല അനുഭവങ്ങളിൽ ചിലതെങ്കിലും നഷ്ടമാകുന്ന നോമ്പുകാലത്തെയാണ് ഈ വർഷം നാം അഭിമുഖീകരിക്കുന്നത്. ഇന്ന് നമ്മുടെ മസ്ജിദുകൾ പൊതുജനങ്ങളുടെ മുമ്പിൽ അടഞ്ഞുകിടക്കുകയാണ്. ജമാഅത്തുകൾക്കും രാത്രി നമസ്‌കാരങ്ങൾക്കും ഇഅ്തികാഫിനും ഖുർആൻ പാരായണം, പ്രാർഥന എന്നിവയ്ക്കുമായി രാപ്പകൽ നിബിഢമായിരുന്ന ഇരുഹറമുകളടക്കമുള്ള ലോകത്തെ മിക്ക മസ്ജിദുകളിലും വിശ്വാസികളുടെ കാര്യമായ സാന്നിധ്യമുണ്ടായിരിക്കുകയില്ല. വിശ്വാസിയുടെ മനസ്സ് വേദനിക്കുന്ന ദുരനുഭവം തന്നെയാണിത്. അധികമാളുകളുടെയും ജീവിതത്തിലെ ആദ്യാനുഭവമാണിത്. നാം തന്നെ കൂട്ടായ്മയിൽ നടത്തുന്ന ഒട്ടനവധി സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ മുതൽ ആതുര കേന്ദ്രങ്ങൾ വരെ ഒരു വർഷത്തെ നടത്തിപ്പിന് വക കണ്ടെത്തുന്നത് ഇക്കാലത്താണ്. അവയൊന്നും ഇനി വഴിമുട്ടി നിൽക്കാൻ പാടില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ മുഴുപ്പട്ടിണിക്കിടയിലും ദീനീപഠനത്തിനും അനാഥ അഗതി സംരക്ഷണത്തിനും വേണ്ടി നടത്തപ്പെടുന്ന എത്രയോ സ്ഥാപനങ്ങൾക്കു വേണ്ടി പ്രതിനിധികൾ ഈ റമദാൻ കാലത്ത് കേരളത്തിലെ പച്ചപ്പ് തേടി വരാറുണ്ടായിരുന്നു. ഇരട്ടി ദുരിതക്കയത്തിലേക്ക് വഴുതിവീഴുന്ന ആ ദരിദ്ര മക്കളെ നാം മറക്കരുത്. പരീക്ഷണ മുഖത്ത് പകച്ചു നിൽക്കുകയോ ഒളിച്ചോടുകയോ ചെയ്യാൻ വിശ്വാസിക്ക് പാടില്ല. ധൈര്യമായി അവയെ നേരിടുകയും അതിജീവിക്കുകയുമാണ് ചെയ്യേണ്ടത്. നിരാശ മതപരമായി നിരോധിച്ചതാണ്.
പ്രയാസങ്ങൾക്കു മുമ്പിൽ പരിഭ്രമിച്ചു നിൽക്കുന്ന മനുഷ്യന് മനസ്സുരുകിയ പ്രാർഥന പരിഹാരമാണെന്ന് നബിമാരുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ട് ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. ഖുർആൻ അവതരിച്ച ഈ മാസത്തിൽ ആ ചരിത്ര പാഠങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അയ്യൂബ് നബി (അ) വലിയ സാമ്രാജ്യത്തിന്റെയും അനേകം സമ്പത്തിന്റെയും ഉടമ കൂടിയായിരുന്ന പ്രവാചകനായിരുന്നു. മാരകമായ ഒരു രോഗത്തിന് അദ്ദേഹം വിധേയനായി. ശരീരത്തിൽ നിന്ന് മാംസം കഷ്ണങ്ങളായി മുറിഞ്ഞു പോയിത്തുടങ്ങി. എല്ലാം വിറ്റു തീർത്ത് ചികിത്സിച്ചിട്ടും ഫലം കണ്ടില്ല. ജനവാസ സ്ഥലങ്ങളിൽ നിന്നും ദൂരേക്ക് നാട്ടുകാർ അദ്ദേഹത്തെ മാറ്റിപ്പാർപ്പിച്ചു. ഉറ്റവരൊക്കെയും മരിച്ചു പോയി. പിരിചരിക്കാൻ ബാക്കിയുണ്ടായിരുന്നത് ഭാര്യ മാത്രമായിരുന്നു. ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയപ്പോൾ അവർ അന്യരുടെ വീട്ടിൽ തൊഴിലെടുത്ത് കിട്ടുന്നത് കൊണ്ടാണ് അയ്യൂബ് നബി (അ) യും ഭാര്യയും കഷ്ടിച്ചു ജീവിച്ചത്. ഒടുവിൽ രോഗം പകരുമെന്ന് പേടിച്ച് നാട്ടുകാർ ആ അവരെ ജോലിക്കു വരാൻ അനുവദിച്ചില്ല. ഗത്യന്തരമില്ലാതായപ്പോൾ അവർ തന്റെ നീണ്ടുവളർന്ന തലമുടി (അന്നത്തെ സമ്പ്രദായമനുസരിച്ച്) ഭർത്താവറിയാതെ വിൽപന നടത്തിയിട്ട് അയ്യൂബ് നബി (അ) ക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു. ഇതെല്ലാം ക്ഷമിച്ച് സഹിച്ച് ഒമ്പത് വർഷത്തിലേറെ ആ കുടുംബം തള്ളി നീക്കി. തന്റെ ഭാര്യ അറ്റകൈക്ക് തലമുടി വിറ്റിട്ടാണ് തന്നെ പരിചരിക്കുന്നതെന്ന് പിന്നീട് അയ്യൂബ് നബി (അ) മനസ്സിലാക്കി. അദ്ദേഹം മനമുരുകി അല്ലാഹുവിനോട് പ്രാർഥിച്ചു. ആ സംഭവം ഖുർആൻ വിവരിച്ചത് കാണുക:
അയ്യൂബിനെയും (ഓർക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ച സന്ദർഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആരാധനാ നിരതരായിട്ടുള്ളവർക്ക് ഒരു സ്മരണയുമാണത്.
ദുരന്ത മുഖത്ത് രക്ഷാമാർഗങ്ങൾ അടഞ്ഞപ്പോൾ അല്ലാഹുവിൽ മാത്രം അഭയം തേടി പ്രാർഥിച്ചു രക്ഷ ലഭിച്ച നബിമാരുടെയും അനുയായികളുടെയും ചരിത്രം വേറെയും ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്. ദീർഘമായ ഒരു യാത്രാ മധ്യേ ഇരുട്ടായപ്പോൾ ഒരു ഗുഹയിൽ കയറി അന്തിയുറങ്ങിയ മൂന്നു പേരുടെ സംഭവം നബി (സ) പഠിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ മലമുകളിൽ നിന്ന് ഒരു പാറക്കല്ല് ഉരുണ്ട് വന്ന് ഗുഹാമുഖം അടഞ്ഞു പോയതിനാൽ, രക്ഷാ മാർഗമായി അവർ മൂന്നു പേരും ജീവിതത്തിൽ ചെയ്ത നന്മകൾ എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹുവോട് പ്രാർഥിച്ചു. മാതാപിതാക്കളെ പരിചരിച്ചത്, തനിക്ക് കൂലിവേല ചെയ്ത പാവപ്പെട്ട തൊഴിലാളിക്ക് കൂലിക്ക് പുറമെ അധിക ദാനം ചെയ്തത്. അവിഹിതം ചെയ്യാൻ സാഹചര്യം അനുകൂലമായിട്ടും അല്ലാഹുവിനെ പേടിച്ച് മാറിനിന്നത് എന്നിങ്ങനെ മൂന്ന് പേരും അവരവർ ചെയ്ത സൽക്കർമങ്ങൾ മുന്നിലെടുത്ത് പറഞ്ഞ് പ്രാർഥിച്ചപ്പോൾ അവർ ഗുഹക്കുള്ളിൽ നിന്ന് രക്ഷപ്പെട്ടു.
റമദാൻ പ്രാർഥനക്ക് കൂടുതൽ ഉത്തരം ലഭിക്കുന്ന മാസമാണ്. പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുള്ള മാനുഷികമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് പ്രാർഥിക്കാനാണ് ഇസ്‌ലാം കൽപിക്കുന്നത്. അല്ലാഹുവിൽ ഭരമേൽപിക്കുക (തവക്കുൽ) എന്നത് ഇത്തരം ആപൽഘട്ടങ്ങളിൽ പ്രത്യേകിച്ചും വലിയൊരു രക്ഷാകവചമാണ്. അതിനർഥം, നാം ചെയ്യേണ്ടതൊന്നും ചെയ്യാതെ എല്ലാം അല്ലാഹു നോക്കിക്കൊള്ളും എന്നു കരുതി കാത്തിരിക്കുകയല്ല. പകർച്ചവ്യാധികൾ പടരാതിരിക്കാൻ അതുള്ള സ്ഥലങ്ങളിലേക്ക് പുറത്തുള്ളവർ പ്രവേശിക്കരുതെന്നും അത് വ്യാപിച്ച സ്ഥലത്ത് നിന്നാരും പുറത്തു കടക്കരുതെന്നും നബി (സ) കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം രോഗമുള്ളവരെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്താനും ചൊറി പിടിച്ച ഒട്ടകത്തെ അല്ലാത്തവയിൽ നിന്നകറ്റാനും നബി (സ) കൽപിച്ചത് ഈ മുൻകരുതലിന്റെ ഭാഗമാണ്.
