തിരുവനന്തപുരം-സ്പ്രിംഗ്ളർ കരാറിൽ ഘടകകക്ഷിയായ സി.പി.ഐക്കുള്ള അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് അറിയിച്ചു.
വ്യക്തികളുടെ സ്വകാര്യ ഡാറ്റ സംബന്ധി ഇടത് നയത്തിന് വിരുദ്ധമാണ് കരാറെന്നാണ് സി.പി.ഐയുടെ അഭിപ്രായം. മന്ത്രിസഭയയെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനം ശരിയല്ലെന്നും കാനം വ്യക്തമാക്കിയതായും റിപ്പോർട്ടുകളില്‍ പറയുന്നു. ബുധനാഴ്ച വൈകിട്ട് എ.കെ.ജി സെന്ററിൽ എത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇടപാട് സംബന്ധിച്ച പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സി.പി.ഐ തങ്ങള്‍ക്കുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിൽ കരാർ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നെങ്കിൽ സി.പി.ഐ മന്ത്രിമാർക്ക് ഇക്കാര്യത്തിലെ നിലപാട് രേഖപ്പെടുത്തുമായിരുന്നുവെന്ന് കാനം കോടിയേരിയെ അറിയിച്ചു.
അതേ സമയം ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കാന്‍ സി.പി.ഐ തയാറായിട്ടില്ല. സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന് കാനം പറയുന്നു.