Sorry, you need to enable JavaScript to visit this website.

കുട്ടിയെ പൊളളിച്ച കേസ് അന്വേഷണത്തിനിടെ പ്രതിയിൽ നിന്നും 12.5 ലക്ഷത്തിന്റെ കളളനോട്ട് പിടിച്ചു

ഹനീഫ് ഷിറോസ്

തൊടുപുഴ- മറ്റൊരു കേസിൽ തെളിവെടുപ്പിനെത്തിച്ച യുവാവിന്റെ വീട്ടിൽ നിന്നും ഇയാൾ വാടകക്കെടുത്ത ഹോം സ്റ്റേകളിൽ നിന്നുമായി 1258000 രൂപയുടെ കള്ളനോട്ട് പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസ് (33) നെ ഉപ്പുതറ പോലിസ് അറസ്റ്റ് ചെയ്തു.   2000, 500, 200 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.
രണ്ടാം ഭാര്യയുടെ അഞ്ചര വയസുള്ള മകനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിലാണ് ഇയാൾ പിടിയിലായത്. ഇയാളെ പീരുമേടിന് സമീപം മാട്ടുതാവളത്തെ വീട്ടിലെത്തിച്ചു മഹസർ തയ്യാറാക്കുന്നതിനിടെയാണ് കള്ളനോട്ട് പോലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള പരിശോധനയിൽ കട്ടിലിനടിയിലും അലമാരയിലും സൂക്ഷിച്ചിരുന്ന 15900 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ വാഗമണിലും തേക്കടിയിലും വാടകക്കെടുത്ത ഹോം സ്റ്റേകളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തേക്കടിയിൽ നിന്ന് പ്രിന്ററും വാഗമണ്ണിൽ നിന്ന് 1242100 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.
കൊല്ലം തടിക്കാട് കുടുംബവക ട്രസ്റ്റിന്റെ കീഴിലുള്ള  എ കെ എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ മാനേജരായിരിക്കെ ആദ്യ ഭാര്യയുമായി ഉണ്ടായ അവകാശ തർക്കത്തെ തുടർന്ന് 2019 ൽ ഇയാൾ മാട്ടുതാവളത്തിന് താമസം മാറ്റി. ഒറ്റപ്പാലം സ്വദേശിനിയായ മറ്റൊരു സ്ത്രീയും ഒപ്പം കൂടി. ഈ സമയത്താണ് ഇവരുടെ മകനെ മർദിക്കുകയും ചട്ടുകം കൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തത്.  പിണങ്ങിപ്പോയ രണ്ടാം ഭാര്യയാണ് കുട്ടിയെ പൊള്ളിച്ചതിന് ഒറ്റപ്പാലം പോലിസിൽ പരാതി നൽകിയത്. കേസ് ഉപ്പുതറ പോലിസിനു കൈമാറിയതറിഞ്ഞ് ഇയാൾ മുങ്ങി. വീട്ടിലെത്തിയ വിവരമറിഞ്ഞ പോലിസ് ചൊവ്വാഴ്ച്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് കള്ളനോട്ട് കണ്ടെടുത്തതും ഇന്നലെ വീണ്ട
ും അറസ്റ്റ് ചെയ്തതും. നോട്ട് എവിടെയൊക്കെ വിപണനം നടത്തിയെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നു.
കട്ടപ്പന ഡിവൈ .എസ്.പി എൻ. സി രാജ്മോഹൻ, ഉപ്പുതറ സി. ഐ എസ് .എം റിയാസ്, എസ് .ഐമാരായ ചാർളി തോമസ്, സിബി .എൻ. തങ്കപ്പൻ, ഉദ്യോഗസ്ഥരായ പി. എൻ ദിനേശ്, പി. എച്ച് ഹനീഷ്, ഐബി ഏബ്രഹാം, ശരണ്യമോൾ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Latest News