ഇസ്‌ലാം പ്രായോഗികതയുടെ മതമാണ്. അതിലെ അനുഷ്ഠാന ശാസനകളിലെല്ലാം 'സാധിക്കുന്നവർക്ക്' എന്ന നിബന്ധനയോടു കൂടിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഉദാഹരണമായി ഹു് ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നും ശരിയാംവിധം ഹജ് നിർയഹിച്ചാൽ നവജാത ശിശുവിനെപ്പോലെ പാപമുക്തനാകുമെന്ന് പഠിപ്പിച്ചിട്ടുള്ളതുമാണ്. എന്നാലത് കഴിയുന്നവർക്കേ നിർബന്ധമുള്ളൂ. 'അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുന്നില്ല' (വി.ഖു. 2:286)
ഹിജ്‌റ ഒമ്പതാം വർഷത്തിൽ മദീനയിൽ ചൂടും ക്ഷാമവും കഠിനമായ കാലത്താണ് തബൂക്ക് യുദ്ധത്തിനു വേണ്ടി പുറപ്പെടുവാൻ നബി (സ.അ) കൽപിച്ചത്. പ്രതികൂല സാഹചര്യത്തിൽ സൈനിക സേവനത്തിന് സന്നദ്ധരായവർക്ക് വമ്പിച്ച പ്രതിഫലമുണ്ടെന്ന് നബി (സ.അ) അനുയായികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ യുദ്ധത്തിന് പോകാൻ തടസ്സം നേരിട്ടതിനാൽ വീട്ടിലിരിക്കേണ്ടി വന്ന ചില സ്വഹാബികൾ ദുഃഖം പ്രകടിപ്പിച്ചു. അവരെപ്പറ്റ് നബി (സ്വ) പറഞ്ഞത് ഇപ്രകാരമാണ്.
- മദീനയിൽ കുറേയാളുകളുണ്ട്. നിങ്ങൾ ദീർഘദൂരം യാത്ര ചെയ്തതിന്റെയും താഴ്‌വരകൾ താണ്ടിക്കടന്നതിന്റെയും പ്രതിഫലത്തിൽ അവരും പങ്കാളികളാണ്.
മനസ്സിലെ സദുദ്ദേശ്യത്തിനാണ് പ്രതിഫലം എന്നർഥം. റമദാനിൽ പള്ളിയിൽ പോകാൻ കഴിയാത്തതിൽ ഏറെ ദുഃഖിക്കുന്നവരാണ് അധിക വിശ്വാസികളും. ആ മഹത്തായ പ്രതിഫലം ആഗ്രഹിച്ച് നിയമ ലംഘനം നടത്തി നാം പള്ളിയിലെത്തേണ്ടതില്ല. അല്ലെങ്കിലും നമ്മുടെ നല്ല മനസ്സിന് അല്ലാഹു പ്രതിഫലം നൽകുക തന്നെ ചെയ്യും. അതിനു പകരം വീട്ടിൽ വെച്ചു തന്നെ സംഘടിതമായ ആരാധനാ കർമങ്ങൾ ചെയ്തും നല്ല കാര്യങ്ങൾ കുടുംബങ്ങളെ പഠിപ്പിച്ചും പരിശീലിപ്പിച്ചും പുണ്യകർമങ്ങളാൽ നമ്മുടെ ഭവനങ്ങൾ ധന്യമാക്കാവുന്നതാണ്. ജീവിതത്തിരക്കിനിടയിൽ കൂട്ടുകുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാൻ ഇടം കിട്ടാത്തവരാണ് അധിക പേരും. ഈ സന്ദർഭം അതിനുപയോഗപ്പെടുത്താനും മാതാപിതാക്കളെ കൂടുതൽ പരിചരിക്കാനും ഭാര്യാമക്കളെ ശ്രദ്ധിക്കാനും സാധിക്കണം
സമൂഹ ഇഫ്താറുകൾക്ക് ഈ സന്ദർഭത്തിൽ സൗകര്യമില്ല. എന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഇഫ്ത്വാറുകൾക്ക് സഹായം ചെയ്യുന്നതിന് തടസ്സമില്ല. പ്രത്യേകിച്ചും അവശതയനുഭവിക്കുന്നവരുടെ എണ്ണം ഈ റമദാനിൽ അധികമായിരിക്കും. ദിനേന കൂലിവേല ചെയ്തു ജീവിക്കുന്നവർക്ക് കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സഹായം ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മറിച്ചാണ്. ജീവിതത്തിലിന്നേവരെ ആരോടും കൈനീട്ടാതെ മാന്യമായി ജീവിച്ചിരുന്ന ശരാശരിക്കാർ ഇക്കാലത്ത് സഹായത്തിനർഹരാണ്. അവരുടെ മാന്യതയും അഭിമാനവും മാനിച്ചു കൊണ്ടു വേണം അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ.
