Sorry, you need to enable JavaScript to visit this website.

അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി- യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റു ചെയ്യുന്നത് തടയണമെന്ന നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് അറസ്റ്റ് തടയണമെന്നു നാദിര്‍ഷാ ആവശ്യപ്പെട്ടിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കും. നാദിര്‍ഷാക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷാ ആശുപത്രിയില്‍ തുടരുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പം തന്നെയാണു നാദിര്‍ഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ അന്ന് നാദിര്‍ഷ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദം ചെലുത്തിയതായി നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന്റെ പേരില്‍ അറസ്റ്റിനു നീക്കം നടക്കുന്നുവെന്നും നാദിര്‍ഷ ബോധിപ്പിച്ചു. അതേസമയം, പോലീസ് ഭീഷണിപ്പെടുത്തുന്നതായുള്ള നാദിര്‍ഷായുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അത്തരത്തിലൊരു പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും ദിലീപിന്റെ അമ്മ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

 

Latest News