ദിവസം കഴിയുംതോറും ദുരൂഹത വർധിക്കുകയും കേരള സർക്കാറിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതൽ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് അമേരിക്കൻ കമ്പനി സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട വിവാദം. അഴിയുംതോറം കുരുങ്ങുന്നു എന്നു പറയുന്നതു പോലെ വിശദീകരിക്കുന്തോറും സങ്കീർണതയും ദുരൂഹതയും വർധിച്ചുവരുന്നു. കേരളത്തിലെ കുറെ ആളുകളുടെ പനിയുടെയും ജലദോഷത്തിന്റെയും വിവരങ്ങൾ പുറത്തു വിറ്റിട്ട് ആർക്ക് എന്ത് നേട്ടമെന്നും ഇതിലെന്താണിത്ര അഴിമതിയെന്നും ചോദിച്ചിരുന്ന സാധാരണ ജനങ്ങൾക്കു പോലും ഇപ്പോൾ സംശയമായിരിക്കുന്നു, എന്തൊക്കെയോ കുഴപ്പങ്ങൾ നടന്നിട്ടുണ്ടെന്ന്.
മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറലും ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറിന്റെ വിശദീകരണവും തമ്മിലുള്ള പൊരുത്തക്കേടുകൾ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഴിമതിയെന്നത് പണമായിട്ടാണോ, അതോ മറ്റെന്തിങ്കിലും കാര്യമായിട്ടാണോ എന്നൊന്നും വ്യക്തമല്ല. അതൊക്കെ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. ഇതിലൊരു ക്രമക്കേടും നടന്നിട്ടില്ലെന്നു പറയുന്ന മന്ത്രിമാരും സർക്കാറും പക്ഷേ അന്വേഷണത്തെക്കുറിച്ച് മിണ്ടുന്നില്ല. പക്ഷേ അധികകാലം അങ്ങനെ അവർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു ഭാഗത്ത് കേരള ഹൈക്കോടതി സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ച് വസ്തുതാപരമായ ചില സംശയങ്ങൾ ഉന്നയിക്കുന്നു. മറുഭാഗത്ത് കേരളം ഭരിക്കുന്ന ഇടതു മുന്നണിയിലെ ഘടക കക്ഷിയായ സി.പി.ഐയുടെ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ ഇടപാടിലെ ദുരൂഹതകൾ നീക്കണമെന്നു സർക്കാറിനോട് ആവശ്യപ്പെടുന്നു.
ആണവ കരാർ മുതൽ ആധാർ വരെയുള്ള വിഷയങ്ങളിൽ സി.പി.എമ്മും ഇടതുപക്ഷവും കൈക്കൊണ്ടിരുന്ന പ്രഖ്യാപിത ഇടതു നിലപാടിന് കടകവിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിംഗ്ലർ ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതു സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. വിദേശ മൂലധനം, കോർപറേറ്റ് കടന്നുകയറ്റം, അമേരിക്കൻ താൽപര്യം, വ്യക്തികളുടെ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലെല്ലാം പാർട്ടി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെല്ലാം ഒറ്റയടിക്ക് മാറ്റിപ്പറയുന്ന അവസ്ഥ. ഏതാനും മാസങ്ങൾക്കു മുമ്പ് ആധാറിനു വേണ്ടി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുകയും സ്വകാര്യ കമ്പനികളെ കൈകാര്യം ചെയ്യാൻ ഏൽപിക്കുകയും ചെയ്തതിനെതിരെ സാക്ഷാൽ പിണറായി വിജയൻ തന്നെ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. അന്ന് കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വന്ന സുപ്രീം കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലുള്ള സർക്കാർ, താൻ മുമ്പ് എന്തു പറഞ്ഞോ അതിന് നേർവിപരീതമായി പ്രവർത്തിക്കുമ്പോൾ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളോട് അദ്ദേഹം ക്രുദ്ധനാവുന്നു. അണികളാവട്ടെ, ന്യായീകരിച്ച് വശംകെടുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തിലെ രോഗബാധിതരും രോഗികളുമായും സമ്പർക്കത്തിൽ വന്നവരും അവരുടെ ചുറ്റുഭാഗങ്ങളിലുള്ളവരുമായ ഒന്നേകാൽ ലക്ഷത്തോളം പേരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ ഡാറ്റ പ്രത്യേകിച്ചൊരു കരാറൊന്നുമില്ലാതെ സ്പ്രിംഗ്ലർ കമ്പനിക്ക് കൈമാറി എന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. ഈ ഡാറ്റ സ്പ്രിംഗ്ലർ കമ്പനി വിശകലനം ചെയ്യുകയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സഹായകമായ മാർഗനിർദേശങ്ങൾ സർക്കാറിന് നൽകുകയും ചെയ്യും. ഈ ഇടപാടിന് കമ്പനിക്ക് സർക്കാർ ഒരു നയാപൈസ നൽകേണ്ടതില്ല. തികച്ചും സൗജന്യം എന്നാണ് സർക്കാർ പറയുന്നത്. ഇതിൽ എന്താണ് കുഴപ്പമെന്ന് ആർക്കും തോന്നാം. അതുകൊണ്ടാണ് ഇടപാടിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ത് ദിവസം മുമ്പ് രംഗത്തു വന്നപ്പോൾ മാധ്യമങ്ങൾ അതിന് വലിയ പ്രാധാന്യം നൽകാതിരുന്നത്.
