റിയാദ് - വാഹന പരിശോധന (മോട്ടോർ വെഹിക്കിൾ പിരിയോഡിക്കൽ ഇൻസ്‌പെക്ഷൻ) സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ വഴി മാറ്റാൻ അവസരമൊരുക്കിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വാഹന പരിശോധനാ കേന്ദ്രങ്ങൾ (ഫഹ്‌സുദ്ദൗരി) അടച്ചിട്ടത് കണക്കിലെടുത്താണ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കൂടാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ വഴി മാറ്റുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് സാഹചര്യമൊരുക്കിയിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ പരിശോധനാ സർട്ടിഫിക്കറ്റില്ലാതെ വാഹന രജിസ്‌ട്രേഷൻ ഓൺലൈൻ വഴി പുതുക്കി നൽകുന്ന സേവനവും കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കി നൽകുന്ന സേവനവും നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു.