Sorry, you need to enable JavaScript to visit this website.

സൗദിയിൽ മസ്ജിദുകളിൽ ഇഫ്താറുണ്ടാകില്ല; വിദേശങ്ങളില ഇഫ്താർ പദ്ധതിക്ക് അധിക പണം

റിയാദ് - സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം എല്ലാ വർഷവും റമദാനിൽ വിദേശ രാജ്യങ്ങളിൽ നടപ്പാക്കുന്ന ഇഫ്താർ പദ്ധതിക്ക് ഈ കൊല്ലം കൂടുതൽ പണം നീക്കിവെക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു. പതിനെട്ടു രാജ്യങ്ങളിൽ പത്തു ലക്ഷം പേർക്ക് ഇഫ്താർ നടത്തുന്നതിന് 50 ലക്ഷം റിയാലാണ് ഈ കൊല്ലം നീക്കിവെച്ചിരിക്കുന്നത്. വിദേശങ്ങളിലെ സൗദി എംബസികൾക്കു കീഴിലെ മതകാര്യ മിഷനുകളും ഇവ മേൽനോട്ടം വഹിക്കുന്ന ഇസ്‌ലാമിക് സെന്ററുകളും വഴിയാണ് ഇഫ്താർ നടത്തുന്നത്. 
ഇതിനുള്ള ഒരുക്കങ്ങൾ ഇസ്‌ലാമികകാര്യ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്താണ് ഇഫ്താർ പദ്ധതി നടപ്പാക്കുകയെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. കിംഗ് സൽമാൻ ഈത്തപ്പഴ വിതരണ പദ്ധതി നടപ്പാക്കുന്നതിനും ഇസ്‌ലാമികകാര്യ മന്ത്രാലയം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 24 രാജ്യങ്ങളിൽ ആകെ 200 ടൺ ഈത്തപ്പഴമാണ് പാവങ്ങൾക്കിടയിൽ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നത്. 


അതേസമ/ം, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ റമദാനിൽ സൗദിയിലെ മസ്ജിദുകളിലും പള്ളികളോട് ചേർന്ന സ്ഥലങ്ങളിലും ഇഫ്താർ പദ്ധതികൾ നിർത്തിവെക്കാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചു. പാവങ്ങൾക്കും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും കുടുംബം ഒപ്പമില്ലാത്തവർക്കും മസ്ജിദുകളോട് ചേർന്ന ഇഫ്താർ പദ്ധതികൾ ഏറെ അനുഗ്രഹമാണ്. കൊറോണ വ്യാപനം തടയുന്നതിന് മസ്ജിദുകൾ അടച്ചിട്ടതിന്റെ പശ്ചാത്തലത്തിലാണ് മസ്ജിദുകളിൽ ഇഫ്താർ നിർത്തിവെച്ചിരിക്കുന്നത്. 
റമദാനിലും സൗദിയിലെ മസ്ജിദുകളിൽ സംഘടിത നമസ്‌കാരങ്ങളും തറാവീഹ് നമസ്‌കാരങ്ങളും ഉണ്ടാകില്ല. പള്ളികളിൽ ഇഅ്തികാഫും അനുവദിക്കില്ല. ഇഅ്തികാഫ് ഇരിക്കുന്നവർക്കു വേണ്ടി പള്ളികൾ തുറന്നുകൊടുക്കുന്ന പക്ഷം അതിന്റെ പൂർണ ഉത്തരവാദിത്തം ഇമാമുമാർക്ക് ആയിരിക്കുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 


ഇഫ്താർ അടക്കമുള്ള പദ്ധതികൾക്കു വേണ്ടി ഇമാമുമാർ സംഭാവനകൾ ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഭക്ഷണ കിറ്റ് വിതരണമാണെങ്കിൽ പോലും ഇമാമുമാർ സംഭാവനകൾ ശേഖരിക്കാൻ പാടില്ല. ഇഫ്താറിനും ഭക്ഷണ കിറ്റ് വിതരണത്തിനും സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവരെ ലൈസൻസുള്ള സന്നദ്ധ സംഘടനകളിലേക്ക് ഇമാമുമാർ അയക്കണമെന്നാണ് നിർദേശം. 
സാമൂഹിക മാധ്യമങ്ങളിലൂടെ മതപഠന ക്ലാസുകൾ നടത്തുന്ന, ലൈസൻസില്ലാത്ത പ്രബോധകർക്കെതിരെ നടപടികളെടുക്കും. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 1933 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും വിവരമറിയിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

 

Latest News