അകന്നിരുന്നും ഒരുമയുടെ മഹിമ തെളിയിക്കപ്പെടേണ്ട കാലമാണിത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരുമയുടെ ഗുണകാംക്ഷ അവരെ ബോധ്യപ്പെടുത്തേണ്ടതില്ല. പ്രവാസി സംഘടനകൾക്കാകട്ടെ, അതിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കേണ്ടതുമില്ല. കാരണം ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തി, അവരെ തമ്മിൽ തല്ലിച്ച് ഏതെല്ലാം രീതിയിൽ രാഷ്ടീയവും മതപരവും പ്രാദേശികവുമായ മുതലെടുപ്പുകൾ നടത്താമോ, അതെല്ലാം നാടുനീളെ നടന്നപ്പോഴും അതൊന്നും ഏശാതെ ദുരിതമനുഭവിക്കുന്നവർക്ക് ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കൈത്താങ്ങാവാൻ പ്രവാസികൾ എന്നും മുന്നിലുണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുകയുമാണ്. എങ്കിലും രാഷ്ട്രീയ, മത കാഴ്ചപ്പാടു വരുമ്പോൾ സ്വന്തം സംഘടനകൾക്ക് ബലമേകാനുള്ള ശ്രമങ്ങൾ അറിഞ്ഞോ അറിയാതെയോ കടന്നു വരാം. അതു മനുഷ്യ സഹജമായ പ്രതിഭാസം മാത്രം. എന്നാൽ അതിനിപ്പോൾ ഒരു പ്രസക്തിയുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. ഈ കോവിഡ് കാലത്തെ അതിജീവിക്കാൻ എല്ലാം മറന്നുള്ള ഒത്തൊരുമയാണ് നമുക്കാവശ്യം. പ്രവാസ ലോകത്തിന്റെ തുടിപ്പുകൾ, വികാരങ്ങൾ മനസ്സിലാക്കിയിട്ടുള്ള നമ്മളെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പം സാധ്യമാകുന്ന ഒന്നാണത്. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, മലയാളി സംഘടനകളുടെ സന്നദ്ധ പവർത്തനങ്ങൾക്കും സഹായ വിതരണത്തിനും ഒരു ഏകോപിത രൂപം കൈവരേണ്ടത് അനിവാര്യമായിരിക്കുന്നു.
നാം താമസിക്കുന്നിടവും നമ്മുടെ രാജ്യവും ലോക്ഡൗൺ ആയിട്ട് ഒരു മാസം പിന്നിടുന്നു. ഈ അവസ്ഥക്ക് എപ്പോൾ മാറ്റം ഉണ്ടാകുമെന്ന് പറയാൻ ഒരാൾക്കും കഴിയാത്ത അവസ്ഥ തുടരുകയുമാണ്. ദിവസങ്ങൾ കഴിയുന്തോറും ജീവിതം ദുഷ്‌കരമായി മാറുകയാണ്. പുറത്തിറങ്ങുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ മാത്രമല്ല, അകത്തിരുന്ന് എന്തെങ്കിലും വേവിച്ചു കഴിക്കുന്നതിനും ജനം പ്രയാസപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കാരണം പലരും കരുതി വെച്ചിരുന്നത് തീരാൻ തുടങ്ങിയിരിക്കുന്നു. വരുമാന മാർഗങ്ങൾ നിലച്ചതോടെ സാധനങ്ങൾ വാങ്ങാനുള്ള ശേഷിക്കുറവും പലർക്കും അനുഭവപ്പെടാൻ തുടങ്ങി. സ്ഥിരമായി മരുന്നു കഴിച്ചിരുന്നവർക്ക് അതു വാങ്ങിക്കുന്നതിനും പ്രയാസം അനുഭവപ്പെടാൻ തുടങ്ങി. നാട്ടിൽനിന്നു വിസിറ്റിംഗ് വിസയിലെത്തിയവർക്ക്, പ്രത്യേകിച്ച് കാരണവൻമാർക്ക് അവർ കഴിച്ചിരുന്ന മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നിടത്തേക്കും കാര്യങ്ങൾ നീങ്ങുകയാണ്. കോവിഡ് അല്ലാതെയുള്ള മറ്റു രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ആശുപത്രിയിൽ പോകുന്നതിനുള്ള പ്രയാസം, ഗർഭണികൾക്ക് ഓരോ ദിവസം കഴിയുന്തോറും ഉണ്ടാകുന്ന വർധിച്ച മാനസിക സംഘർഷം അങ്ങനെ എല്ലാം കൊണ്ടും അനുദിനം നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഏറുകയാണ്. ഇതിനെല്ലാം പരിഹാരം കാണാൻ ആർക്കാവുമെന്ന് ചോദിച്ചാൽ ആർക്കും ഒരു തിട്ടവുമില്ല. എന്നാൽ ഒരുമയുണ്ടെങ്കിൽ ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കാനാവും.