എന്നാൽ പിന്നീട് മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി സംശയം ജനിപ്പിച്ചു. ആദ്യം ഇക്കാര്യത്തിൽ അഴിമതിയില്ലെന്നും ഇടപാടിന്റെ വിശദവിവരങ്ങൾ ഐ.ടി സെക്രട്ടറി പറയുമെന്നും പറഞ്ഞൊഴിയുകയായിരുന്നു മുഖ്യമന്ത്രി. ഐ.ടി സെക്രട്ടറിയാവട്ടെ, മുഖ്യമന്ത്രി പറയുമെന്നും പറഞ്ഞു. അതോടെ, സർക്കാറിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന സംശയം ജനിച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ സർക്കാർ പുറത്തിറക്കിയ വിശദീകരണം സംശയം ബലപ്പെടുത്തി. അതനനുസരിച്ച് കരാർ നിലവിൽ വരുന്നതിനു മുമ്പേ ഡാറ്റാ കൈമാറ്റം ആരംഭിച്ചിരിക്കുന്നു. കരാറിൽ ഏർപ്പെട്ടതോ, നിയമ വകുപ്പിന്റെ ഉപദേശം തേടാതെയും. വിദേശ സ്ഥാപനവുമായി കരാർ ഒപ്പിടുമ്പോൾ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളിൽനിന്ന് വേണ്ട ക്ലിയറൻസുമില്ല. മാത്രമല്ല കരാറിന്റെ തീയതി പോലും സംശയം ജനിപ്പിച്ചു.
ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഒരു പ്രസ്താവന വായിച്ചു. അതനുസരിച്ച് സ്പ്രിംഗ്ലറുമായുള്ള ഇടപാടു കൊണ്ട് കേരളത്തിന് ഗുണമേയുള്ളൂ. കേരളത്തിലുള്ള വയോധികരായ തന്റെ മാതാപിതാക്കളെ കോവിഡ് കാലത്ത് സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന ജാഗ്രതയിൽ മതിപ്പ് തോന്നിയ അമേരിക്കയിൽ സ്ഥിരതാമസക്കാരനായ പ്രവാസി മലയാളി വ്യവസായി നീട്ടിയ സൗജന്യം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡാറ്റാ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്പ്രിംഗ്ലർ കമ്പനി. കരാർ പ്രകാരം സ്പ്രിംഗ്ലർ പോലുള്ള കമ്പനിയുടെ സേവനം കേരളത്തിന് സൗജന്യമായി ലഭിക്കും. അത് ഭാവിയിൽ മഹാമാരിയെ നേരിടുന്ന പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടും.
എന്നാൽ മുഖ്യമന്ത്രി പറയുന്നതു പോലെ ലളിതവും സുതാര്യവുമല്ല കാര്യങ്ങളെന്ന് പിന്നീട് കരാറിന്റെ വിശദാംശങ്ങൾ പുറത്തു വന്നതോടെ വ്യക്തമായി. അതനുസരിച്ച് തൽക്കാലം കരാറിൽ തുക വെച്ചിട്ടില്ലെങ്കിലും സേവനം നൽകിയ ശേഷം തുക നിശ്ചയിക്കാം. പിന്നെ ഇതുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ കേസ് കൊടുക്കേണ്ടത് ന്യൂയോർക്കിലെ കോടതിയിലായിരിക്കണം. വലിയൊരു ചതിക്കുഴി. ഈ കരാർ പ്രകാരം പിന്നീട് സ്പ്രിംഗ്ലർ കമ്പനിക്ക് ഇഷ്ടമുള്ള തുക ആവശ്യപ്പെടാം. കേരള സർക്കാറിന് തർക്കമുണ്ടെങ്കിൽ കേസ് കൊടുക്കാൻ ന്യൂയോർക്കിൽ പോകണം. അമേരിക്കയിൽ കേസ് നടത്തേണ്ടതിന്റെ ചെലവും ബുദ്ധിമുട്ടും ഊഹിക്കാവുന്നതേയുള്ളൂ.
