ശഖ്‌റാ - മരുഭൂപ്രദേശത്തെ താഴ്‌വരയിൽ ഒഴുക്കിൽപ്പെട്ടവരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ശഖ്‌റാ-അൽഖസീം റോഡിൽ നിന്ന് 15 കിലോമീറ്റർ ദൂരെ ദുർഘടമായ പ്രദേശത്താണ് മൂന്നു സൗദി പൗരന്മാർ സഞ്ചരിച്ച കാർ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ശഖ്‌റായിലെ അശൈഖിറിന് വടക്ക് അശൈഖിറിൽ നിന്ന് 80 കിലോമീറ്റർ ദൂരെ അൽഖുവൈശ് അൽജുനൂബി താഴ്‌വരയിലാണ് മൂന്നംഗ സംഘം സഞ്ചരിച്ച കാർ ഒഴുക്കിൽ പെട്ടത്. താഴ്‌വരയിലെ മരത്തിൽ പിടിച്ചുനിന്നാണ് മൂവരും രക്ഷപ്പെട്ടത്. ഇവരെ പിന്നീട് സിവിൽ ഡിഫൻസ് അധികൃതർ പുറത്തെത്തിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, റുമാഹിൽ ഒഴുക്കിൽപ്പെട്ട സൗദി പൗരനെയും മകനെയും പ്രദേശവാസി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് ശുഐബ് റുമാഹിൽ സൗദി പൗരനും മകനും സഞ്ചരിച്ച കാർ ഒഴുക്കിൽ പെട്ടത്. സ്വന്തം ജീവൻ തൃണവൽഗണിച്ച് സൗദി പൗരൻ ഫൈസൽ ബിൻ ഫലാഹ് അബൂസ്‌നൈൻ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.