കോഴിക്കോട് - കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ ഒരു നഴ്‌സിംഗ് സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശുപത്രിയെക്കുറിച്ച് പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റിദ്ധാരണാജനകമാണെന്നും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. നേരത്തേ ഇഖ്‌റയിൽ ചികിൽസ തേടിയ ഒരു രോഗിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഇഖ്‌റയിൽ ചികിൽസ തേടി വരുന്ന രോഗികളിൽ, കോവിഡ് 19 സാധ്യതയുടെ ലക്ഷണങ്ങൾ (പ്രത്യേകിച്ച് പനി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ.......) പ്രകടിപ്പിക്കുന്നവരെ പ്രത്യേകമായി ഒരുക്കിയ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിക്കുക. സാധാരണ ചികിൽസ തേടിവരുന്ന രോഗികളും അവരുടെ സഹചാരികളും ഇടപഴകുന്ന ഭാഗങ്ങളിലല്ലാത്ത സ്ഥലത്താണ് ഐസൊലേഷൻ വാർഡ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഹോസ്പിറ്റലിൽ എത്തുന്ന രോഗികളെയും കൂടെ വരുന്നവരെയും ഹാന്റ് വാഷിംഗിനും മാസ്‌ക് ധരിച്ചത് ഉറപ്പു വരുത്തിയും തെർമൽ സ്‌ക്രീനിംഗിനും ശേഷമാണ് ഹോസ്പിറ്റലിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. നേരത്തേ രോഗം സ്ഥിരീകരിച്ച വ്യക്തി ചികിൽസ തേടിയ സമയത്ത് ഐസൊലേഷൻ വാർഡുമായി ബന്ധപ്പെട്ട 37 സ്റ്റാഫുകളെ ഇതിനോടകം ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ കാലാവധി പൂർത്തീകരിച്ചതിന് ശേഷം അയച്ച 37 പേരുടെ സാമ്പിളിൽ 36 പേരുടെ റിസൽറ്റ് നെഗറ്റീവാകുകയും ഒരാളുടേത് മാത്രം പോസിറ്റീവ് ആകുകയും ചെയ്തു. ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതെ ക്വാറന്റൈനിൽ കഴിഞ്ഞ നഴ്‌സിംഗ് സ്റ്റാഫിനെ റിസൽറ്റ് പോസറ്റീവ് ആയതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുമുണ്ട്.
നിലവിൽ ഇഖ്‌റയിൽ തുടർന്നു വരുന്ന എല്ലാ ഡോക്ടർമാരുടെയും സേവനം ഇനിയും രോഗികൾക്ക് ലഭ്യമായിരിക്കും. ഒരു നഴ്‌സിംഗ് സ്റ്റാഫിന് കോവിഡ്19 സ്ഥിരീകരിച്ചതിൽ ഇഖ്‌റയിൽ ചികിൽസ തേടിയവരും ഇനി ചികിൽസ തേടാൻ ആഗ്രഹിക്കുന്നവരുമായ ആരും തന്നെ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.