കേരള സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയാണ് സ്പ്രിംഗ്ലർ കമ്പനി മുതലാളി സൗജന്യ സേവനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, കഴിഞ്ഞ ഒരു വർഷമായി ഈ കമ്പനിയുമായി താൻ ചർച്ച നടത്തുകയായിരുന്നുവെന്നാണ് ഐ.ടി സെക്രട്ടറി വ്യക്തമാക്കിയത്. ഇതിൽ ആര് പറയുന്നതാണ് ശരി? സർക്കാറിനെ രംക്ഷിക്കാൻ വേണ്ടി ഐ.ടി സെക്രട്ടറി പറഞ്ഞതെല്ലാം വലിയൊരു ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തി. സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കരാറിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സർക്കാറിനോ മുഖ്യമന്ത്രിക്കോ ഇതിൽ ഒരു പങ്കുമില്ലെന്നും നിയമ വകുപ്പിന്റെ അനുമതി തേടാതിരുന്നത് അതിന്റെ ആവശ്യമില്ലെന്നു കരുതിയതിനാലാണെന്നും സ്പ്രിംഗ്ലറിന് കൈമാറിയ രേഖകൾ സുരക്ഷിതമാണെന്നും കമ്പനി ഒരിക്കലും അവ മറ്റാർക്കെങ്കിലും കൈമാറുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലെന്നും ഡാറ്റയുടെ പൂർണ നിയന്ത്രണം കേരള സർക്കാറിനാണെന്നും ഇത്രയും ഡാറ്റ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സ്ഥാപനങ്ങൾ കേരള സർക്കാറിനു കീഴിലില്ലെന്നുമെല്ലാം അദ്ദേഹം പറഞ്ഞുവെച്ചു. എല്ലാ കുറ്റവും ഏറ്റെടുത്ത് സ്വയം ബലിയാടാവുകയാണ് ഐ.ടി സെക്രട്ടറിയെന്ന് അദ്ദേഹത്തിന്റെ അഭിമുഖം കണ്ടവർക്കെല്ലാം ബോധ്യമായി.
കരാറിനെ കുറിച്ച് തനിക്ക് മാത്രമേ അറിയുള്ളൂവെന്നും അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നുമുള്ള ഐ.ടി സെക്രട്ടറിയുടെ വാദം തന്നെ ഏറ്റവും വലിയ കളവ്. പിണറായി വിജയനെ പോലെ കർക്കശക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിൽ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ ഒരു അമേരിക്കൻ കമ്പനിയുമായി ഒരു കരാർ ഒപ്പിടുമെന്ന് പറയുന്നതു തന്നെ വിശ്വസിക്കാനാവില്ല. ഇങ്ങനെയൊരു കരാർ ഒപ്പിടണമെങ്കിൽ നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്നു സെക്രട്ടറിയേറ്റിലെ ഒരു സെക്ഷൻ ക്ലാർക്കിനു പോലും അറിയാമെന്നിരിക്കേ, ഐ.എ.എസുകാരനായ വകുപ്പ് സെക്രട്ടറിക്ക് അതറിയില്ലായിരുന്നു എന്ന് പറയുന്നത് പെരും നുണ. ഇത്രയും ഡാറ്റ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഏജൻസികൾ കേരള സർക്കാറിന് കീഴിലില്ലെന്നു പറയുന്നത് അതിലും വലിയ നുണ. ഇതിനു പുറമെ സ്പ്രിംഗ്ലർ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഐ.ടി സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണവുമുയർന്നു.
ഇതിനിടയിലാണ് മലയാളികളുടെ ആരോഗ്യ വിവരങ്ങളുടെ ഡാറ്റ സ്പ്രിംഗ്ലർ മറിച്ചുവിൽക്കുമെന്ന പ്രതിപക്ഷ ആരോപണം. ഇത്തരം ഡാറ്റ മരുന്നു കമ്പനികൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ആവശ്യമുള്ളതാണെന്നും അതിനവർ വൻ തുക മുടക്കുമെന്നുമുള്ളത് വ്യക്തമാണ്.
ഏതായാലും ഒരു സ്വകാര്യ കമ്പനിയും ആർക്കും സൗജന്യ സേവനം ചെയ്തുകൊടുക്കില്ലല്ലോ. ബിസിസസ് വഞ്ചനയുടെ പേരിൽ അമേരിക്കയിലെ കോടതിയിൽ കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്ലർ എന്ന വസ്തുതയും പുറത്തു വന്നിട്ടുണ്ട്.
ഏതായാലും സർക്കാറിന്റെ ന്യായവാദങ്ങളിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. മഹാവ്യാധിക്കു ശേഷം കേരളത്തിൽ ഒരു ഡാറ്റ വ്യാധി ഉണ്ടാകരുതെന്നാണ് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പറയുന്നതു പോലെ ഈ കരാർ അഴിമതിരഹിതവും കേരളത്തിലെ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്കക്കും ഇടയില്ലാത്തതുമാണെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഒരു മാർഗമേയുള്ളൂ. സ്വതന്ത്രമായ അന്വേഷണത്തിന് സന്നദ്ധനാവുക. വിദേശ കമ്പനിയുമായുള്ള ഇടപാടായതിനാൽ സി.ബി.ഐ അന്വേഷണം തന്നെ വേണ്ടിവരും. അതിനു വേണ്ട നടപടികൾ സ്വീകരിക്കുക. സമാന്തരമായി ജുഡീഷ്യൽ അന്വേഷണവും നടത്തുക. തന്റെ കൈകൾ ശുദ്ധമാണെങ്കിൽ അദ്ദേഹത്തിന് ഒരു ആശങ്കയും വേണ്ട. അന്വേഷണം കഴിയുമ്പോൾ അദ്ദേഹത്തിന്റെ പ്രതിഛായ തെളിയുകയേ ഉള്ളൂ.