ഇവിടെയാണ് സാമൂഹിക പ്രവർത്തകരുടെയും പ്രവാസി സംഘടനകളുടെയും പ്രസക്തി. നിങ്ങൾ ചെയ്തുവരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. സമാനതകളില്ലാത്തതാണ്. ജീവൻ പണയം വെച്ചാണ് പലരും ഓരോ ദൗത്യവും ഏറ്റെടുക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഖബറടക്കുന്നതിന് മക്കയിലെ മുജീബ് പൂക്കോട്ടൂരിനെയും റിയാദിലെ സിദ്ദീഖ് തുവ്വൂരിനെയും പോലുള്ളവർ ചെയ്ത സേവനങ്ങൾ ആർക്കാണ് മറക്കാനാവുക. ദുബായിലെ അഷ്‌റഫ് താമരശ്ശേരിയും നസീർ വാടാനപ്പള്ളിയുമെല്ലാം നടത്തിവരുന്ന സേവനങ്ങൾ ആർക്കെങ്കിലും അവഗണിക്കാനാവുമോ? അതുപോലെ മറ്റിടങ്ങളിലും ഇത്തരം സേവനങ്ങളുമായി നിരവധി പേരുണ്ട്. എല്ലാവരുടെയും പേരെടുത്തു പറഞ്ഞാൽ തീരില്ല. പലയിടത്തും പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോയവർക്ക് ഭക്ഷണമെത്തിച്ചും മരുന്നെത്തിച്ചും വിവിധ സംഘടനകളുടെ ബാനറുകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ പേരുണ്ട്. അവരോരുത്തരും ചെയ്തുവരുന്ന സേവനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി ഇതിലും ഭയാനകമാകുമായിരുന്നു. ഇപ്പോൾ നടന്നു വരുന്ന സേവനങ്ങൾ വ്യക്തപരവും സംഘടനാ തലത്തിൽ അവരവരുടെ കേന്ദ്രങ്ങളിലുമാണ്. അതുകൊണ്ട് പ്രയോജനമില്ലെന്നല്ല, നൂറുകണക്കിനു പേർക്ക് പ്രയോജനമുണ്ട്. പക്ഷേ ഓരോ സംഘടനകളും അവരവരുടേതായ കേന്ദ്രങ്ങളിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ എല്ലായിടത്തേക്കും സഹായങ്ങൾ എത്തിപ്പെടാതെ പോവാം. മാത്രമല്ല, കിട്ടുന്നിടത്തു തന്നെ സഹായങ്ങൾ എത്തിപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
അതില്ലാതിരിക്കാൻ നാം നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് ഒരു ഏകാപിത രൂപം കൈവരേണ്ടിയിരിക്കുന്നു. ഇക്കാര്യത്തൽ മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത്. നയതന്ത്രാലയത്തോട് ഇതിന് ഒരു ഏകാപിത രൂപം നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നുവെങ്കിലും സാങ്കേതികവും മറ്റു പല കാരണങ്ങളാലും അതു പ്രാവർത്തികമായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ അതാതു പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത സംഘടനകൾ കൈകോർത്ത് ഉള്ള വിഭവങ്ങൾ എല്ലായിടത്തും എല്ലാവർക്കും ലഭ്യമാകത്തക്ക വിധത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ടാവണം. സംഘടനാ നേതൃത്വം വഹിക്കുന്നവർ അതിനു മുൻകൈ എടുക്കണം. ഈ പ്രതിസന്ധി എളുപ്പം വിട്ടകലുന്നതല്ല. ദിവസം ചെല്ലുന്തോറും പ്രയാസങ്ങൾ ഏറും. അങ്ങനെ വരുമ്പോൾ ആവശ്യക്കാരേറും. അവരിലേക്ക് കുറഞ്ഞ തോതിലെങ്കിലും ഉള്ള വിഭവങ്ങൾ എത്തിച്ചുകൊടുക്കാൻ സാധിക്കണമെങ്കിൽ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരസ്പരം സഹകരിച്ച് നാം ഒറ്റ മനസ്സും ശരീരവുമായി പ്രവർത്തിക്കേണ്ടി വരും. അതിന് തൽക്കാലത്തേക്ക് നമ്മുടെ സംഘടനാ ബാനറുകൾ മാറ്റിവെച്ച് സഹകരിക്കാനുള്ള വിശാല മനസ്സ് പാകപ്പെടുത്തിയെടുക്കണം. സാമൂഹിക മാധ്യമങ്ങൾ സജീവമായ കാലഘട്ടത്തിൽ ഓരോ പ്രദേശത്തെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അവരുടെ ആവലാതികൾ മനസ്സിലാക്കുന്നതിനും അവരിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവില്ല. ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതു പേലെ തന്നെ പ്രധാനമാണ് അവശ്യ മരുന്നുകളും കോവിഡ് അല്ലാത്ത രോഗികൾക്കുള്ള ആശുപത്രി സേവനങ്ങളും. അതിനായി ആംബുലൻസ് സേവനം ഉൾപ്പെടെയുള്ള സഹായം നൽകാൻ ഒറ്റക്കെട്ടായി ഏകോപിത രൂപത്തിൽ പ്രവർത്തിക്കാനായാൽ കേരളക്കരയുടെ മാതൃക മലയാളികളായ നമുക്ക് ഇവിടെയും പ്രാവർത്തികമാക്കാനാവും.