ഗൾഫ് സഹോദരന്മാർ നമ്മുടെ സമൂഹത്തിലുണ്ടാക്കിയ സമൃദ്ധി വലിയതാണ്. എന്നാൽ ഒരു മറുവശവും കൂടി അതു മൂലമുണ്ടായി. ധൂർത്ത്, ദുരഭിമാനം, അലസത, അഹങ്കാരം, ചൂഷണം എന്നിങ്ങനെ പലതും. ആവശ്യത്തിനു മാത്രമല്ല, ആർഭാടത്തിനും ധൂർത്തിനും നാം ഗൾഫ് സഹോദരന്മാരുടെ വിയർപ്പുകൾ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്താറുണ്ട്. ഗൃഹാതുരതയോടൊപ്പം തൊഴിൽ മേഖലയിൽ പ്രതിസന്ധിയനുഭവിക്കുകയാണിപ്പോൾ. അവർക്കു വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം വീടുകളിൽ ചെലവു ചുരുക്കുക കൂടി വേണം. ഭക്ഷണ വസ്ത്ര കാര്യങ്ങളിൽ ലാളിത്യവും മിതത്വവും സ്വയം പാലിക്കുന്നതോടൊപ്പം വളരുന്ന തലമുറയെ അത് ശീലിപ്പിക്കാൻ ഏറ്റവും പറ്റിയ അവസരമാണിപ്പോൾ. തൊഴിലില്ലായ്മയും ക്ഷാമവും അഭിമുഖീകരിക്കാനുള്ള ശീലം മിതവ്യയത്തിൽ കൂടിയേ ലഭിക്കൂ. ജലത്തിന്റെ ദുർവിനിയോഗവും ഇതിനോട് ചേർത്തു ഗൗരവപൂർവം പരിഗണിക്കേണ്ട വിഷയമാണ്.
വിശ്വാസികൾ സക്കാത്ത് നൽകുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുന്ന കാലമാണ് റമദാൻ. കാർഷിക വിളകൾക്ക് വിളവെടുപ്പ് സമയത്തും മറ്റു വരുമാനങ്ങൾക്ക് വർഷത്തിലൊരിക്കലും (ഹിജ്‌റ വർഷം) കണക്കു നോക്കി നിർവഹിക്കേണ്ട നിർബന്ധ ബാധ്യതയാണ് സക്കാത്ത്. അത് അർഹരായ പാവങ്ങളുടെ അവകാശമാണ്. സക്കാത്ത് കൊടുത്ത് വീട്ടാത്ത വല്ലതും ഒരാളുടെ സമ്പത്തിൽ അവശേഷിച്ചാൽ, അത് മൊത്തം സമ്പത്തിനെ നശിപ്പിക്കുമെന്ന് നബി (സ) പഠിപ്പിച്ചിരിക്കുന്നു.
ചുരുക്കത്തിൽ, പ്രതീക്ഷിക്കാതെ വന്ന ചില അസൗകര്യങ്ങളൊഴിച്ചാൽ ഒരു വിശ്വാസിക്ക് നഷ്ടപ്പെടാനൊന്നുമില്ല. മാത്രമല്ല കൂടുതൽ വിനയാന്വിതരാകാനും പശ്ചാത്തപിച്ചു മടങ്ങാനും തിന്മകൾ വെടിയാനും നല്ല ശീലങ്ങൾ വളർത്താനും ഒഴിവു സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും പറ്റുന്ന നാളുകളാണ് മുമ്പിലുള്ളത്. അഹങ്കാരിയായ മനുഷ്യനെ പിടിച്ചു കെട്ടിയ ഈ മഹാമാരിയുടെ ആഘാതത്തിൽ നിന്ന് നാം രക്ഷപ്പെട്ടാലും ഇതിലെ ഗുണപാഠങ്ങൾ ജീവിതത്തിലൊരിക്കലും നാം മറക്കരുത്.
(വിസ്ഡം ഗ്ലോബൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ)