കറുകച്ചാല്‍- പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറി.
അടുത്തിടെ ഒരു അഭിമുഖത്തില്‍ മഡോണ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയ്ക്ക് ഇടയാക്കിയിരിക്കുന്നു. ഒരു വയസും ഒന്നരവയസും ഉള്ളപ്പോള്‍ നീന്തിയതും ഓടിയതുമൊക്കെ ഓര്‍ക്കുന്നുവെന്നാണ് താരം പറഞ്ഞത്. ഇപ്പോഴിതാ മഡോണയുടെ മറ്റൊരു വെളിപ്പെടുത്തലും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.
തന്റെ 18ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അനുഭവിച്ച മാനസിക വികാരമാണ് നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നത്.അധികമാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ പറയുന്നത്.
മഡോണയുടെ വാക്കുകള്‍ ഇങ്ങനെ-അമ്മ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് -ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്'. അച്ഛന്റെ കൈയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത്. പിന്നെന്താണ് ഇങ്ങനെ എന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്.കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു.ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്.' മഡോണയുടെ ഓട്ടത്തിന്റെയും നീന്തലിന്റെയും ട്രോളുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ തന്നെ ഗ്രൗണ്ടില്‍ ഓടിച്ചിരുന്നുവെന്നും ഒന്നര വയസ്സുള്ളപ്പോള്‍ പുഴയില്‍ നീന്തിച്ചു എന്നൊക്കെമുള്ള അവിശ്വസനീയമായ കാര്യങ്ങളാണ് ട്രോളുകള്‍ക്ക് വഴിവെച്ചത്.