Sorry, you need to enable JavaScript to visit this website.

സ്പ്രിംഗ്ലർ: സർക്കാർ വ്യക്തമായ  മറുപടി നൽകണം -കുഞ്ഞാലിക്കുട്ടി

മലപ്പുറം- സ്പ്രിംഗ്ലർ വിവാദം അന്വേഷിക്കാൻ സമിതിയെ വെക്കുന്നതിന് പകരം സർക്കാർ കൃത്യമായി മറുപടി പറയുകയാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കോടതി പോലും ഈ വിഷയത്തിൽ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. 
പ്രതിപക്ഷത്തെ അവഗണിക്കും പോലെ കോടതിയെ അവഗണിക്കാൻ ആവില്ല. മുഖ്യമന്ത്രി ഈ വിഷയത്തിൽ കൃത്യമായി പ്രതികരിക്കാൻ തയാറാവണം. സർക്കാറിന്റെ പുതിയ അന്വേഷണ സമിതിയുടെ സ്ഥിതിയും റിപ്പോർട്ടുമെല്ലാം ജനങ്ങൾക്ക് മനസ്സിലാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാലറി ചലഞ്ചിനെ പൂർണമായും എതിർക്കുന്നില്ല. ശേഖരിക്കുന്ന ഫണ്ട് ഈ പ്രതിസന്ധിയിൽപ്പെട്ടവർക്ക് തന്നെ കിട്ടണം. അത് സമയത്ത് തന്നെ കിട്ടുകയും വേണം. മുൻകാലങ്ങളിലെ പോലെ ഫണ്ട് വക മാറ്റി ചെലവഴിക്കാൻ അനുവദിക്കില്ല. പിരിക്കുന്ന പണം കൊണ്ട് റോഡ് ഉണ്ടാക്കാം എന്ന് കരുതിയാൽ അതിനെ ശക്തമായി എതിർക്കും. ആ തുക കോവിഡ് കൊണ്ട് ഉണ്ടാകുന്ന ദുരന്ത പരിഹാരത്തിന് തന്നെ ചെലവഴിക്കണം. ഈ വിഷയത്തിൽ കാര്യമായ പണിയെടുക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നും അവർ സ്വയം പണം കണ്ടെത്തിയാണ് സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. 


പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മുൻ നിരയിൽ നിന്ന ജാമിഅ സർവകലാശാലയിലെ സഫൂറ സർഗർ, മീരാൻ ഹൈദർ, ജെ.എൻ.യുവിലെ ഉമർ ഖാലിദ് എന്നീ വിദ്യാർഥി നേതാക്കളെ യു.എ.പി.എ ചുമത്തി കസ്റ്റഡിയിലെടുത്ത ദൽഹി പോലീസ് നടപടി കോവിഡ് ദുരന്ത കാലത്തും വിഭാഗീയ അജണ്ടകളിൽനിന്ന് കേന്ദ്ര സർക്കാർ പുറകോട്ട് പോകുന്നില്ല എന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ദൽഹി വംശഹത്യയുടെ ഉത്തരവാദിത്തം വിദ്യാർഥികളുടെ തലയിൽ കെട്ടിവെച്ച് അതിന്റെ യഥാർഥ ഉത്തരവാദികളെ രക്ഷിക്കാനുള്ള ശ്രമം വിലപ്പോവില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് നടന്ന പോരാട്ടം ബി.ജെ.പിയെ എത്രമേൽ ഭയപ്പെടുത്തി എന്നതിന്റെ തെളിവാണ് ഇത്തരം പ്രതികാര നടപടികൾ. 


വിദ്യാർഥി യുവജന പോരാട്ടങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് വ്യാമോഹമാണ്. കോവിഡ് എന്ന മഹാമാരിക്കെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. ഇത്തരമൊരു ദുരന്ത സാഹചര്യത്തിലും വിഭാഗീയ അജണ്ടകൾ പുറത്തെടുക്കുന്ന കേന്ദ്രസർക്കാറിന് ചരിത്രം തിരിച്ചടി കൊടുക്കും. വിദ്യാർഥി യുവജന പോരാട്ടങ്ങളെ ജയിലറകൾ കാട്ടി ഇല്ലാതാക്കാമെന്ന് കരുതുന്നവർക്ക് ചരിത്ര ബോധമില്ല. മതേതര ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യപരമായ സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള സമരങ്ങൾ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News